സഹന പുത്രി വി. അൽഫോൻസാമ്മ

Tuesday 28 July 2020

വിശുദ്ധരെക്കുറിച്ച് നമുക്കുള്ള ഒരു ചിന്താഗതിയാണ്, അവർക്ക് അസാധാരണമായ ജീവിത ശൈലിയാണ് ഉള്ളത് എന്ന്. അതുകൊണ്ട് പാപത്തിൽ ഒന്നും വീഴാതെ ജീവിതാവസാനം വരെ വിശുദ്ധരായി ജീവിക്കുവാൻ അവർക്ക് സാധിക്കും എന്ന്. എന്നാൽ നമ്മുടെ ഈ പരമ്പരാഗത ചിന്തകളെ തിരുത്തി എഴുതിക്കൊണ്ട് വിശുദ്ധിയുടെ മകുടം ചൂടിയ ഒരു സാധാരണ വ്യക്തിയാണ് വി. അൽഫോൻസാമ്മ. ഏവർക്കും ആദ്യമേ തന്നെ തിരുനാളിന്റെ മംഗളങ്ങൾ സ്നേഹത്തോടെ നേരുന്നു. പ്രത്യേകിച്ച് അൽഫോൻസാ നാമധാരികളായ ഏവർക്കും നാമഹേതുക തിരുനാൾ മംഗളങ്ങളും. കുടമാളൂർ ഗ്രാമത്തിൽ മുട്ടത്തുപാടത്ത് ജോസഫ് – മറിയത്തിന്റെ പുത്രിയായി 1910 ഓഗസ്റ്റ് 19 ാം തീയതി ജനിച്ച അന്നക്കുട്ടി 1928 ഓഗസ്റ്റ് 2 ാം തീയതി തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് ഭരണങ്ങാനം ക്ലാര മഠത്തിൽ പ്രവേശിച്ചു. 1936 ഓഗസ്റ്റ് 12ന് നിത്യവ്രത വാഗ്ദാനം ചെയ്ത് കർത്താവിന്‍റെ മണവാട്ടിയായി. സ്നേഹ സമർപ്പണത്തിന്റെ പാതയിലൂടെ നടന്ന് സഹനത്തിന്റെ തീച്ചൂളയിൽ ആത്മാവിനെ വിശുദ്ധീകരിച്ച് കുരിശാണ് രക്ഷ മാർഗ്ഗമെന്ന് ലോകത്തെ പഠിപ്പിച്ചു കൊണ്ട് 36 മത്തെ വയസ്സിൽ, 1946 ജൂലൈ 28 ാം തീയതി തന്‍റെ ആത്മാവിനെ ദൈവ കരങ്ങളിലേക്ക് സമർപ്പിച്ചു. നമ്മളെപ്പോലെ ഒരു സാധാരണക്കാരിയായി ജീവിച്ച്, നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം അസാധാരണമായ വിധത്തിൽ ചെയ്ത് വിശുദ്ധിയുടെ പടവുകൾ നടന്നുകയറിയവളാണ് വി. അൽഫോൻസാമ്മ. മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ് സാഹനത്തിൽ നിന്ന് ഒളിച്ചോടുക എന്നത്. എന്നാൽ വി. അൽഫോൻസാമ്മ സഹനത്തെ ആത്മവിശുദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള മാർഗ്ഗമായി സ്വീകരിച്ചു. തന്റെ രോഗങ്ങളെയും, തെറ്റിദ്ധാരണകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് ഈ വിശുദ്ധയെ നമ്മളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഈ സഹനങ്ങളിൽ അവൾ ദൈവസ്നേഹം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ സഹനത്തെ മുഴുവൻ സംയമനത്തോടെ സ്വീകരിക്കാനായത് കുരിശിലെ ഈശോയോടുള്ള അഗാധമായ സ്നേഹവും സമർപ്പണബോധവും കൊണ്ടാണ്. സഹനങ്ങൾ ഉണ്ടായപ്പോൾ അതെല്ലാം ദൈവഹിതമെന്ന് പറഞ്ഞ് പരാതിയില്ലാതെ സന്തോഷത്തോടെ സ്വീകരിച്ചതു കൊണ്ടാണ് ലോകം അവളെ സഹന പുത്രിയായി വണങ്ങുന്നത്. “സഹനവും ത്യാഗവും ആകുന്ന കല്ലുകൾ കൊണ്ടാണ് സ്വർഗ്ഗത്തിൽ നമുക്ക് മാളികകൾ പണിയുന്നത്” എന്ന വി. അൽഫോസാമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട്, സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായി പരിഗണിച്ച് അവയെ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ നമുക്ക് തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
സ്നേഹത്തോടെ
 
ജിജോ അച്ചൻ

useful links