ആദ്യ ശുശ്രൂഷാവേദിയുടെ പ്രാര്‍ത്ഥനാശംസകള്‍

Sunday 12 February 2017

 എം. എം. സെബാസ്റ്റ്യന്‍ മണ്ണഞ്ചേരി

(സണ്ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍, അതിരമ്പുഴ ഫൊറോനാ പള്ളി)

 

ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ തോമസ് തറയില്‍ പിതാവ് തന്‍റെ പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭംകുറിച്ചത് 2000-ാം ആണ്ട് ഫെബ്രുവരി മാസം അതിരമ്പുഴ ഫൊറോനാ പള്ളി ഇടവകയിലാണ്. ഒരു നവവൈദികന്‍റെ പ്രസരിപ്പും ചുറുചുറുക്കും ഹൃദ്യമായ പുഞ്ചിരിയും സ്നേഹമസൃണമായ വാക്കുകളുമായി അജപാലനശുശ്രൂഷയിലേയ്ക്ക് കടന്നുവന്ന ബഹു. തോമസ് തറയില്‍ അച്ചന്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് ഏവര്‍ക്കും സമീപസ്ഥനും സ്വീകാര്യനുമായി. ഇടവകസമൂഹം വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും സജീവമാകുന്നതിനും സഭയുടെ തനിമയ്ക്ക് അനുസൃതമായ ആരാധനക്രമ അത്മീയത രൂപപ്പെടുത്തുന്നതിനും ബഹുമാനപ്പെട്ട അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടികളുടെ വിശ്വാസ പരിശീലനത്തിലും മുതിര്‍ന്നവരുടെ മതബോധനത്തിലും അദ്ദേഹം ഏറെ ജാഗ്രതപുലര്‍ത്തി. മുതിര്‍ന്നവര്‍ക്കുവേണ്ടി പ്രത്യേകം ബൈബിള്‍ പഠനക്ലാസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 17 വര്‍ഷങ്ങളായി അതിരമ്പുഴ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് അച്ചനാണ്. ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ബഹുമാനപ്പെട്ട വികാരി അച്ചനോടും സഹവൈദികരോടും ചേര്‍ന്ന് താല്പര്യപൂര്‍വ്വം പങ്കെടുത്തിരുന്ന അച്ചന്‍റെ നേതൃപാടവവും ആരേയും സഹായിക്കാനുള്ള സډനസ്സും ഞങ്ങളുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു. "നിനക്ക് എന്‍റെ കൃപ മതി" (2 കോറി 12:09) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിക്കാന്‍ ആഗ്രഹിച്ചും എല്ലാ മനുഷ്യരേയും കരുണയോടെ കാണാനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിച്ചും പുതിയ നിയോഗം ഏറ്റെടുക്കുന്ന തറയില്‍ പിതാവിന് അദ്ദേഹത്തിന്‍റെ ആദ്യ വൈദിക ശുശ്രൂഷാവേദിയായ അതിരമ്പുഴ ഫൊറോനാ ഇടവകയുടെ സ്നേഹനിര്‍ഭരമായ പ്രാര്‍ത്ഥനാശംസകള്‍.