കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 

Tuesday 09 October 2018

ചങ്ങനാശേരി: കുട്ടനാടിന്റെ പരിസ്ഥിതിക്കു യോജിച്ച സുസ്ഥിര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സംഘടിപ്പിച്ച കുട്ടനാട് വികസന ശില്പശാലയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി മാത്യു ടി.തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളുടെ മേലുള്ള കൈയേറ്റം ഒഴിപ്പിക്കാന്‍ ജാഗ്രതയോടെയുള്ള ജനശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കാരണങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുണ്ടാകണമെന്നും കുട്ടനാടന്‍ ജനതയ്ക്കു നിലനില്ക്കത്തക്ക വിധമുള്ള പദ്ധതികള്‍ വിഭാവനം ചെയ്യപ്പെടണമെന്നും ജോസ് കെ. മാണി എംപി ചൂണ്ടിക്കാട്ടി.

പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയം ഡോ. കെ. ജി. പദ്മകുമാര്‍ അവതരിപ്പിച്ചു. നെല്‍കൃഷിയുമായി ബന്ധപ്പെട്ടുള്ള വികസനമാണു കുട്ടനാടിനുള്ളത്. നെല്‍കൃഷി കുട്ടനാട്ടില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നെല്‍കൃഷിയോടൊപ്പം ഇതരകൃഷികള്‍കൂടി ചെയ്യത്തക്കവിധമുള്ള സമഗ്രകൃഷിരീതി കുട്ടനാട്ടില്‍ വിഭാവനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറന്പില്‍, ദീപിക ന്യൂസ് എഡിറ്റര്‍ ജിമ്മി ഫിലിപ്പ്, റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. റവ.ഡോ.ജോസ് നിലവന്തറ മോഡറേറ്ററായിരുന്നു. എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍, ഡോ. സിസ്റ്റര്‍ മേഴ്‌സി നെടുന്പുറം, സിഎംസി ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യല്‍ ഡോ.സിസ്റ്റര്‍ സുമാ റോസ് എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിക്ക് അതിരൂപത വികാരിജനറാള്‍ മോണ്.ഫിലിപ്പ്‌സ് വടക്കേക്കളം, ജോജി ചിറയില്‍, റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ആന്റണി തലച്ചല്ലൂര്‍, ഫാ. സോണി മുണ്ടുനടയ്ക്കല്‍, കെ.എസ്. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.