സീറോമലബാര്‍ സഭയുടെ ആരാധനക്രമാലാപനം

Saturday 22 April 2017

 മിശിഹായില്‍ പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,
 
കഴിഞ്ഞ ഏതാനും വര്‍ഷമായി സീറോമലബാര്‍ സഭയ്ക്ക് മറ്റു സഭകള്‍ക്കുള്ളതുപോലെ ഒരു ആരാധനക്രമാലാപനരീതി രൂപപ്പെടുത്തുവാനുള്ള ശ്രമം നടന്നു വരികയായിരുന്നു. സഭാ സിനഡിന്‍റെ താല്പര്യപ്രകാരം മല്പാന്‍ ബഹുമാനപ്പെട്ട മാത്യു വെള്ളാനിക്കലച്ചന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ആരാധനക്രമാലാപനം (ഘശൗൃഴേശരമഹ ഇവമിേ) ഇക്കഴിഞ്ഞ ജനുവരിയില്‍ സമ്മേളിച്ച സഭാസിനഡ് അംഗീകരിക്കുകയും രൂപതകളില്‍ അത് പരിശീലിച്ച് നടപ്പിലാക്കുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ ആലഞ്ചേരിപ്പിതാവ് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്. നമ്മുടെ രൂപതയില്‍ ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ ഈ ആലാപനരീതി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നുള്ളത് സന്തോഷകരമാണ്.
നമ്മുടെ അതിരൂപതയിലെ എല്ലാ ഇടവകകളിലും ഈ ആരാധനക്രമാലാപനരീതി ഉപയോഗിച്ചു കാണാന്‍ ഞാനാഗാഗ്രഹിക്കുന്നു. ഏകസ്വരത്തില്‍ കൂടുതല്‍ ഭക്തിയോടെയും ഏകാഗ്രതയോടെയും പ്രാര്‍ത്ഥിക്കാന്‍ ഈ ആലാപനരീതി  സഹായിക്കും. കൂടുതല്‍ ആഴമായ പ്രാര്‍ത്ഥനാനുഭവം അതു പ്രദാനം ചെയ്യും. സീറോമലബാര്‍ സഭാമക്കള്‍ ലോകത്തില്‍ എവിടെയായാലും ഒരേ ഈണത്തിലും ഏക സ്വരത്തിലും പ്രാര്‍ത്ഥിക്കാന്‍ ഇടയാകും. അതിനാല്‍ ഇടവകകളില്‍ ഗായകസംഘം ഈ ആലാപനാരീതി നന്നായി പഠിക്കുകയും ആരാധനാസമൂഹത്തെ പരിശീലിപ്പിക്കുകയും ചെയ്യണം. ബഹു. വികാരിയച്ചന്മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കണം. സണ്‍ഡേസ്കൂള്‍ കുട്ടികളെ ഈ രീതി പഠിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ ശ്രദ്ധിക്കണം. മഠങ്ങളില്‍ ബഹു. സിസ്റ്റേഴ്സ് ഈ ആലാപനരീതി ഉപയോഗിക്കാന്‍ താല്പര്യമെടുക്കണം. വൈദികാര്‍ത്ഥികള്‍ ഈ ആലാപനരീതി നന്നായി പരിശീലിക്കണം. അങ്ങനെ അതിരൂപതയിലാകമാനം ആരാധനാക്രമാലാപനരീതി കാലതാമസം വരുത്താതെ നടപ്പിലാക്കാന്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും പരിശ്രമവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ആരാധനാക്രമാലാപന രീതിയില്‍ തയ്യാറാക്കിയ പരിശുദ്ധ കുര്‍ബാനയുടെ സി.ഡി.യും സംഗീത സ്വര ചിഹ്നങ്ങളോടുകൂടിയ പുസ്തകവും നമ്മുടെ രൂപതാ കേന്ദ്രത്തിലും ബുക്സ്റ്റോളിലും ലഭ്യമാണ്.  എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. മിശിഹാ നിങ്ങളെ അനുഗ്രഹിക്കട്ടെ.
 
സ്നേഹപൂര്‍വ്വം,
 
ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത