പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍

Saturday 01 June 2019

പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, അതിരൂപത അംഗങ്ങളേ, 

ഉന്നതത്തില്‍ നിന്നുള്ള ശക്തി സ്വീകരിച്ചു വേണം പ്രവര്‍ത്തിക്കാന്‍ എന്ന് ഈശോ ശ്ലീഹന്മാരോട് കല്പിച്ചു. അതിനായി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ ആവശ്യപ്പെട്ടു. ആ ശക്തിയാണ് റൂഹാദ്ക്കുദ്ശാ. സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ഈശോ നല്‍കിയ ആഹ്വാനമനുസരിച്ച് ശ്ലീഹന്മാര്‍ ഏകമനസ്സോടെ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. പത്താം ദിവസം ഈശോ വാഗ്ദാനം ചെയ്ത റൂഹാദ്ക്കുദ്ശാ ശ്ലീഹന്മാരുടെമേല്‍  ഇറങ്ങി വസിക്കുകയും അവര്‍ ശക്തിയോടെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. 

തിന്മയ്‌ക്കെതിരെ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയില്‍ മുന്നേറാനും ഉന്നതത്തില്‍ നിന്നുള്ള ശക്തി നമ്മില്‍ നിറയണം. ജൂണ്‍ 9-ാം തീയതിയിലെ പെന്തക്കോസ്താ തിരുനാളിന് ഒരുക്കമായി, സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആയ മെയ് 30 വ്യാഴാഴ്ച മുതല്‍ ശ്ലീഹന്മരെപ്പോലെ നമുക്കും പ്രാര്‍ത്ഥിച്ച് ഒരുങ്ങാം. വിവിധ തലങ്ങളില്‍ സഭയ്ക്ക് ഏല്‍ക്കേണ്ടിവരുന്ന ആഘാതങ്ങളെയും വെല്ലുവിളികളെയും ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് നേരിടാനും അതിജീവിക്കാനും റൂഹാദ്ക്കുദ്ശാ നമ്മില്‍ നിറഞ്ഞു നമ്മെ ശക്തിപ്പെടുത്താന്‍ നമുക്ക് തീവ്രമായി പ്രാര്‍ത്ഥിക്കാം. കുടുംബങ്ങളിലും ഇടവകകളിലും സമര്‍പ്പിതരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പെന്തക്കുസ്താ യ്ക്ക് ഒരുക്കമായി പത്ത് ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണം നടത്താന്‍ അതിരൂപതാ കുടുംബം മുഴുവനോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദിവസം ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ എല്ലാവരും ശ്രമിക്കണം. സഭയ്ക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുള്ള അവസരമാണിത്. സ്‌നേഹത്തിന്റയും ഐക്യത്തിന്റെയും അരൂപി സഭയില്‍ എങ്ങും നിറയട്ടെ. സഭാമക്കള്‍ തന്നെ സഭയെ വേദനിപ്പിക്കത്തക്കവിധം തിന്മയുടെ ശക്തി പലരെയും കീഴ്‌പ്പെടുത്തിയിരിക്കുന്നു. സാത്താന്റെ മേല്‍ വിജയം നേടിയ ഈശോയുടെ പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ, കെണിയില്‍ വീഴാതെ നമ്മെ സംരക്ഷിക്കട്ടെ. 

ഈ വിവരം എല്ലാവരെയും അറിയിച്ചു സഹകരിപ്പിക്കാന്‍ ബഹുമാനപ്പെട്ട അച്ചന്മാരും മറ്റ് ബന്ധപ്പെട്ടവര്‍ എല്ലാവരും ഉത്സാഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

 

 

 

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത

 


useful links