ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം

Tuesday 31 March 2020

20 Ch.235/312

 

കോവിഡ്-19 ഭീതിയില്‍ ലോക രാഷ്ട്രങ്ങള്‍: ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം

 

പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരങ്ങളേ,

 

ലോകം മുഴുവന്‍ ഇന്നു വലിയ ഭീതിയിലാണ്. കൊറോണ വൈറസ്, കോവിഡ്-19 എന്നൊക്കെ  വിളിക്കപ്പടുന്ന ഒരു പകര്‍ച്ചവ്യാധി ലോകത്തിലെ മിക്ക രാജ്യങ്ങളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ചൈനയില്‍ കണ്ടെത്തിയ ഈ രോഗം ഏതാനും ആഴ്ചകള്‍കൊണ്ടാണ് 150ല്‍പരം രാജ്യങ്ങളിലേക്കു പടര്‍ന്നത്. രോഗം ബാധിച്ച ആളുകളുമായുള്ള അടുത്ത സമ്പര്‍ക്കമാണു രോഗം പടരാന്‍ കാരണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് രോഗം ബാധിച്ച് ആഴ്ചകള്‍ക്ക്ശേഷമായതുകൊണ്ട് മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. ഒരാള്‍ തനിക്കു രോഗമുണ്ടെന്നുള്ള കാര്യം അറിയാതെ മറ്റുള്ളവരുമായി അടുത്തിടപെടുമ്പോള്‍ അവരിലേക്കു രോഗം പടരുകയും, കൂടുതല്‍ കൂടുതല്‍ ആളുകളിലേക്കു വളരെ വേഗം വ്യാപിക്കുകയും ചെയ്യുന്നു. രോഗത്തിന്‍റെ യഥാര്‍ത്ഥ കാരണവും രോഗത്തിനുള്ള ഫലപ്രദമായ മരുന്നും ഇതുവരെയും കണ്ടുപിടിക്കപ്പെടാത്തതുകൊണ്ട് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്നതാണു പ്രധാനപ്പെട്ട കാര്യം. അതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഭരണനേതൃത്വത്തില്‍നിന്ന് ആവര്‍ത്തിച്ച് നല്‍കിയിരിക്കുന്നത്. ഇപ്രകാരം നല്‍കപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

 

ഈ പകര്‍ച്ചവ്യാധിയെ ഗൗരവമായി കണക്കിലെടുക്കാതെ രോഗബാധിതരും അല്ലാത്തവരും സ്വതന്ത്രമായി ഇടപെടുന്നതുകൊണ്ടാണ് ഇറ്റലിപോലുളള രാജ്യങ്ങളില്‍ അതു വളരെ വേഗം വ്യാപിക്കുകയും വളരെപ്പേര്‍ മരണമടയുകയും ചെയ്തത്. ഇപ്പോഴും രോഗം കൂടുതല്‍ ആളുകളിലേക്കു വ്യാപിക്കുകയും നൂറുകണക്കിനാളുകള്‍ അനുദിനം മരിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ആരംഭംമുതലേ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം പരിമിതപ്പെടുത്താന്‍ കഴിഞ്ഞത്. എന്നാല്‍, ഇനിയുളള ദിവസങ്ങളില്‍ വേണ്ടതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി ക്രമാതീതമായി വ്യാപിച്ച് വലിയ ആള്‍നാശത്തിന്‌

കാരണമാകാം. അതിനാല്‍ വളരെ പ്രധാനപ്പെട്ട ഏതാനും നിര്‍ദ്ദേശങ്ങള്‍ ഏവരെയും അറിയിക്കുന്നു.

 

1. മനുഷ്യന്‍റെ നിസ്സാരതയും നിസ്സഹായതയും ഏറെ വെളിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണിത്. ആകാശവും ഭൂമിയും തങ്ങള്‍ക്കു കീഴടങ്ങുന്നുയെന്നു ചിന്തിച്ച് വിജയഭേരി മുഴക്കുന്ന മനുഷ്യനും ശാസ്ത്രവും, കാണാന്‍പോലും പറ്റാത്തത്ര സൂക്ഷ്മജീവികള്‍ക്ക് കീഴടങ്ങേണ്ടിവരുന്ന അവസ്ഥ! അതിശക്തരായ ശത്രുക്കളില്‍നിന്നെന്നപോലെ ജീവന്‍ സംരക്ഷിക്കാന്‍ ഈ സൂക്ഷ്മജീവികളുടെ ആക്രമണങ്ങളെ ഭയന്നു നമ്മള്‍ ഓടി ഒളിക്കേണ്ടി വരുന്നു. നമുക്കു വിശ്വാസത്തോടും വിനയത്തോടും അനുതാപത്തോടുംകൂടി ദൈവത്തിലേക്കുതിരിഞ്ഞ് കാരുണ്യം യാചിക്കാം; ഈ വിപത്തില്‍നിന്നു ലോകത്തെ മോചിപ്പിക്കാന്‍.

 

2. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നതോടൊപ്പം ഈ മഹാവ്യാധിക്ക് അടിമപ്പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗം പടരാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. രോഗബാധിതരും അവരില്‍നിന്നുള്ള സ്രവങ്ങളും അവരുപയോഗിച്ച വസ്തുക്കളുമായുളള അടുത്തസമ്പര്‍ക്കമാണു രോഗം പടരാന്‍ മുഖ്യകാരണം. അതു സംഭവിക്കാതിരിക്കാന്‍ രോഗബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ക്കൊക്കെ രോഗം ബാധിച്ചിട്ടുണ്ടെന്ന് അറിയാന്‍ പറ്റാത്ത സാഹചര്യമുള്ളതുകൊണ്ട് മറ്റുള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. അതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കേണ്ടതാണ്.

 

3. ശുചിത്വം പാലിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വ്യക്തിപരമായി ശാരീരിക ശുചിത്വം പാലിക്കുന്നതോടൊപ്പം ഉപയോഗിക്കുന്ന വസ്തുക്കളും ജീവിക്കുന്ന പരിസരവും മാലിന്യവിമുക്തമായിരിക്കണം. ഭക്ഷണക്രമം ആരോഗ്യകരവും ഭക്ഷ്യവസ്തുകള്‍ വിഷരഹിതവുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഗുണദോഷങ്ങള്‍ നോക്കാതെ സാമ്പത്തികലാഭം മാത്രം ലക്ഷ്യംവച്ച് ഭക്ഷ്യവസ്തുക്കളുടെപോലും ക്രയവിക്രയം നടക്കുന്ന സാഹചര്യത്തില്‍ വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ നമ്മള്‍ പരമാവധി ശ്രദ്ധിക്കണം. ദോഷംവരുത്തുന്ന വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ഇല്ല എന്ന ധാര്‍മ്മികബോധ്യം നമ്മള്‍ രൂപപ്പെടുത്തണം. ഈ അവബോധം കുട്ടിക്കാലം മുതലേ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടായിരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കണം. വീടുകളിലും സ്കൂളുകളിലും ഇക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം, ബോധവത്ക്കരണത്തിന് വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം.

 

4. ഏതു പ്രതിസന്ധിയേയും നേരിടാന്‍ നമ്മള്‍ സജ്ജരായിരിക്കണം. അതിനുള്ള ആത്മവിശ്വാസവും ആത്മധൈര്യവും തയ്യാറെടുപ്പുംവേണം. കൊറോണ വൈറസിന്‍റെ സ്വഭാവവും പ്രത്യേകതകളും കണക്കിലെടുത്തുവേണം ഒരുങ്ങാന്‍. ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് ആതുരശുശ്രൂഷകരും സന്നദ്ധസേവകരും അടങ്ങുന്ന വിദഗ്ദ്ധസംഘങ്ങളെ ആവശ്യാനുസരണം സജ്ജീകരിക്കണം. പ്രളയകാലത്തു ചെയ്തതുപോലെ ആവശ്യംവന്നാല്‍ നമ്മുടെ ആതുരശുശ്രൂഷാകേന്ദ്രങ്ങളില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

 

5. വിശുദ്ധ കുര്‍ബാനയും കൂദാശകളും

പകര്‍ച്ചവ്യാധിമൂലം വിശ്വാസികള്‍ക്കു ദൈവാലയങ്ങളിലെത്തി വിശുദ്ധ കുര്‍ബാനയിലും കൂദാശകളിലും പങ്കെടുക്കാന്‍ സാധിക്കാതെവരുന്നതും പൊതുതിരുക്കര്‍മ്മങ്ങള്‍ നിരോധിക്കപ്പെടുന്നതും നമുക്കു പുതിയൊരു അനുഭവമാണ്. ഇതു വിശ്വാസികളില്‍ ഏറെ വേദനയും ആശങ്കയും ജനിപ്പിച്ചിട്ടുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിയന്ത്രണങ്ങള്‍ നമ്മള്‍ പാലിച്ചേ തീരൂ. ഈ അടിയന്തിര സാഹചര്യത്തില്‍ വിശുദ്ധ കുര്‍ബാനയിലെ ഓണ്‍ലൈന്‍ പങ്കാളിത്തം സഭാധികാരികള്‍ അനുവദിച്ചിരിക്കുന്നത് വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും, സഭയുടെ തിരുക്കര്‍മ്മങ്ങളില്‍ ഓണ്‍ലൈന്‍ പങ്കാളിത്തംമതിയെന്ന ധാരണ ആര്‍ക്കും ഉണ്ടാകരുതെന്നു പ്രത്യേകം അറിയിക്കുന്നു. അതുപോലെതന്നെ റിക്കാര്‍ഡ് ചെയ്യപ്പെട്ട തിരുക്കര്‍മ്മങ്ങള്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുന്നതും നേരിട്ടു പങ്കെടുക്കുന്നതിനു പകരമല്ലെന്നും ഓര്‍മ്മിപ്പിക്കുന്നു. തിരുക്കര്‍മ്മങ്ങളില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തപ്പോള്‍ ഇവയൊക്കെ വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ്വിനും പ്രാര്‍ത്ഥനയ്ക്കും സഹായകമായേക്കാം എന്നതുകൊണ്ടാണ് ഇപ്രകാരമൊക്കെ അനുവദിച്ചിരിക്കുന്നത്.

 

അനുരഞ്ജനകൂദാശയെ (വിശുദ്ധ കുമ്പസാരം) സംബന്ധിച്ച് ശ്രദ്ധിക്കേണ്ടത്: അടിയന്തിരാവശ്യകത ഇല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വൈദികനില്‍നിന്നൂ നേരിട്ട് ഈ കൂദാശ സ്വീകരിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെട്ട വൈദികനെ വിവരം അറിയിച്ച് ഉപദേശം സ്വീകരിക്കുക. മാമ്മോദീസാ സ്വീകരിക്കാത്ത കുഞ്ഞുങ്ങള്‍ മരണകരമായ രോഗാവസ്ഥയിലാണെങ്കില്‍ വീട്ടുമാമ്മോദീസാ നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

 

വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാന്‍ അസാദ്ധ്യമായ സാഹചര്യങ്ങളില്‍ യാമപ്രാര്‍ത്ഥനകള്‍ചൊല്ലി സഭയുടെ ആരാധനയില്‍ പങ്കുചേരാന്‍ സഭ ഉദ്ബോധിപ്പിക്കുന്നു. സഭയുടെ നിരന്തരമായ ആരാധനയാണല്ലോ യാമപ്രാര്‍ത്ഥനകള്‍. വിശുദ്ധ കുര്‍ബ്ബാനയുടെ ചൈതന്യം ദിവസം മുഴുവനിലേക്കും വ്യാപിപ്പിക്കുന്നതും വിശുദ്ധഗ്രന്ഥാധിഷ്ഠിതവും രക്ഷാകര രഹസ്യങ്ങള്‍ ധ്യാനാത്മകമായി അവതരിപ്പിക്കുന്നതുമാണ് സഭയുടെ യാമപ്രാര്‍ത്ഥനകള്‍. കടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ ശ്രദ്ധിക്കണം.

 

ഈശോയില്‍ പ്രിയ സഹോദരങ്ങളേ, 

തികച്ചും വലിയൊരു വിപത്തിന്‍റെ നടുവിലാണ് നമ്മള്‍. മരണത്തെ മുഖാമുഖം കാണുന്നവര്‍ നിരവധിയാണ്. യാത്രാമദ്ധ്യേ വിഷമസന്ധിയിലായിരിക്കുന്നവരുണ്ട്. ഉറ്റ ബന്ധുക്കളെ കാണാന്‍പോലും സാധിക്കാതെ വേദനിക്കുന്നവരുണ്ട്. ആരെ എപ്പോള്‍ രോഗം പിടികൂടും എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നമ്മള്‍ നിസ്സഹായരാണെങ്കിലും  ഒറ്റപ്പെട്ടതായി തോന്നിയാലും നമ്മെ സ്നേഹിച്ചു പരിപാലിക്കുന്ന ദൈവം ശക്തനാണ്. ആ ദൈവം നമ്മോടുകൂടെയുണ്ട്. സഭയാകുന്ന അമ്മ തന്‍റെ മക്കളായ നമുക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ച് മാദ്ധ്യസ്ഥ്യം വഹിക്കും. പരിശുദ്ധ കന്യകാമറിയവും, മാര്‍ യൗസേപ്പ് പിതാവും, മാര്‍ തോമ്മാശ്ലീഹായും, സകല വിശുദ്ധരും അടങ്ങുന്ന സ്വര്‍ഗ്ഗീയസഭ നമ്മോടൊപ്പമുണ്ട്. അവരോടുചേര്‍ന്നും നോമ്പിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടും നമുക്കു പ്രാര്‍ത്ഥനാനിരതരാകാം.

 

എന്‍റെ സഹപ്രവര്‍ത്തകരായ വൈദികരേ, സ്വര്‍ഗ്ഗീയ ആരാധനയെ ഭൂമിയിലെത്തിക്കാനും ഭൂവാസികളെ സ്വര്‍ഗ്ഗീയ ആരാധനയില്‍ പങ്കാളികളാക്കാനും പ്രത്യേകം നിയോഗിക്കപ്പെട്ടവരാണു നമ്മള്‍. ദൈവജനത്തിനുവേണ്ടി ദൈവസന്നിധിയിലായിരുന്നുകൊണ്ട് സഭയുടെ മദ്ധ്യസ്ഥത അനവരതം തുടരുന്ന ദൈവനിയോഗമാണ് പുരോഹിതശുശ്രൂഷ. ദൈവികമായ ഈ ശുശ്രൂഷയില്‍ അലസരാകാതെ ഉത്സാഹത്തോടും തീക്ഷണതയോടുംകൂടി അതു നിര്‍വ്വഹിക്കാം. ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ സ്വയം വിശുദ്ധീകരിക്കാം; അവര്‍ക്ക് ആശ്വാസവും ആത്മധൈര്യവും പകരാം. യാമപ്രാര്‍ത്ഥനകളിലൂടെ സഭയോടുചേര്‍ന്ന് ദൈവത്തെ ആരാധിക്കുകയും ലോകംമുഴുവനുംവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

 

കര്‍ത്താവിനായി സ്വയം നല്‍കിയിരിക്കുന്ന സമര്‍പ്പിതരേ, നിങ്ങളുടെ പ്രാര്‍ത്ഥനയും പരിത്യാഗവും, വിശുദ്ധിയും വിശ്വസ്തതയും സഭയ്ക്കും സമൂഹത്തിനും ശക്തമായ കോട്ടയാണ്. തിډയുടെ ആക്രമണങ്ങളെ അത് പ്രതിരോധിക്കും. ആവൃതിക്കുള്ളിലെങ്കിലും സ്വര്‍ഗ്ഗീയ മണവാളനു ഹൃദയം നല്‍കിയിരിക്കുന്ന നിങ്ങളുടെ ജീവിതം മനുഷ്യകുലത്തിനു നിത്യതയുടെ വിളംബരമാണ്. അതിന് മുടക്കം വരുത്തരുത്. 

 

പ്രിയമാതാപിതാക്കളേ, നിങ്ങളെ ദൈവം ഏല്‍പിച്ചിരിക്കുന്ന കുടുംബം സഭയുടെ ചെറുപതിപ്പാണ്, മിശിഹായുടെ ശരീരത്തിന്‍റെ ഭാഗമാണ്. ദൈവം യോജിപ്പിച്ച നിങ്ങളുടെ ദാമ്പത്യബന്ധം വിശുദ്ധവും അവിഭാജ്യവുമാണ്. നിങ്ങളുടെ കുടുംബം പരിശുദ്ധമായ സ്നേഹത്തിന്‍റെ കൂട്ടായ്മയാണ്. അവിടെ ആയിരിക്കുന്നതിന്‍റെ ആനന്ദം നിങ്ങളും മക്കളും ഒരുമിച്ചുആസ്വദിക്കാന്‍ സമയം കണ്ടെത്തണം; ഒരുമിച്ച് പ്രാര്‍ത്ഥിക്കൂ, ദൈവം നിങ്ങളോടുകരുണ കാണിക്കും.

സ്നേഹം നിറഞ്ഞ യുവജനങ്ങളേ, നിങ്ങളുടെ യുവത്വം ദൈവത്തിന്‍റെ ദാനമാണ്, അതിന്‍റെ ശക്തിയും സൗന്ദര്യവും നിങ്ങള്‍ തിരിച്ചറിയണം; അതുദുരുപയോഗിക്കുകയോ പാഴാക്കുകയോ അരുത്. വിടര്‍ന്ന് നډയുടെ സുഗന്ധം പരത്തേണ്ട പൂമൊട്ടുകളാണ് നിങ്ങള്‍. നിങ്ങളുടെ വീട്ടില്‍ത്തന്നെ ആ സുഗന്ധം ആദ്യം പ്രസരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമൊത്ത് അത് ആസ്വദിച്ച് സന്തോഷിക്കാന്‍ നിങ്ങള്‍ക്കാകട്ടെ. പിന്നെ നിങ്ങള്‍ ആയിരിക്കുന്ന എല്ലാ ഇടങ്ങളിലേക്കും അതുപ്രസരിപ്പിച്ച് ലോകത്തെ സുഗന്ധപൂരിതമാക്കൂ.

 

എന്‍റെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ, ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വത്സലമക്കളാണ് നിങ്ങള്‍. എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു. ഞാനും നിങ്ങളെ സ്നേഹിക്കുന്നു. നിഷ്കളങ്കതയാണു നിങ്ങളുടെ ഭംഗിയും ആകര്‍ഷണീയതയും. അതിനു മങ്ങലേല്‍ക്കാതിരിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഈശോയെ സ്നേഹിക്കണം; ഈശോയോടുപറയണം, എല്ലാ തിډകളില്‍നിന്നും ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന പകര്‍ച്ചവ്യാധിയില്‍നിന്നും ലോകത്തെ രക്ഷിക്കണമെന്ന്. നിങ്ങളെ ഈശോയ്ക്ക് ഇഷ്ടമാണ്; കുഞ്ഞുമക്കളുടെ പ്രാര്‍ത്ഥന ഈശോ കേട്ടുനിങ്ങളെ അനുഗ്രഹിക്കും.

അവസാനമായി, പ്രിയപ്പെട്ട സഹോദരങ്ങളേ, കൊറോണ വൈറസ് പകര്‍ച്ചവ്യാധി അനേകായിരങ്ങളുടെ ജീവനെടുത്തു. അനേകര്‍ രോഗബാധിതരാണ്; അവരില്‍ അനേകരുടെ ജീവന്‍ അപകടത്തിലാണ്; ഇനിയും സംഭവിക്കാനിരിക്കുന്നത് എന്തെന്നു നമുക്കു നിശ്ചയമില്ല. സമൂഹജീവിതത്തിന്‍റെ താളംതെറ്റിച്ച വ്യാധി ഏറെ ദുഃഖദുരിതങ്ങള്‍ വിതച്ചുകഴിഞ്ഞു. ഈ വേദനയും ദുഃഖവും ഒരു പരിഹാരബലിയായി നമുക്കു ദൈവത്തിനു സമര്‍പ്പിക്കാം. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന നിരവധി തിډകള്‍ക്കു പരിഹാരമായി സമര്‍പ്പിച്ച് മാപ്പപേക്ഷിക്കാം. പരസ്പരം കൊല്ലുന്ന മനുഷ്യന്‍റെ ദുഷ്ടത, ഗര്‍ഭസ്ഥശിശുക്കളെ ജീവിക്കാന്‍ അനുവദിക്കാതെ കൊല്ലുകയും കൊല്ലാന്‍ അനുവദിക്കുകയും ചെയ്യുന്ന കൊടുംക്രൂരത; ആത്മീയതമറന്ന് ലോകസുഖങ്ങളുടെ പിറകെപോകുന്ന മനുഷ്യന്‍റെ മ്ലേച്ഛത; നീതിക്കും സത്യത്തിനും വിലകൊടുക്കാത്ത മനുഷ്യന്‍റെ സ്വാര്‍ത്ഥത; ധാര്‍മ്മികതയും ദൈവികനിയമങ്ങളും മറന്ന് എല്ലാം സ്വന്തം കാല്‍ക്കീഴിലാക്കാം എന്നു വ്യാമോഹിച്ച് ആത്മപ്രശംസ നടത്തുന്ന മനുഷ്യന്‍റെ അഹന്ത, ചതി, വഞ്ചന, അവിശ്വാസം, വ്യഭിചാരം, ധനമോഹം, മദ്യാസക്തി തുടങ്ങിയ നിരവധി പാപങ്ങള്‍ - ഇവയ്ക്കെല്ലാം നമുക്കു ദൈവത്തോട് വിനയപൂര്‍വ്വം മാപ്പപേക്ഷിക്കാം. ڇതന്‍റെ സൃഷ്ടിയായ മനുഷ്യന്‍ നശിച്ചുപോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല; പിന്നെയോ അനുതപിച്ച് തന്‍റെ പക്കലേക്കുവന്നു ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്ڈ. അങ്ങനെ ഒരു തിരിച്ചുപോകലിന്‍റെ അവസരമാകട്ടെ ഈ നോമ്പാചരണം.

 

ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും നമ്മെ അകറ്റുന്ന ജീവിതശൈലി ഉപേക്ഷിക്കാം. ആഡംബരം വേണ്ടെന്നുവയ്ക്കാം; ആഘോഷങ്ങളില്‍ മിതത്വം പാലിക്കാം; പ്രകൃതിയെ ദൈവത്തിന്‍റെ ദാനമായികണ്ടു സംരക്ഷിക്കാം; ഓരോരുത്തരും മറ്റുള്ളവര്‍ക്ക് നല്ല അയല്‍ക്കാരനായിരിക്കാം. തീര്‍ച്ചയായും ദൈവം നമ്മോടു കരുണ കാണിക്കും.

ദൈവാലയത്തിലെത്തി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഈ സാഹചര്യത്തില്‍ നമ്മുടെ വസതികളെ നമുക്കു ദൈവാലയങ്ങളാക്കാം. നമ്മുടെ ശരീരമാകുന്ന ജീവിക്കുന്ന ദൈവാലയത്തെ വിശുദ്ധിയില്‍ സംരക്ഷിക്കുകയും ആത്മീയബലിയായി ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്യാം. വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്ന ദൈവത്തെ ശ്രവിച്ച് അതനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്താം. ڇഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവുമാണ്‌ڈഎന്നുള്ള കര്‍ത്താവിന്‍റെ വാക്കുകള്‍ നമുക്ക് ആശ്വാസവും ശക്തിയുമാകട്ടെ. 

 

ഈശോമിശിഹായില്‍ സ്നേഹപൂര്‍വ്വം,

 

                

 + ജോസഫ് പെരുന്തോട്ടം  

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത 

 

NB: സഭാകാര്യാലയത്തില്‍നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ അതിരൂപതയില്‍ പീഡാനുഭവവാരാചരണം എപ്രകാരം നടത്താം എന്നതിനെക്കുറിച്ച് ചില വിശദീകരണങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.


useful links