കുറമ്പനാടം: ചങ്ങനാശേരി അതിരൂപതയിലെ 45 വയസിൽ താഴെയുള്ള യുവദമ്പതികൾക്കായി രൂപീകരിച്ച 'നസ്രാണി ഫാമിലി ഫ്രട്ടേർണിറ്റി' ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ദാമ്പത്യ ജീവിതത്തിലൂടെ ഈശോ മിശിഹായ്ക്ക് സാക്ഷ്യം നൽകുന്നതും കൗദാശിക ജീവിതം നയിക്കുന്നതുമായ സമർപ്പിത കുടുംബങ്ങളുടെ കൂട്ടായ്മയാണ് നസ്രാണി ഫാമിലി ഫ്രട്ടേർണിറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ പിതാവ് വ്യക്തമാക്കി. ഇടവകയോട് ചേർന്ന് നിന്ന് പ്രേഷിതദൗത്യം നിർവഹിക്കാൻ യുവ ദമ്പതികൾ സന്നദ്ധമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാതാപിതാക്കളും കുട്ടികളുമടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസഫ് പാറയ്ക്കൽ, ഫാ. ജേക്കബ് കളത്തിവീട്ടിൽ, ഡോ. റെജു കല്ലേലി, ഡോ. സോണിയ റെജു എന്നിവർ വചനപ്രഘോഷണം നടത്തി.