ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിപിതാവിന്റെ 93-ാം ചരമവാര്‍ഷികം

Wednesday 18 April 2018

ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിപിതാവിന്റെ 93-ാം ചരമവാര്‍ഷികം
    2018 ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിക്കുള്ള പ്രാരംഭരേഖയുടെ അവതരണ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങള്‍ക്കായി എഴുതി ''നിങ്ങള്‍ എന്റെ ഹൃദയത്തിലുള്ളതിനാലാണ് നിങ്ങള്‍ ശ്രദ്ധാകേന്ദ്രമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്''. സഭയോടൊത്തു ചിന്തിക്കുകയും സഭാ
പഠനങ്ങള്‍ക്കനുസൃതം ജീവിക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് അനീതി സഹിക്കാനോ, വലിച്ചെറിയല്‍ സംസ്‌ക്കാരത്തിനു മുന്‍പില്‍ കുമ്പിടാനോ നിസംഗതയുടെ ആഗോളവത്ക്കരണത്തിനു കീഴ്‌പ്പെടുവാനോ സാധിക്കുകയില്ല. ''നിങ്ങളുടെ പരിശ്രമങ്ങളുടെയും പരിവര്‍ത്തനം ചെയ്യിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെയും      ഔദാര്യത്തിന്റെയും ഫലമായിട്ടും
കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം നിങ്ങള്‍ക്കു പടുത്തുയര്‍ത്തുവാന്‍ കഴിയും'' എന്ന് പറഞ്ഞ് പരിശുദ്ധ പിതാവ് അവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
    യുവജനങ്ങള്‍ എന്നും സഭാഗാത്രത്തിന്റെ ഹൃദയത്തിലാണെന്ന ചിന്ത എന്നും സഭാപിതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടുമുന്‍പ് ജീവിച്ച ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവും തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ പദ്ധതി കണ്ടെത്താന്‍ യുവജനങ്ങളുടെ സഹയാത്രികനായിരുന്നുവെന്നു കാണാം. വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ നവീകരിക്കപ്പെട്ട ബോധ്യത്തോടും മനോവിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ഏറ്റുപറയുവാനുള്ള ആഗ്രഹം യുവഹൃദയങ്ങളില്‍ ഉണര്‍ത്തുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് സഭയുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം അത്യുച്ചിയും അവളുടെ ശക്തി മുഴുവനും നിര്‍ഗളിക്കുന്ന
ഉറവിടവുമായ വി. കുര്‍ബാനയില്‍ വിശ്വാസത്തിന്റെ ആഘോഷം
ആഴപ്പെടുത്തുന്നതിനുള്ള പരിശ്രമമായിരുന്നു പിതാവിന്റേത്.
    പ്രാര്‍ത്ഥിക്കുക, അനുസരിക്കുക, പള്ളിക്കു സംഭാവന ചെയ്യുക എന്നതില്‍ മാത്രം അത്മായ ചുമതലകള്‍ ഒതുങ്ങി നില്‍ക്കുകയും
സഭയുടെ ദൗത്യം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഹയരാര്‍ക്കിയുടെ
ചുമതലയായി കരുതപ്പെടുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ്
കുര്യാളശ്ശേരിപിതാവ് അല്മായര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് സഭാസമൂഹത്തിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തിയതും അവര്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുവാന്‍ ശ്രമിച്ചതും.
ദൈവരാജ്യ സ്ഥാപനത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്ക് ഒരിക്കലും
വിസ്മരിക്കാന്‍ പാടില്ല. യുവജനപങ്കാളിത്വത്തെ പിതാവ് പ്രോത്സാഹിപ്പിച്ചത് പ്രാധാനമായും അല്മായ സംഘടനകളിലൂടെയാണ്. പ്രേഷിതതീക്ഷ്ണതയുള്ള യുവജനങ്ങളുടെ സേവനം മതബോധന രംഗത്ത്
ലഭ്യമാക്കുന്നതിനായി പിതാവ് രൂപം കൊടുത്ത അല്മായ പ്രേഷിത സഖ്യമാണ് 1922-ല്‍ സ്ഥാപിതമായ ''മാര്‍ തോമാ ദാസസംഘം''. പിതാവിന്റെ സ്വന്തം കൈപ്പടയില്‍തന്നെയാണ് അതിന്റെ നിയമാവലി രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മവിശുദ്ധീകരണത്തോടൊപ്പം സുവിശേഷപ്രചരണം, മതബോധനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ സംഘാംഗങ്ങള്‍ നിര്‍വഹിച്ചുപോന്നു. മതപഠനത്തിനു സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ ഷെഡുകള്‍ കെട്ടുന്നതിനും,
