പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം

Tuesday 30 October 2018

പ്രിയ ബഹുമാനപ്പെട്ട വൈദികരെ സമര്‍പ്പിതരെ സഹോദരീസഹോദരന്മാരെ,
    
ആരാധനാവത്സരത്തിന്റെ അവസാനഘട്ടമായ പള്ളിക്കൂദാശക്കാലം സമാഗതമായി. നാമാചരിച്ചുവരുന്ന പഞ്ചവത്സര അജപാലനപദ്ധതിയുടെ പ്രഥമവര്‍ഷവും പള്ളിക്കൂദാശക്കാലത്തോടെ സമാപിക്കുകയാണ്. ആരാധാനാവത്സരത്തിനനുസരിച്ച് വിശ്വാസജീവിതം ക്രമവല്‍ക്കരിച്ചുകൊïണ്ട് സഭയോടൊത്ത് ചിന്തിക്കുവാനും ജീവിക്കുവാനും സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേരുവാനും പഞ്ചവത്സര അജപാലനപദ്ധതിയിലൂടെ നമ്മള്‍ പരിശ്രമിക്കുകയാണ്. സഭയുടെ ആധികാരികവും ദൈവനിവേശിതവുമായ ജീവിതയാത്രയുടെ വിശുദ്ധപാതയാണ് ആരാധനവത്സരം. രക്ഷകനായ മിശിഹായിലൂടെ മനുഷ്യകുലത്തെ തന്റെ പക്കലെത്തിക്കാന്‍ ദൈവം തെളിച്ച സ്വര്‍ഗ്ഗീയപാതയാണത്. 'ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആര്‍ക്കും എന്റെ പിതാവിന്റെ പക്കലെത്താന്‍ കഴിയുകയില്ല' എന്ന ഈശോയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത് ആരാധനവത്സരത്തിലൂടെയാണ്. മനുഷ്യകുലത്തെ രക്ഷിച്ചുകൊïണ്ടുള്ള മിശിഹായുടെ 'കടന്നുപോകലാ'യ 'പെസഹാ'യുടെ കൗദാശീകാചരണമാണ് ആരാധനവത്സരം. ചുരുക്കത്തില്‍, മിശിഹായുടെ ജീവിതയാത്രയാണത്, 'സ്ലീവാപ്പാത'യാണ് ആരാധനവത്സരം. സഭയില്‍ നമ്മെ തന്റെ ശരീരമെന്നപോലെ തന്നോട് യോജിപ്പിച്ചുകൊïണ്ട്, ഈശോ നമ്മെപിതാവിലെത്തിക്കുന്നു. അങ്ങനെ മിശിഹായാകുന്ന ഏകമാര്‍ഗ്ഗത്തിലൂടെ നമ്മള്‍ സ്വര്‍ഗ്ഗീയഭവനത്തിലെത്തുന്നു. ഈ സ്വര്‍ഗ്ഗപ്രവേശനമാണല്ലോ പള്ളിക്കൂദാശക്കാലം അര്‍ത്ഥമാക്കുന്നത്.
    
മിശിഹായുടെ പ്രത്യാഗമനദിനത്തിനായി സഭ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. 'കര്‍ത്താവിന്റെ ദിവസ'മെന്നാണ് ആ ദിനത്തെ വിളിക്കുന്നത്. ആ ദിനം സമാഗതമാകുന്നതോടെ ഈ ലോകത്തിന്റേതായ സമയക്രമം അവസാനിക്കുന്നു. ചരിത്രത്തിന്റെ പരിസമാപ്തിയും ലോകത്തിന്റെതന്നെ അവസാനവുമാണത്. കര്‍ത്താവിന്റെ ആ ദിനം ഒരിക്കലും അവസാനിക്കാത്ത നിത്യതയായി മാറുന്നു അതാണ് സ്വര്‍ഗ്ഗീയജീവിതം. ആ ദിനത്തിലേക്കു വിരല്‍ ചൂണ്ടïുന്നതും അതിന്റെയൊരു മുന്നാസ്വദനവുമാണ് നമ്മുടെ ഞായറാഴ്ചയാചരണങ്ങള്‍. അതിനാല്‍ ഞായറാഴ്ചയേയും കര്‍ത്താവിന്റെ ദിവസമെന്നു വിളിക്കുന്നു. കര്‍ത്താവിന്റെ പ്രത്യാഗമനത്തെ കേന്ദ്രീകരിച്ചുള്ള ഏലിയാ-സ്ലീവാ-മൂശേക്കാലത്തെ തുടര്‍ന്ന് പള്ളിക്കൂദാശക്കാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ രക്ഷാകരഹസ്യങ്ങളാണ് സഭയുടെ ധ്യാനവിഷയം. അതില്‍നിന്ന് ചൈതന്യമുള്‍ക്കൊണ്ടïുള്ള ജീവിതവും പ്രവര്‍ത്തനങ്ങളുമായിരിക്കണം നമ്മുടേത്.

