ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Friday 03 April 2020

പ്രീയ അതിരൂപതാ കുടുംബാംഗങ്ങളേ, ഇടവക ദൈവാലയങ്ങളില്‍ പതിവനുസരിച്ച് ആചരിച്ചുകൊണ്ടിരുന്ന പീഡാനുഭവ ആഴ്ച്ചയിലെ ക്രമങ്ങള്‍ പ്രത്യേക സാഹചര്യത്തല്‍ ഭവനങ്ങളില്‍ അനുഷ്ഠിക്കുന്നതു സംബന്ധിച്ചുള്ള  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

നാല്പതാംവെള്ളി മുതലുള്ള ആചരണങ്ങള്‍

ഓശാനാഞായറാഴ്ചയ്ക്കുമുമ്പുള്ള വെള്ളിയെ څനാല്പതാംവെള്ളിچ എന്നാണു് നമ്മള്‍ വിളിക്കുന്നതു്. ഈ ദിവസം മുതല്‍ ഉയിര്‍പ്പുഞായര്‍വരെ ആദ്ധ്യാത്മികജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്ന പതിവാണു് നമുക്കുള്ളതു്. 40-ാം വെള്ളിയാഴ്ച പതിവനുസരിച്ചുള്ള ആഘോഷമായ സ്ലീവാപ്പാത നടത്തുവാന്‍ ഈ വര്‍ഷം സാധിക്കാത്ത സാഹചര്യത്തില്‍ വീടുകളില്‍ അതു ചെയ്യാവുന്നതാണു്. ദൈവാലയത്തില്‍പോയി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീടുകളില്‍ എല്ലാ ദിവസവും രാവിലെ സപ്രായും വൈകിട്ടു റംശായും ചൊല്ലുന്നതു് ഏറ്റവും ഉചിതമാണു്. څസര്‍വ്വാധിപനാം...' എന്ന കീര്‍ത്തനം ആലപിക്കുമ്പോള്‍ ലോകത്തിന്‍റെ പ്രകാശമായ മിശിഹായെ അനുസ്മരിച്ചുകൊണ്ടു് വിളക്കു് തിരികള്‍ കത്തിച്ചു് പ്രാര്‍ത്ഥനാമുറി പ്രകാശപൂരിതമാക്കിക്കൊണ്ടു് ലോകത്തിന്‍റെ പ്രകാശമായ മിശിഹായുടെ സാന്നിധ്യം എറ്റുപറഞ്ഞ് സ്തുതിക്കാം.

ലാസറിന്‍റെ ശനി

ഓശാനയുടെ തലേദിവസം ലാസറിന്‍റെ ശനിയെന്ന് അറിയപ്പെടുന്നു. പെസഹായ്ക്കു് 6 ദിവസം മുമ്പു് ഈശോ താന്‍ ഉയിര്‍പ്പിച്ച ലാസറിന്‍റെ വീട്ടിലെത്തി അത്താഴവിരുന്നില്‍ സംബന്ധിക്കുകയും, ലാസറിന്‍റെ സഹോദരി മറിയം വിലയേറിയ നാര്‍ദിന്‍ സുഗന്ധതൈലം  ഈശോയുടെ പാദങ്ങളില്‍ പൂശുകയും (യോഹ. 12: 1ڊ3) ചെയ്തതിനെ അനുസ്മരിക്കുന്നു. ഈ ദിവസം വീടുകളില്‍ ശര്‍ക്കരയും സുഗന്ധവ്യഞ്ജനങ്ങളുംചേര്‍ത്തു് കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷിക്കുന്ന പതിവു് പലയിടങ്ങളിലുമുള്ളതു് അനുവര്‍ത്തിക്കാവുന്നതാണു്.

ഏറെ സ്നേഹത്തോടെ ലാസറിന്‍റെ വീട്ടിലെത്തി ആ കുടുംബത്തോടൊപ്പം അത്താഴം കഴിച്ച ഈശോ നമ്മുടെ ഭവനങ്ങളെയും സ്നേഹിക്കുന്നു. ഈശോയെ നമ്മുടെ വീടുകളിലേക്കു സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഈശോയോടൊപ്പം ഈ ദിവസം പ്രത്യേകമായി ചെലവഴിച്ചു് എല്ലാക്കാര്യങ്ങളും ചെയ്യാം.

ഓശാന ഞായര്‍

ഈശോയുടെ ആഘോഷപൂര്‍വ്വമായ ഓറെശ്ലെം നഗരപ്രവേശനവും, നഗരവാസികള്‍ ഈന്തപ്പനയോല കൈകളിലേന്തി ആഹ്ലാദാരവത്തോടെ ഈശോയെ എതിരേല്‍ക്കുന്നതും, ദൈവാലയശുദ്ധീകരണവുമാണല്ലോ ഓശാനഞായറിലെ പ്രധാന അനുസ്മരണാവിഷയങ്ങള്‍. ഈശോയെ ഒരിക്കല്‍ക്കൂടി നമ്മുടെ വീടുകളിലേക്കു് സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ഈശോയെ സ്വാഗതം ചെയ്യുന്നതിന്‍റെ അടയാളമായി കുരുത്തോലകളോ മരക്കൊമ്പുകളോ പൂക്കളോ ഉപയോഗിച്ചു് വീട് അലങ്കരിക്കാം. څഈശോയ്ക്ക് സ്വാഗതംچ എന്നുവേണമെങ്കില്‍ എഴുതിവയ്ക്കാം. സപ്രാനമസ്കാരം ആഘോഷപൂര്‍വ്വം ചൊല്ലാം.

ഏറ്റവും പ്രധാനപ്പെട്ടകാര്യം നാമോരോരുത്തരുമാണ് ദൈവത്തിന്‍റെ ജീവിക്കുന്ന ആലയം എന്നതാണ്. നാമാകുന്ന ദൈവാലയത്തിലേക്കു് ഈശോ പ്രവേശിക്കട്ടെ. അവിടെ ഒരു ശുദ്ധീകരണം നടക്കട്ടെ. ഈശോ സക്കേവൂസിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ ആ കുടുംബം ശുദ്ധീകരിക്കപ്പെട്ടു് രക്ഷിക്കപ്പെട്ടു. ഈശോ സമറിയാക്കാരി സ്ത്രീയെ കണ്ടുമുട്ടിയപ്പോള്‍ അവളും ശുദ്ധീകരിക്കപ്പെട്ടു് വലിയ പ്രേഷിതയായി. ആവശ്യമായ ശുദ്ധീകരണം നമ്മുടെ കുടുംബങ്ങളിലും ജീവിതത്തിലും ഉളവാക്കുന്ന അവസരമാകട്ടെ ഈ വര്‍ഷത്തെ ഓശാന ഞായര്‍.

ഓശാന കഴിഞ്ഞുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍

രാവിലെ സപ്രായും വൈകുന്നേരം റംശായും, താല്പര്യമനുസരിച്ചു് മറ്റു പ്രാര്‍ത്ഥനകളും ചൊല്ലുക. വേദപുസ്തകവായനയിലും കുറച്ചുസമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പെസഹായ്ക്കൊരുക്കമായി അനുരഞ്ജനകൂദാശ സ്വീകരിക്കുന്ന ദിവസങ്ങളാണല്ലോ ഇവ. ബുധനാഴ്ച വൈകുന്നേരം റംശായോടുചേര്‍ന്നു് അനുരഞ്ജനകൂദാശയ്ക്കെന്നതുപോലെ ഒരു ആത്മീയ ഒരുക്കപ്രാര്‍ത്ഥന നടത്തുന്നതു് ഉചിതമായിരിക്കും. ഓരോരുത്തരും നല്ലൊരു ആത്മശോധന നടത്തി സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവ തിരുത്തുവാനുള്ള തീരുമാനമെടുക്കുക. കുടുംബാംഗങ്ങളെല്ലാവരും പരസ്പരസ്നേഹത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു എന്നുറപ്പാക്കുക. 51-ാം സങ്കീര്‍ത്തനം (ڇദൈവമേ, എന്നോടു കരുണ തോന്നണമേ ...ڈ) ഭക്തിപൂര്‍വ്വം ആലപിക്കുക. പരിശുദ്ധ കുര്‍ബ്ബാനയിലെ ദിവ്യകാരുണ്യസ്വീകരണത്തിനുമുമ്പുള്ള അനുരഞ്ജന പ്രാര്‍ത്ഥനകള്‍ ധڇനമ്മുടെ രക്ഷകന്‍റെ ...ڈ എന്ന പ്രാര്‍ത്ഥനയും തുടര്‍ന്നുള്ള അനുരഞ്ജന കാറോസൂസായുംപ ചൊല്ലി പാപങ്ങളെക്കുറിച്ചു് പശ്ചാത്തപിച്ചു്, സാധിക്കുന്ന ഏറ്റവും അടുത്ത അവസരത്തില്‍ കുമ്പസാരിക്കുമെന്നു് തീരുമാനമെടുത്തു് മനഃസ്താപപ്രകരണം ചൊല്ലി, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയോടെ സമാപിപ്പിക്കുക.

വീടും പരിസരവുമൊക്കെ വൃത്തിയാക്കി, തുടര്‍ന്നുവരുന്ന പെസഹായുടെ ത്രിദിനാചരണത്തിനായി ബാഹ്യമായി ഒരുങ്ങാനും ഈ ദിവസം സമയം കണ്ടെത്തുക.

പെസഹാവ്യാഴം

കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നു് രാവിലെ സപ്രാനമസ്കാരം ചൊല്ലുക. തുടര്‍ന്നു് കുറച്ചുസമയം വേദപുസ്തകവായന നടത്തുക. യോഹന്നാന്‍റെ സുവിശേഷം 14 മുതല്‍ 17 വരെയുള്ള അദ്ധ്യായങ്ങള്‍ വായിക്കുന്നതു് ഉചിതമായിരിക്കും.

കുരിശപ്പവും (ഒരെണ്ണം മാത്രം) ഇണ്ടറിയപ്പവും (ആവശ്യത്തിനു്) പാലും ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ (പാത്രങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയവ) ഉച്ചയ്ക്കു് മുമ്പു് നടത്തുക. കുരിശപ്പത്തിനു് കഴിഞ്ഞവര്‍ഷത്തെ കുരുത്തോല സൂക്ഷിച്ചിട്ടുള്ളവര്‍ക്കു് അതു് ഉപയോഗിക്കാം. സാധാരണ പുത്തന്‍കലത്തിലാണു് പാല്‍ കാച്ചുന്നതു്.

മദ്ധ്യാഹ്ന പ്രാര്‍ത്ഥനയായ څഎന്താനാ'യോടുകൂടി വലിയനോമ്പാചരണം അവസാനിക്കുകയാണു്. തുടര്‍ന്നു് പെസഹാഭക്ഷണം തയ്യാറാക്കുന്നതിനു് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാം. ഈ ദിവസം എല്ലാക്കാര്യങ്ങളും കുടുംബാംഗങ്ങളെല്ലാവരും സഹകരിച്ചു് കൂട്ടായ്മയോടെ ചെയ്യാന്‍ ശ്രദ്ധിക്കണം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കളികളും വിനോദങ്ങളും ഒഴിവാക്കുക. വലിയ ഒച്ചപ്പാടുണ്ടാക്കാതെ നിശ്ശബ്ദത പാലിക്കാനും ശ്രദ്ധിക്കുക. ഈ ദിവസങ്ങളുടെ ചൈതന്യത്തിനുചേരാത്ത ടി. വി. പരിപാടികള്‍ വേണ്ടെന്നുവയ്ക്കുക.
ഇന്നു് സായാഹ്നശുശ്രൂഷയോടെയാണല്ലോ പെസഹായുടെ ത്രിദിന കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതു്. ഈശോയുടെ അന്ത്യത്താഴം, അത്താഴത്തിനിടെ ഈശോ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതു്, അതു തുടരാന്‍ ശിഷ്യډാര്‍ക്ക്  ഈശോ കല്പനയും അധികാരവും നല്‍കിക്കൊണ്ടു് പൗരോഹിത്യം സ്ഥാപിച്ചതു് എന്നിവയാണ് ഈ ദിവസം പ്രത്യേകം അനുസ്മരിക്കേണ്ടതു്. പെസഹാവ്യാഴാഴ്ച നമുക്കു് പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളാണു്. അപ്പവും വീഞ്ഞും ഈശോ ശിഷ്യരുമായി പങ്കുവച്ചതില്‍ ഉടനെ സംഭവിക്കാന്‍ പോകുന്ന തന്‍റെ പീഡാസഹനവും മരണവും സൂചിപ്പിക്കപ്പെടുന്നു. പരിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും പേരില്‍ ദൈവത്തിനു് നന്ദി പറയാനും പൗരോഹിത്യത്തെ ആദരിക്കുവാനും പുരോഹിതര്‍ക്കുവേണ്ടിയും നല്ല ദൈവവിളികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാനും പ്രത്യേകം ശ്രദ്ധിക്കാം.

സായാഹ്നപ്രാര്‍ത്ഥനയ്ക്കുശേഷം അപ്പവും പാലും തയ്യാറാക്കി നിശ്ചിത പ്രാര്‍ത്ഥനയോടെ, പെസഹാഭക്ഷണക്രമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു് കുടുംബനാഥന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാരൂപിയോടെ ഭക്ഷിക്കുക.

പെസഹാഭക്ഷണത്തിനുശേഷം ജോലികളെല്ലാം വേഗംചെയ്തുതീര്‍ത്തു് ഈശോയുടെ ഗദ്സമനിയിലെ പ്രാര്‍ത്ഥനയെ അനുസ്മരിച്ചുകൊണ്ട് ഒരു മണിക്കൂറെങ്കിലും കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണം. ഈശോ ഒറ്റിക്കൊടുക്കപ്പെട്ടതിന്‍റെയും പിടിക്കപ്പെട്ടതിന്‍റെയും ഗദ്സേമനിയിലെ പ്രാര്‍ത്ഥനയുടെയും വിവരങ്ങള്‍ വേദപുസ്തകത്തില്‍നിന്നു വായിച്ചും പ്രാര്‍ത്ഥനാനിരതരായിരിക്കുക.

പീഡാനുഭവവെള്ളി

ഇന്ന് ഉപവാസദിനമാണ്. സമ്പൂര്‍ണ്ണ നിശബ്ദതപാലിക്കാന്‍ ശ്രദ്ധിക്കുക. നമുക്കു വേണ്ടിയുള്ള ഈശോയുടെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംസ്കാരത്തിന്‍റെയും വേദപുസ്തക വിവരണങ്ങള്‍ വായിച്ചു ധ്യാനിച്ചും സ്ലീവാപ്പാത നടത്തിയും ഈ ദിവസം ഭക്തിനിര്‍ഭരമായി ആചരിക്കാം. പാനവായന നടത്തുന്നത് നന്നായിരിക്കും. സ്ലീവാപ്പാതയുടെ സമാപനത്തില്‍ സ്ലീവാചുംബനം നടത്താം. കയ്പുനീരും ക്രമീകരിക്കാവുന്നതാണ്. കുരിശുവഹിച്ചു ഗാഗുല്‍ത്തായില്‍ എത്തിയ ഈശോ 12 മണിയോടെ കുരിശില്‍ തറയ്ക്കപ്പെടുകയും 3 മണിയോടെ മരിക്കുകയും ചെയ്തു. തുടര്‍ന്നു സന്ധ്യക്ക് മുന്‍പായി സംസ്കാരം. ഈ സമയങ്ങളോടുചേര്‍ന്നു വരത്തക്കവിധമാണ് നമ്മുടെ കര്‍മ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

വലിയ ശനി

സംസ്കരിക്കപ്പെട്ട ഈശോ കല്ലറയില്‍ ഭൂമിക്കടിയില്‍ ആയിരുന്നതിനെ അനുസ്മരിക്കുന്നു. സഭാപാരമ്പര്യത്തില്‍ പുതിയ അംഗങ്ങള്‍ മാമ്മോദീസ സ്വീകരിച്ചിരുന്നത് വലിയ ശനിയാഴ്ചയാണ്. നമ്മുടെ മാമ്മോദീസ എന്ന പുനര്‍ജډത്തെക്കുറിച്ച് ഓര്‍ക്കാനും വിശ്വാസമെന്ന വലിയ ദാനത്തിനു നന്ദി പറയാനും ഈ ദിവസം ഉപയോഗിക്കാം. കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നു വിശ്വാസപ്രമാണം ഉറക്കെ ചൊല്ലി വിശ്വാസപ്രഖ്യാപനം നടത്തുന്നത് ഉചിതമാണ്. ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ ഉയിര്‍പ്പാചരണത്തിനുള്ള ഒരുക്കമാണ്. രാത്രിയില്‍ ജാഗരണ പ്രാര്‍ത്ഥനനടത്തി ഉയിര്‍പ്പിന്‍റെ കര്‍മ്മങ്ങളിലേക്കു പ്രവേശിക്കുന്നു.

ഉയിര്‍പ്പുതിരുനാള്‍

അതിരാവിലെയാണ് ഉയിര്‍പ്പുതിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. സപ്രാ നമസ്കാരം ചൊല്ലി, ഉയിര്‍പ്പിനെക്കുറിച്ചുള്ള വേദപുസ്തക വിവരണങ്ങള്‍ വായിച്ചു പ്രാര്‍ത്ഥിക്കാം. ഈശോയുടെ ഉയിര്‍പ്പിന്‍റെ വിജയത്തില്‍ ആത്മീയ ആനന്ദം നുകരാം. ഉയിര്‍പ്പു പുതുജീവന്‍റെ സന്ദേശം നല്‍കുന്നു. അതു സൂചിപ്പിക്കാന്‍ ഈസ്റ്റര്‍മുട്ട തയ്യാറാക്കി കുടുംബനാഥന്‍ കുടുംബാംഗങ്ങള്‍ക്കു  നല്‍കുന്നത് ഉചിതമായിരിക്കും. ഇരുളിനെ അകറ്റി വെളിച്ചമായി പ്രകാശിക്കുന്ന ഈശോയെ സൂചിപ്പിക്കുന്നതിന് ഒരു തിരി അലങ്കരിച്ചു കത്തിക്കുകയും അതില്‍നിന്നു എല്ലാ കുടുംബാംഗങ്ങളും ചെറിയ തിരികള്‍ കത്തിച്ചു ഈശോ ആകുന്ന പ്രകാശത്തില്‍ പങ്കുപറ്റുകയും ചെയ്യുന്നത് നന്നായിരിക്കും.

ഈ വര്‍ഷത്തെ പെസഹാചരണം കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും നവീകരണത്തിനും ഇടയാക്കട്ടെ.


നിങ്ങളെല്ലാവരേയും കര്‍ത്താവായ ഈശോ അനുഗ്രഹിച്ചാശീര്‍വ്വദിക്കട്ടെ.

സ്നേഹപൂര്‍വ്വം,


 ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത  


useful links