വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍

Sunday 12 February 2017

മത സൗഹാര്‍ദ്ദവും,  സാമുദായിക മൈത്രിയും കേരള സമൂഹത്തിന്‍റെ മുഖമുദ്രയാണെന്നും ദൈവ വിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുമ്പോള്‍ എല്ലാ സമുദായങ്ങളും ഒന്നിച്ച്നില്‍ക്കണമെന്നും, സമീപകാല സംഭവ വികാസങ്ങള്‍ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാതിരിക്കുവാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.  
                      
ശബരിമലയെ സംബന്ധിച്ച  സമീപകാല സുപ്രിംകോടതി വിധിയെ തുടര്‍ന്നുള്ള കേരളത്തിലെ സ്ഥിതിഗതികള്‍  വിലയിരുത്തുന്നതിനും ഹൈന്ദവ സമൂഹത്തോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനുമായി മാര്‍ തോമസ് തറയിലിന്‍റെ നേത്യത്വത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ പ്രതിനിധികള്‍ എന്‍. എസ്.എസ് ആസ്ഥാനത്തെത്തി  ജനറല്‍ സെക്രട്ടറി സുകുമാരന്‍  നായരുമായി കൂടികാഴ്ച നടത്തി.
               
പൊതു സമൂഹത്തിന്‍റെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങള്‍ ചെയ്ത സേവനങ്ങളും നേത്യത്വവും നിസ്തുലമാണെന്നും, ഈ വിഭാഗങ്ങളെ മാറ്റി നിര്‍ത്തി കേരള ചരിത്രത്തെയും നവോത്ഥാനത്തെയും വിലയിരുത്തുന്നത് വളരെ വികലമായിരിക്കുമെന്നും  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.  
             
എന്‍. എസ്.എസ് ആസ്ഥാനത്തു നടന്ന കൂടികാഴ്ച്ചയില്‍ ശ്രീ. സുകുമാരന്‍ നായര്‍, മാര്‍ തോമസ് തറയില്‍ എന്നിവരെ കൂടാതെ എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ഹരികുമാര്‍ കോയിക്കല്‍, അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, പി. ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി  ഡോ. ആന്‍റണി മാത്യൂസ്, ഹയര്‍ എഡ്യൂക്കേഷന്‍  ഡയറക്ടര്‍ ഡോ. പി. സി. അനിയന്‍ കുഞ്ഞ്  എന്നിവര്‍ പങ്കെടുത്തു.  


useful links