ഈ അച്ചന്‍ ഞങ്ങളുടെ പള്ളിയിലും ഇരുന്നിട്ടുണ്ട്

Sunday 12 February 2017

സ്രഷ്ടാവും സൃഷ്ടികളും വച്ചുനീട്ടിയ അവസരങ്ങളെ സര്‍ഗ്ഗാത്മകഭാവത്തോടെ സംവേദനം ചെയ്ത് സഭയ്ക്കും സമൂഹത്തിനും നിറപ്പകിട്ടാര്‍ന്ന സംഭാവനകളാക്കി മാറ്റുവാന്‍ കഴിഞ്ഞ സംതൃപ്തിയും  സ്വന്തമാക്കി കൊളങ്ങോട്ടില്‍ ബഹുമാനപ്പെട്ട ജോസഫച്ചന്‍ നിത്യതയിലേയ്ക്ക് യാത്രയായി. നടന്നുനീങ്ങിയ നിരത്തുകള്‍, കണ്ടുമുട്ടി കടന്നുപോയ കാഴ്ചകള്‍, കൊണ്ടും കൊടുത്തുമുള്ള ജീവിതം, പഠിച്ചും പഠിപ്പിച്ചും, ചിരിച്ചും ചിരിപ്പിച്ചും, കരഞ്ഞും കരയിച്ചും കടന്നുപോയ സംഭവബഹുലമായ ഒരു അജപാലനജീവിതത്തിനാണ് തിരശീല വീണത്.
1952 മുതല്‍ 1961 വരെ നീണ്ട വൈദിക പരിശീലനകാലഘട്ടമാണ് ഞങ്ങള്‍ തമ്മില്‍ അടുത്തറിയാന്‍ ഇടയാക്കിയത്.  രണ്ടുവര്‍ഷത്തെ പെറ്റി സെമിനാരി ജീവിതം പാറേല്‍ സെമിനാരിയില്‍ ബഹു. തോമസ് പോരൂക്കരയച്ചനും, സിറിയക് തുരുത്തുമാലിലച്ചനും, ഫിലിപ്പ് ആലുപറമ്പില്‍ അച്ചനുമൊക്കെയായിരുന്നു ഞങ്ങളുടെ അദ്ധ്യാപകരും വഴികാട്ടികളും. അഭിവന്ദ്യ പവ്വത്തില്‍ പിതാവ് അന്ന് സഹപാഠിയും. പാറേല്‍ മാതാവിന്‍റെ പാദാന്തികത്തിലായിരുന്നു പഠിക്കുവാനുള്ള ഭാഗ്യം. അങ്ങനെ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 1954 ല്‍ ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരിയിലേയ്ക്ക് ക്ലാസ്സുകയറ്റം.
9 വര്‍ഷത്തെ ഒരുക്കത്തിന്‍റെയും കാത്തിരിപ്പിന്‍റെയും ഒടുവില്‍ 1961 മാര്‍ച്ച് 12 ന് ചങ്ങനാശേരി അതിരൂപതക്കാരായ 18 ഡീക്കന്മാര്‍ നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുകാരായപ്പോള്‍ അതിലൊരാള്‍ കൊളങ്ങോട്ടിലച്ചനായിരുന്നു. അഭിവന്ദ്യ മാത്യു കാവുകാട്ടു മെത്രാപ്പോലീത്തായുടെ കൈവയ്പുശുശ്രൂഷയിലൂടെ ഇടയനടുത്ത ശുശ്രൂഷയ്ക്കായി വേര്‍തിരിക്കപ്പെട്ട, അതേ ദിവസം തന്നെ സെമിനാരി ചാപ്പലിലെ അള്‍ത്താരകളിലൊന്നില്‍ അദ്ദേഹം ആദ്യകുര്‍ബാന അര്‍പ്പിച്ചു.
കുളങ്ങോട്ടിലച്ചന്‍റെ പൗരോഹിത്യശുശ്രൂഷയുടെ ആദ്യവര്‍ഷങ്ങള്‍ ചെലവിട്ടത് ഹൈറേഞ്ചിലായിരുന്നു. കുടിയേറ്റക്കാരായ കര്‍ഷകര്‍ക്കൊപ്പം മലയും, കാടും, മേടും കയറിയിറങ്ങി സുവിശേഷം പ്രഘോഷിച്ചും ജീവിതംകൊണ്ട് വ്യാഖ്യാനിച്ചും നടത്തിയ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ പ്രേഷിതവേല ആയിരുന്നു. യാത്രാസൗകര്യങ്ങളില്ലാത്ത പ്രദേശം; മഞ്ഞും, വെയിലും, കാറ്റും മഴയും നാട്ടിലേതിനേക്കാള്‍ കഠിനം! താമസത്തിന് പുല്ലുമേഞ്ഞ കൂടില്‍, അങ്ങനെതന്നെ പള്ളിയും ആനയുടെയും ഹിംസ്ര മൃഗങ്ങളുടെയും ആക്രമണം ഏതുസമയത്തും പ്രതീക്ഷിക്കാവുന്ന ഉല്‍കണ്ഠാകുലമായ ദിനരാത്രങ്ങള്‍. എല്ലാത്തരത്തിലും ഭീതിദായകമായ അവസ്ഥ. കൂട്ടിനു ദൈവവും, കാവലിന് മാലാഖമാരും ! അതായിരുന്നു പ്രതികൂലസാഹചര്യങ്ങളുടെ മദ്ധ്യത്തില്‍ അച്ചന്‍റെ മനോഭാവം.
