വ്യക്തിബന്ധങ്ങളെ വിലമതിക്കുന്ന വിശുദ്ധനായ വൈദികന്‍

Saturday 22 April 2017

 റവ. ഡോ. ജോസഫ് പാറയ്ക്കല്‍

(പ്രിന്‍സിപ്പല്‍, സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍)

റോമിലെ ഉപരിപഠനകാലത്താണ് ബഹു.തോമസ് തറയില്‍ അച്ചന്‍റെ സ്നേഹവും കരുതലും കരുണയും ഞാന്‍ ആദ്യമായി അനുഭവിച്ചറിഞ്ഞത്. ബഹു. തോമസ് അച്ചന്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലും ഞാന്‍ സാന്‍റാക്രോച്ചേ യൂണിവേഴ്സിറ്റിയിലുമാണ് പഠിച്ചിരുന്നത്. ബഹു. അച്ചന്‍ എപ്പോഴും എനിക്ക് ഒരു ജ്യേഷ്ഠസഹോദരനും സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. എന്‍റെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മിക്കവാറും അച്ചന്‍ ഹോസ്റ്റലില്‍ വരും. ഇടയ്ക്ക് സ്നേഹാന്വേഷണങ്ങളുമായി ഫോണില്‍ സംസാരിക്കും. എപ്പോഴും ഏത് സഹായത്തിനും സന്നദ്ധതയുള്ള, പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു സ്നേഹസാമീപ്യമായിരുന്നു അവിടെ അദ്ദേഹം. 2007-ല്‍ എന്‍റെ പ്രിയപ്പെട്ട ചാച്ചന്‍ മരിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കിയ സാന്ത്വനവും പിന്‍ബലവും എനിക്ക് മറക്കാനാകില്ല. അദ്ദേഹത്തോട് അടുപ്പമുള്ള ആരും വിചാരിക്കും അദ്ദേഹത്തിന് തന്നോടാണ് ഏറ്റവും കൂടുതല്‍ സ്നേഹമെന്ന്.അത്രയ്ക്ക് വ്യക്തിബന്ധങ്ങളെ വിലപ്പെട്ടതായി കരുതുകയും ഹൃദ്യതരമായി സൂക്ഷിക്കുകയും ചെയ്യുന്ന വിശുദ്ധനായ ഒരു വൈദികനാണ് അദ്ദേഹം. ലാളിത്യമാര്‍ന്നതാണ് ആ ജീവിതശൈലി. കുലീനമാണ് ഓരോ വാക്കും പെരുമാറ്റവും. "തന്നോടുതന്നെയും മറ്റുള്ളവരോടും കരുണകാണിക്കണം" എന്ന് അദ്ദേഹം എപ്പോഴും പറയാറുള്ളതിന്‍റെ ശക്തമായ സാക്ഷ്യംതന്നെയാണ് അദ്ദേഹത്തിന്‍റെ ജീവിതം