വിലയിരുത്തലും ഒരുക്കവും

പഞ്ചവത്സര അജപാലനപദ്ധതിയുടെ പ്രഥമവര്‍ഷ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കാര്യക്ഷമതയോടും ഉത്സാഹത്തോടുംകൂടി നന്നായി ഒരുങ്ങി രണ്ടïാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയും വേണം. ഇപ്രകാരമുള്ള വിലയിരുത്തലുകളും ഒരുക്കവും ഇടവക മുതല്‍ അതിരൂപത വരെ എല്ലാ തലങ്ങളിലും അജപാലനപ്രവര്‍ത്തനങ്ങളുടെ എല്ലാ സംവിധാനങ്ങളും സമിതികളും പ്രസ്ഥാനങ്ങളും സജീവമായി പങ്കുചേരത്തക്കവിധം യഥോചിതം നടത്താന്‍ ശ്രദ്ധിക്കണം. ഇടവകയോഗങ്ങളും ഫൊറോനാകൗണ്‍സിലുകളും കുടുംബക്കൂട്ടായ്മകളും ഇക്കാര്യത്തില്‍ പ്രവര്‍ത്തനനിരതമാകണം. അജപാലനപദ്ധതിയുടെ മാര്‍ഗ്ഗരേഖയനുസരിച്ച് ഓരോ ഫൊറോനായിലെയും ഇടവകകളും സ്ഥാപനങ്ങളും എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കാന്‍ ഫൊറോനാ വൈദികകോണ്‍ഫറന്‍സുകള്‍ നേതൃത്വവും ബോഥവല്‍ക്കരണവും നല്‍കണം. പള്ളിക്കൂദാശക്കാലം ഇപ്രകാരമുള്ള വിലയിരുത്തലിന്റെ ഒരുക്കത്തിന്റെയും അവസരമാക്കണം. പ്രത്യേകം ശ്രദ്ധിക്കുന്നതിന് ഏതാനും കാര്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

1. ഇക്കഴിഞ്ഞ വര്‍ഷം ആരംഭത്തില്‍ നല്‍കിയ മാര്‍ഗ്ഗരേഖ അഞ്ചുവര്‍ഷത്തേക്കുള്ള അടിസ്ഥാനരേഖയായി സ്വീകരിച്ച് പുതിയ ആരാധനവത്സരത്തിലെ അജപാലനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുക ഈ ആരാധനവത്സരക്കാലത്തു നടപ്പിലാക്കേïണ്ട പ്രത്യേക നിര്‍ദ്ദേശങ്ങള്‍ മംഗളവാര്‍ത്തക്കാലത്തിനു മുമ്പായി നല്‍കുന്നതാണ്.
2. കുടുംബം, കൂട്ടായ്മ, ആതുരസേവനം, സാമൂഹികക്ഷേമം,ദൈവാരാധന, പ്രേഷിതദൗത്യം, വിദ്യാഭ്യാസം, വിശ്വാസപരിശീലനം, പരിസ്ഥിതി സംരക്ഷണം, പ്രവാസിക്ഷേമം എന്നീ പത്ത് അജപാലനമേഖലകളുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങള്‍ വീതം നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കിയെന്നു ചര്‍ച്ച ചെയ്യുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളവയ്ക്ക് അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുക. ഇടവകപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഇനിയും നടക്കുന്ന ഫൊറോനാ കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കുക.
3. അടുത്ത ആരാധനവത്സരത്തിലെ വിവിധ കാലങ്ങളില്‍ പ്രത്യേകം ഊന്നല്‍ നല്‍കേï അജപാലനമേഖലകളുമായി ബന്ധപ്പെട്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്യുക. മംഗളവാര്‍ത്തക്കാലത്ത് പ്രത്യേകം ഊന്നല്‍ നല്‍കേïണ്ട കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങളുടെ നിര്‍വ്വഹണത്തിന് പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു നിശ്ചയിക്കുക.

കുടുംബക്ഷേമം - ഈ വര്‍ഷം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നസ്രാണി പാരമ്പര്യങ്ങളുടെ കൈമാറ്റം: കുടുംബങ്ങള്‍ പ്രസക്തമായ നസ്രാണി പാരമ്പര്യങ്ങള്‍ വരുംതലമുറക്കു കൈമാറാനുള്ള വേദികളാകണം. ജനനം, പ്രാരംഭകൂദാശകളുടെ സ്വീകരണം, വിവാഹം, മരണം തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ പാലിച്ചുപോന്നിരുന്ന നസ്രാണി പാരമ്പര്യങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം അതിരൂപതാ കുടുംബക്ഷേമ കേന്ദ്രത്തില്‍നിന്നു തയ്യാറാക്കി കുടുംബങ്ങളില്‍ എത്തിക്കുക. പ്രസ്തുത പരമ്പരാഗത ആചാരങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായവ പുനരുദ്ധരിക്കാനുള്ള  പദ്ധതികള്‍ ഇടവകതല മാതൃ-പിതൃവേദികളുടെ നേതൃത്വത്തില്‍ തയ്യാറാക്കുക.
2. നസ്രത്ത് മീറ്റ്: ദൈവവചനം പ്രത്യേക പഠനവിഷയമായി സ്വീകരിച്ചിരിക്കുന്ന ഈ വര്‍ഷം ദൈവവചന സ്വീകരണത്തിന്റെ ആനന്ദം കുടുംബങ്ങളില്‍ എത്തിക്കുന്നതിന് അതിരൂപതാ കുടുംബക്ഷേമകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നസ്രത്ത് മീറ്റ് 2019-ലെ ഉയിര്‍പ്പുതിരുനാളിനു മുമ്പായി എല്ലാ ഇടവകകളിലും സംഘടിപ്പിക്കുക.
3. പഠനവിഷയം: 'ദൈവവചനം: വിശുദ്ധ ഗ്രന്ഥവും വിശുദ്ധപാരമ്പര്യവും' എന്ന പഠനവിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും ക്ലാസ്സുകളും മത്സരപരിപാടികളും കൂട്ടായ്മ, ഇടവക, ഫൊറോന, അതിരൂപത തലങ്ങളില്‍ നടത്തുക. രണ്ടïാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവാവിഷ്‌കാരത്തെക്കുറിച്ചുള്ളപ്രമാണരേഖയുടെ (ഉഢ) പഠനത്തിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുക.
4. ഏലീശ്വാ മീറ്റ്: ഗര്‍ഭിണികളെയും അവരുടെ ഭര്‍ത്താക്കന്മാരെയും ഒരുമിച്ചുകൂട്ടി അതിരൂപതാതലത്തില്‍ സംഘടിപ്പിക്കുന്ന ഏലീശ്വാ മീറ്റ് - ക്ലാസ്സ്, പങ്കുവയ്ക്കല്‍, പ്രാര്‍ത്ഥന - പരിപാടിയില്‍ ബന്ധപ്പെട്ടവരെയെല്ലാം പങ്കെടുപ്പിക്കുക.
5. ഫെയ്ത്ത് ഫോറം: വിശ്വാസ സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങളും സംശയങ്ങള്‍ക്കു മറുപടികളും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ കുടുംബക്ഷേമകേന്ദ്രത്തില്‍നിന്നു തയ്യാറാക്കി എല്ലാ ഭവനങ്ങളിലും എത്തിക്കുക.
    
പഞ്ചവത്സര അജപാലനപദ്ധതിയുടെ ഫലപ്രദമായ നിര്‍വ്വഹണത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links