മതബോധനക്ലാസുകള്‍ നടത്തുന്നതിനും വേണ്ടി ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ഈ യുവമതബോധകരുടെ ആത്മസമര്‍പ്പണത്തിന്റെ ആഴം എന്നും ശ്ലാഘനീയമാണ്.
    അല്മായ പങ്കാളിത്വത്തെ പ്രോത്സാഹിപ്പിച്ച മറ്റു സംഘടനകളാണ് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ, കത്തോലിക്കാ വിദ്യാര്‍ത്ഥി പ്രസ്ഥാനം (ഇന്നത്തെ കെ.സി.എസ്.എല്‍), കത്തോലിക്കാ കോണ്‍ഗ്രസ്, കത്തോലിക്കാ തത്വസമാജം, വിജ്ഞാനോദയ സഭ, തുടങ്ങിയവ. സഭയുടെയും സമുദായത്തിന്റെയും ശ്രേഷ്ഠമായ ഭാവിക്കുവേണ്ടി കത്തോലിക്ക ആദര്‍ശങ്ങള്‍ക്ക് അനുസൃതമായ പരിശീലനം നല്‍കുക എന്നതാണ് ഈ സംഘടനകള്‍കൊണ്ട് ലക്ഷ്യം വച്ചത്.
    സമുദായപുരോഗതിക്ക് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു മാര്‍ഗമായി 1918-ല്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമന്‍സ് സ്‌കൂളില്‍ മാര്‍ കുര്യാളശ്ശേരി പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരംഭം കുറിച്ച കത്തോലിക്കാ കോണ്‍ഗ്രസ് ഈ വര്‍ഷം ശതാബ്ദി ആഘോഷിക്കുകയാണ്. ഈ അല്മായ സംഘടനയ്ക്ക് പ്രോത്സാഹനം നല്‍കി വളര്‍ത്തിയ പിതാവിനെ ഈ അവസരത്തില്‍ ഏറെ നന്ദിയോടെ സ്മരിക്കാം.
    തന്റെ അജഗണങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഐക്യത്തിനും ആവശ്യമായ പ്രബോധനങ്ങള്‍ നല്‍കുകയും സാമൂഹ്യതിന്മകള്‍ക്കെതിരായി ജാഗ്രത പുലര്‍ത്തുവാന്‍ ആഹ്വാനം ചെയ്യുകയും തെറ്റായ ഏതു പ്രവൃത്തിയേയും അപലപിക്കുവാനുള്ള ധീരതയും വിവേകവും ജാഗ്രതയും വ്യക്തിപരവും സാമൂഹികപരവുമായ ജീവിതത്തില്‍ പ്രകടിപ്പിക്കുകയും ചെയ്ത കര്‍മ്മയോഗിയാണ് മാര്‍ കുര്യാളശ്ശേരി പിതാവ്.
    ദൈവരാജ്യത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പിതാവിന്റെ ഉള്‍ക്കാഴ്ചകളും മാതൃകകളും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പുതുതലമുറയ്ക്ക് കൈമാറുവാന്‍ പിതാവിന്റെ ചരമവാര്‍ഷികാചരണം സഹായകമാകട്ടെ.
അഭിവന്ദ്യപിതാവിന്റെ അജപാലനശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ അതിരൂപതയ്ക്കും ലഭിച്ചിട്ടുള്ള സത്ഫലങ്ങളും അനുഗ്രഹങ്ങളും നമുക്ക് നന്ദിപൂര്‍വ്വം സ്മരിച്ച് ദൈവത്തെ സ്തുതിക്കാം.
    പിതാവിന്റെ 93-ാം ചരമവാര്‍ഷികത്തിന് ഒരുക്കമായിട്ടുള്ള
തിരുക്കര്‍മ്മങ്ങള്‍ മെയ് 26-ാം തീയതി ശനിയാഴ്ച 3 മണിക്ക് പാറേല്‍
പള്ളിയില്‍നിന്നു പിതാവിന്റെ പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്ന ചങ്ങനാശ്ശേരി മര്‍ത്ത്മറിയം കബറിട പള്ളിയിലേക്ക് നടത്തുന്ന
പദയാത്രയോടെ ആരംഭിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 3.30 മുതല്‍ 4.30 വരെ പരി. കുര്‍ബാനയുടെ പരസ്യാരാധനയിലും 4.30 നുള്ള വി. കുര്‍ബാന, വചനപ്രഘോഷണം, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവയിലും ജൂണ്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള തിരുക്കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് പിതാവിന്റെ പ്രാര്‍ത്ഥനാ സഹായം തേടാം. കഴിവതുംവേഗം സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് പിതാവ് ഉയര്‍ത്തപ്പെടുന്നതിനായി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.

സ്‌നേഹപൂര്‍വ്വം 
ആര്‍ച്ചുബിഷപ്പ്  ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത