തരിശുഭൂമിയിലെ കൃഷി

Sunday 26 April 2020

കോവിഡ് - 19 വൈറസ് വ്യാപനം നമ്മുടെ നാട്ടിൽ നിയന്ത്രണവിധേയമാക്കുവാൻ നാമേവരും ജാഗ്രതയോടെ പ്രവർത്തിക്കുകയായിരുന്നല്ലോ. ഇതിനുവേണ്ടി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധികാരികളെയും ആരോഗ്യപ്രവർത്തകരേയും ക്രമസമാധാന പ്രവർത്തകരേയും സന്നദ്ധപ്രവർത്തകരേയും നന്ദിയോടെ അനുസ്മരിക്കാം. തുടർന്നും ജാഗ്രതയോടെ വർത്തിക്കുവാൻ ഏവർക്കും കഴിയട്ടെ. 

കൊറോണ വൈറസ് വ്യാപനം കാർഷിക, വ്യാവസായിക, സാമ്പത്തിക മേഖലകളെയൊക്കെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാൽ തുടർനാളുകളിലേക്ക് ആവശ്യമായ മുൻകരുതലുകളെടുക്കുവാനും നാം ശ്രദ്ധിക്കണം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഭക്ഷ്യവസ്തുക്കളുടേയും അവശ്യസാധനങ്ങളുടേയും കുറവ് സൃഷ്ടിക്കാതിരിക്കുവാൻ കാർഷികമേഖലയിൽ അടിയന്തിര ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. കൃഷിയിറക്കാതെ തരിശുഭൂമിയായി കിടക്കുന്ന നമ്മുടെ ഇടവകകളുടേയും സ്ഥാപനങ്ങളുടേയും കുടുംബങ്ങളുടേയും പുരയിടങ്ങളും നിലങ്ങളും പാടങ്ങളും  ഉടൻതന്നെ കൃഷിയോഗ്യമാക്കുന്നതിനും  കൃഷി ചെയ്യുന്നതിനും നാം പരിശ്രമിക്കണം. ഇക്കാര്യത്തിനായി വിവിധ സംഘടനകളുടെയോ സ്വാശ്രയസംഘങ്ങളുടെയോ സന്നദ്ധപ്രവർത്തകരുടെയോ വ്യക്തികളുടെയോ കൂട്ടായ്മകൾ രൂപീകരിച്ച് സാദ്ധ്യമായ ഇടങ്ങളിലെല്ലാം കൃഷിചെയ്താൽ ഭക്ഷ്യോത്പാദനത്തിൽ  സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും. അത് നമ്മുടെ സമൂഹത്തോടുള്ള കരുതലിന്റേയും  പ്രകൃതിയോടും പ്രകൃതിനാഥനായ കർത്താവിനോടുമുള്ള  സ്നേഹത്തിന്റേയും  പ്രതിഫലനമായിരിക്കും. ഉത്ഥിതനീശോ നൽകുന്ന സമാധാനം നിങ്ങൾക്കേവർക്കുമുണ്ടായിരിക്കട്ടെ.

 

ഈശോയിൽ സ്നേഹപൂർവ്വം

ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ

 

സര്‍ക്കുലര്‍ 20 Ch. 237 - 314

ഏപ്രിൽ 26,  2020

 


useful links