രാജനഗരത്തിൽ സീറോ മലബാർ സഭയ്ക്ക് പുതിയ ദൈവാലയം.

Tuesday 15 February 2022

ജയ്പൂർ: പുരാതന സംസ്കാരങ്ങളാലും മറ്റ് അനേകം പാരമ്പര്യ സവിശേഷതകളാലും പ്രസിദ്ധിയാർജിച്ച രാജസ്ഥാന്റെ പാതിമരുഭൂമിയായ ജയ്പൂരിൽ ഭാരതത്തിലെ അതിപുരാതനമായ മാർത്തോമ്മാ നസ്രാണി സഭ അത്യുന്നതനായ ദൈവത്തിന് രാജകീയ സിംഹാസനമൊരുക്കുകയാണ്. ധാരാളം കോട്ടകളാലും രാജധാനികളാലും സമ്പന്നമായ ജയ്പൂരിൽ അവക്ക് നടുവിൽ ഏക സത്യ ദൈവമായ ഈശോ മിശിഹായ്ക്ക് ഒരു ബലിപീഠം കൂദാശ ചെയ്യപ്പെടുകയാണ്. ഷംഷാബാദ് രൂപതക്കും അതുവഴി സിറോ മലബാർ സഭക്കും ഇത് ഒരു അഭിമാന മുഹൂർത്തമാണ്. ഇന്ത്യാ  മഹാരാജ്യത്തിലെ ആദ്യ ആസുത്രിത നഗരം എന്ന് വിശേഷണമുള്ള ജയ്പൂർ നഗരത്തിൽ, ആദ്യമായി കൂദാശ ചെയ്യപ്പെടുന്ന സീറോ മലബാർ ദൈവാലയം തിരുക്കുടുംബത്തിന്റെ സ്വർഗ്ഗീയ മാദ്ധ്യസ്ഥത്തിനാണ് സമർപ്പിക്കുന്നത്.
2022 ഫെബ്രുവരി 19, 20 തീയതികളിലായി നടക്കുന്ന കൂദാശ, വെഞ്ചരിപ്പ് കർമ്മങ്ങൾക്ക് നേതൃത്വം നല്കുന്നത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുംന്തോട്ടം പിതാവും, ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ പിതാവുമാണ്.
       ഈ ചരിത്ര നിമിഷം സമാഗതമാകുമ്പോൾ പിങ്ക് സിറ്റിയിലെ അനേകം പ്രവാസികളായ വിശ്വാസികളുടെ വർഷങ്ങളായുള്ള പ്രാർത്ഥനയും ത്യാഗവുമാണ് സഫലമാകുന്നത്.  ഫെബ്രുവരി 19, 20 തിയതികളിൽ ജയ്പൂരിൽ നടക്കുന്ന ശുശ്രൂഷകളിലേക്ക് ഏവരുടെയും പ്രാർത്ഥനയും അഭ്യർത്ഥിച്ചിരിക്കുകയാണ് ഇടവക വികാരി. റവ. ഫാ. പോൾ പീടിയേക്കൽ.

useful links