വൈദികന്‍റെ ജീവിത പാത പച്ചപ്പരവതാനി വിരിച്ച പാതയല്ല. കിടക്ക റോസാപ്പൂ വിതറിയതുമല്ല. കല്ലും മുള്ളും നിറഞ്ഞ വഴികളും പരുപരുത്ത കിടക്കയും വൈദികന് അന്യമല്ല; സ്വന്തമാണ്. ഹൈറേഞ്ചില്‍ ജോലി ചെയ്ത കൊളങ്ങോട്ടിലച്ചന്‍റെ അനുഭവങ്ങള്‍ മറ്റൊന്നായിരുന്നില്ല. അവയെല്ലാം മുന്നോട്ടുള്ള ജീവിതത്തില്‍ മുതല്‍കൂട്ടുകളായി അദ്ദേഹത്തിന് മാറുകയായിരുന്നു. അമ്പതിന്‍റെ നിറവിലും 70 കളുടെ മദ്ധ്യത്തിലും അച്ചന്‍റെ ആരോഗ്യത്തിന് കുറവൊന്നുമില്ലാത്തതിന്‍റെ രഹസ്യം വിശ്രമമില്ലാത്ത ജോലിയായിരുന്നു. മാത്രമല്ല, പ്രകൃതിയുടെ വരദാനങ്ങള്‍ സ്വീകരിച്ച് പ്രകൃതിക്കനുസരണമായ ജീവിതചര്യ സ്വന്തമാക്കിയ ആളുമാണ് കൊളങ്ങോട്ടിലച്ചന്‍, പ്രകൃതിവിഭവങ്ങളില്‍ കൃത്രിമത്വത്തിന്‍റെ മാജിക്ക് പ്രയോഗിച്ച് രുചിഭേദങ്ങള്‍ വരുത്തിയ ഭക്ഷണം ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് അച്ചന്‍റെ ഭക്ഷണക്രമം പഴഞ്ചനെന്ന് തോന്നിയേക്കാം.  എന്നാല്‍ വാര്‍ദ്ധക്യത്തിലും അച്ചന്‍റെ ആരോഗ്യത്തിന്‍റെ രണ്ടാമത്തെ രഹസ്യം പ്രകൃതിയെ സ്നേഹിച്ച് പ്രകൃത്യാനുസൃതമുള്ള ജീവിതചര്യ തന്നെ ആയിരുന്നു.
സഭയുടെ വളര്‍ച്ചയുടെ വഴിയില്‍ കൊളങ്ങോട്ടിലച്ചന്‍റെ മാര്‍ഗ്ഗദര്‍ശനവും മാതൃകയും ദൈവജനം നന്ദിയോടെ സ്മരിക്കും. ഹൈറേഞ്ചിന്‍റെ മലകളിലും താഴ്വരകളിലും പള്ളികളും പളളിക്കൂടങ്ങളും പണിയുവാനും വല്ലപ്പോഴും മാത്രം വൈദികസാന്നിദ്ധ്യം ലഭിച്ചിരുന്ന മലയോരമക്കള്‍ക്ക് ആ സാന്നിദ്ധ്യം നിത്യാനുഭവമാക്കാനും അച്ചനു സാധിച്ചതിന്‍റെ പിന്നിലെ ത്യാഗം വളരെ വലുതാണ്. ചെയ്തു തീര്‍ക്കാനായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി ഭൂമിയില്‍ നിന്നെ ഞാന്‍ മഹത്വപ്പെടുത്തിയെന്ന ഈശോയുടെ വാക്കുകള്‍ കൊളങ്ങോട്ടിലച്ചനും ഏറ്റു പറയാം. സഭയില്‍നിന്ന് എനിക്ക് എന്തു ലഭിച്ചുവെന്നല്ല, സഭയ്ക്ക് ഞാന്‍ എന്തു കൊടുത്തു എന്നതാണ് പ്രസക്തമായ ചോദ്യം. എന്‍റെ ജീവനും ജീവിതവും കര്‍ത്താവിന് കൊടുത്തെന്ന് അച്ചന് ആശ്വസിക്കാം. സഭാ സേവനം ഈ സ്വയം സമര്‍പ്പണമാണല്ലോ.
പൗരോഹിത്യ ശുശ്രൂഷയില്‍ അസ്തേന്തിയായി ആര്‍പ്പൂക്കര, ചിറക്കടവ്, അതിരമ്പുഴ എന്നിവിടങ്ങളിലും വികാരിയായി ആണിയാര്‍തുളു, വണ്ടന്‍മേട്, മുക്കുളം, ആര്യങ്കാവ് (1970) നിര്‍മലഗിരി (1971), മുഹമ്മ (1973), കണ്ണമ്പള്ളി (1975), കരിമ്പുക്കുളം (1977), കൂരോപ്പട, മല്ലപ്പള്ളി (1982), ആറാട്ടുവഴി (1993), കോട്ടാങ്ങല്‍ (1995), ആര്‍പ്പൂക്കര (2002), മാന്നില (2007) എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അമ്പൂരി എസ്റ്റേറ്റിലും (1988) ചേലക്കര എസ്റ്റേറ്റിലും (1992) അദ്ദേഹം തന്‍റെ ജീവിതം വ്യയം ചെയ്തിട്ടുണ്ട്.
ദൈവജനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചും, ചോരയും നീരും അവര്‍ക്കുവേണ്ടി ഊറ്റിക്കൊടുത്തും അവരോടൊപ്പം ചേര്‍ന്ന് കുരിശുവരച്ച ദൈവസന്നിധിയിലേയ്ക്ക് യാത്രയാകുമ്പോള്‍ അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ള ദൈവജനം അഭിമാനത്തോടെ പറയും - 'ഈ അച്ചന്‍ ഞങ്ങളുടെ പള്ളിയിലും ഇരുന്നിട്ടുണ്ട്.'
റവ. ഫാ. മാത്യു മറ്റം