ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

Tuesday 11 June 2019

മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുനേരെയുളള കടന്നുകയറ്റത്തില്‍ ഇന്റര്‍ചര്‍ച്ച് കൗസില്‍ ഫോര്‍ എഡ്യുക്കേഷന്റെ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ്‌സ് ഹൗസില്‍ ചേര്‍ സമ്മേളനത്തില്‍ കൗസില്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. എല്ലാ ക്രൈസ്തവ സഭകളുടെയും മേലദ്ധ്യക്ഷന്മാരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. 


വേണ്ടത്ര കൂടിയാലോചനയും വിചിന്തനവുംകൂടാതെ നടപ്പിലാക്കുന്ന ഖാദര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നതും കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ മികവിനെ പ്രതികൂലമായി ബാധിക്കുന്നതുമായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം.

വിദ്യാഭ്യാസസ്ഥാപനത്തിലെ  പ്രവേശനത്തിന് മതന്യൂനപക്ഷങ്ങളെ നിര്‍ണ്ണയിക്കുന്നതിലുളള കോടതി വിധിയെ നിയമപരമായി നേരിടും. 2016-17 മുതല്‍ സ്‌കൂളുകളില്‍ നിയമാനുസൃതം നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ അനുകൂലനിലപാടുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സമാനനിലപാടുകളുളള സമുദായങ്ങളും സംഘടനകളുമായി ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. 

മാര്‍ത്തോമ്മാ സഭയുടെ മേലദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാമെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സി. ജോണ്‍ കോര്‍എപ്പിസ്‌ക്കോപ്പാ , സി.എസ്.ഐ. സഭാ പ്രതിനിധി റവ. ജോണ്‍ ഐസക്, കല്‍ദായസഭാപ്രതിനിധി ശ്രീ. ജോണ്‍ പോള്‍, ഫാ. ജോണ്‍ പട്ടാനിയില്‍, ശ്രീ. പി. ജെ. ഇഗ്നേഷ്യസ്, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍,  കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കരവലിക്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 

സമ്മേളനത്തിനുശേഷം കൗസില്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി  ശ്രീ. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യോജിച്ച് നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു.