ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി

Tuesday 09 October 2018

 കേരളത്തിന്‍റെ നവോത്ഥാനത്തിന് ക്രൈസ്തവ സഭ നല്‍കിയ സംഭാവനകളെയും നേത്യത്വത്തെയും അവഗണിക്കുന്നത്  അത്യന്തം അപലപനീയമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി.    
        
അസമത്വവും ജാതീയതയും നിലനിന്നിരുന്ന ഈ നാടിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്  സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ബൈബിള്‍ കാഴ്ചപ്പാടുകളും, സഭയുടെ വിദ്യാഭ്യാസ സാമൂഹീക സാംസ്കാരീക പ്രവര്‍ത്തനങ്ങളും ഏറെ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.  കേരള നിര്‍മ്മിതിക്ക് ക്രൈസ്തവ സഭകള്‍ നല്‍കിയ ഈടുറ്റ സംഭവനകള്‍ ബോധപൂര്‍വ്വം തമസ്കരിച്ച് താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി അവയെ തള്ളിപ്പറഞ്ഞ് നാട്ടില്‍ വിഭാഗീകതയും വര്‍ഗ്ഗീകതയും സൃഷ്ടിക്കുന്ന പ്രവണതകള്‍ അഭിലഷണീയമല്ല.  
        
ആചാരാനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞും, നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തുന്നതിനും അതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതും പരഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സമിതി നിരീക്ഷിച്ചു.  നവോത്ഥാന മുന്നേറ്റങ്ങളെ വിവാദവിഷയമാക്കിയവര്‍ കേരളത്തിന്‍റെ ചരിത്രം സത്യസന്ധമായി പഠിക്കുകയും  വികലമായ നിലപാടുകള്‍ തിരുത്തുകയും ചെയ്യണം.  
         
ആധുനിക കേരളസമൂഹനിര്‍മ്മിതിക്ക് വിവിധ മതങ്ങളും സമുദായങ്ങളും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അതിന്‍റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനയോ മാത്രം അവകാശപ്പെടുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും പ്രളയകാലത്ത് ഒന്നിച്ച് നിന്ന മനസ്സുകളില്‍ വര്‍ഗ്ഗീയ വിഷം കുത്തിവച്ച് കേരളസമൂഹത്തില്‍  വിഭാഗീയത  സ്യഷ്ടിക്കരുതെന്നും അതിരൂപതാ പി. ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചല്ലൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.


useful links