ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം

Friday 08 March 2019

ചങ്ങനാശ്ശേരി: കേന്ദ്രഗവണ്‍മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശ്ശേരി അതിരൂപത കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
    അതിരൂപതാ കേന്ദ്രത്തില്‍കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഊട്ടിഉറപ്പിക്കുന്ന കാര്യങ്ങള്‍ ഇതില്‍ ഉണ്ടാകണമെന്നും, ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പുതിയ നയത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്നും യോഗം വിലയിരുത്തി.
    അതിരൂപതാ അതിര്‍ത്തിയിലുള്ള കോളേജുകളുടെയും സ്‌കൂളുകളുടെയും പ്രിന്‍സിപ്പല്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത യോഗം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കുവാന്‍ സാദ്ധ്യതയുള്ളതും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ക്രൈസ്തവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
    സഹായമെത്രാന്‍ അഭി. മാര്‍ തോമസ് തറയില്‍ ആമുഖസന്ദേശം നല്‍കി. പ്രൊഫ. ഡോ. റൂബിള്‍ രാജ്, പ്രൊഫ. ഡോ. അനിയന്‍കുഞ്ഞ് എന്നിവര്‍ വിഷയാവതരണം നടത്തി. വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്‌സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
    പരിപാടികള്‍ക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാന്‍ കാരിക്കൊമ്പില്‍, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


useful links