കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍

Saturday 20 October 2018

 

കുട്ടനാടിന്റെ സമഗ്രവികസനം സാധിക്കുന്ന തരത്തിലുള്ള സമഗ്രപദ്ധതി നവകേരള പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നു പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍. മഹാപ്രളയദുരന്തത്തില്‍നിന്നു കരകയറുന്ന കുട്ടനാടന്‍ ജനതയ്‌ക്കൊപ്പം കൃതജ്ഞത അര്‍പ്പിക്കാനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനുമായി ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 

ലോകമെമ്പാടുമുള്ള മലയാളികള്‍ നവകേരള പദ്ധതിക്കായി പണംനല്‍കാന്‍ സന്നദ്ധമാണ്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ദീര്‍ഘകാലത്തേക്കുള്ള സുസ്ഥിര വികസന പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

150 കോടിരൂപ മുടക്കി ചങ്ങനാശേരി-ആലപ്പുഴ റോഡ് ആധുനികമായി പുനര്‍നിര്‍മിച്ചു മാതൃകാ റോഡായി ഉയര്‍ത്തും. ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. കുട്ടനാട്ടിലെ പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കും. 2019ല്‍ ചങ്ങനാശേരിയിലെ മുഴുവന്‍ റോഡുകളും പുനര്‍നിര്‍മിക്കും. വെള്ളമൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിലുള്ള കുട്ടനാട്ടിലെ മുഴുവന്‍ പാലങ്ങളും പുനര്‍നിര്‍മിക്കും. ജലഗതാഗതത്തിനു തടസമായി നില്ക്കുന്ന കിടങ്ങറ കെസി പാലം പൊളിച്ചു പണിയാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

മഹാപ്രളയത്തില്‍ ദുരിതം നേരിട്ടു ചങ്ങനാശേരിയിലെത്തിയ അരലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരെ കാരുണ്യവും കരുതലും സ്‌നേഹവും നല്‍കി പുനരധിവസിപ്പിക്കാന്‍ ചങ്ങനാശേരി അതിരൂപത നല്‍കിയ സേവനം നേരിട്ട് കാണാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും വൈദികരും സന്യാസിനികളും വിശ്വാസികളും നല്‍കിയ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ പേരില്‍ നന്ദിയര്‍പ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിരൂപതയിലെ ബിഷപ്പുമാര്‍ കാരുണ്യവാന്മാരും സമൂഹത്തോടു പരിഗണനയുള്ളവരും ഉത്തമവിശ്വാസികളും മാനവികതയ്ക്കും സാമൂഹ്യചിന്തയ്ക്കും പ്രാധാന്യം നല്‍കുന്നവരുമാണെന്നും മന്ത്രി പറഞ്ഞു. 

 

സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. കുട്ടനാടിന്റെ പുനര്‍നിര്‍മിതിക്ക് ശാസ്ത്രീയവും ആസൂത്രിതവുമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്ന് ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. കുട്ടനാടന്‍ ജനതയെ സഹായിച്ച എല്ലാവര്‍ക്കും ആര്‍ച്ച്ബിഷപ് നന്ദിഅറിയിച്ചു. എസ്ബി, അസംപ്ഷന്‍ കോളജുകളിലെ എംഎസ്ഡബ്യു വിദ്യാര്‍ഥികളും നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് കുട്ടനാട്ടില്‍ നടത്തിയ പഠനസര്‍വേ റിപ്പോര്‍ട്ട് മാര്‍ പെരുന്തോട്ടം മന്ത്രി സുധാകരനു കൈമാറി.

 

സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ശര്‍മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശ പ്രഖ്യാപനം ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള മുപ്പതുലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായ നിധി വിശദീകരണം അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യിലും നിര്‍വഹിച്ചു. 

 

 

സി.എഫ് തോമസ് എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ, ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്‌സ്മണ്ണംപ്ലാക്കല്‍, ചാസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, പാസ്റ്ററല്‍ കൗണ്‌സില്‍ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, പിആര്‍ഒ ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ക്ലീറ്റസ് വിന്‍സന്റ്, ഫാ.ഡയസണ് യേശുദാസ്(തിരുവനന്തപുരം), ഫാ.വിന്‍സന്റ് മച്ചാടോ, ഫാ.അല്‍ഫോന്‍സ്(കൊല്ലം), ഫാ.സേവ്യര്‍ കുടിയാംശേരി(ആലപ്പുഴ) എന്നിവര്‍ മത്സ്യ തൊഴിലാളികള്‍ക്കായുള്ള സഹായനിധി ഏറ്റുവാങ്ങി. മഹാപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തുനു നേതൃത്വം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിച്ചു.

 

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 

 

അതിരൂപത വികാരിജനറാള്‍മാരായ മോണ്.ജോസഫ് മുണ്ടകത്തില്‍, മോണ്.മാണി പുതിയിടം, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, പാലാ രൂപത വികാരി ജനറാള്‍ മോണ്. സെബാസ്റ്റ്യന്‍ വേത്താനത്ത്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്.ജസ്റ്റിന്‍ പഴേപറന്പില്‍, ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍, ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ, പുളിങ്കുന്നു ഫൊറോനാ വികാരി ഫാ. മാത്യു ചൂരവടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.