അത്യപൂര്‍വ്വമായൊരു പെസഹാചരണം

Saturday 04 April 2020

 

പ്രിയപ്പെട്ട അതിരൂപതാ കുടുംബാംഗങ്ങളേ, നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരനുഭവത്തിലൂടെ നമ്മള്‍ കടന്നുപോകുകയാണ്. നമ്മുടെ ദൈവാലയങ്ങളില്‍ പതിവനുസരിച്ചുള്ള ആരാധനാ    ശുശ്രൂഷകള്‍ നടത്തുവാനോ അവയില്‍ പങ്കെടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണു നാം. ലോകത്തെ മുഴുവന്‍തന്നെ ബാധിച്ചിരിക്കുന്ന കോവിഡ്-19 എന്ന പകര്‍ച്ചവ്യാധിയാണല്ലോ നമ്മെ  ഈ അവസ്ഥയിലാക്കിയിരിക്കുന്നത്. ബുദ്ധിയും ശക്തിയുമുള്ള മനുഷ്യനെ കൊറോണ വൈറസ് എന്ന സൂക്ഷ്മജീവികള്‍ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകെട്ടിയിരിക്കുന്നു എന്നു പറയാം. മനുഷ്യന്‍റെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും, ആരാധനാസ്വാതന്ത്ര്യംപോലും ഈ ജീവികള്‍ക്ക് അടിമപ്പെടുത്തേണ്ടി  വന്നിരിക്കുന്നു. നമ്മള്‍ ഇവയൊക്കെ അതിജീവിച്ച് മുന്നേറും എന്നതിനു സംശയമില്ല. പക്ഷെ, അതിനുമുമ്പ് പതിനായിരങ്ങളുടെ, ഒരുപക്ഷെ ലക്ഷങ്ങളുടെ ജീവന്‍ അപഹരിക്കപ്പെടാം. എല്ലാത്തലങ്ങളിലും സംഭവിച്ചിരിക്കുന്ന നിശ്ചലാവസ്ഥ ഭാവിയില്‍ എന്തെല്ലാം നഷ്ടങ്ങളാണ് ഉളവാക്കുകയെന്നും ജനജീവിതത്തെ എപ്രകാരമൊക്കെ ബാധിക്കുമെന്നും ഇപ്പോള്‍ തിട്ടപ്പെടുത്താനാവില്ല. ഒരു ലോകമഹായുദ്ധത്തേക്കാളും ഭീകരമായ അവസ്ഥയാണു സംജാതമായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. രാഷ്ട്രങ്ങളെത്തന്നെ വരുതിയില്‍ നിര്‍ത്താന്‍ കരുത്തുള്ള വന്‍കിട രാഷ്ട്രങ്ങള്‍പോലും ഈ വൈറസ്ബാധയുടെമുമ്പില്‍ പതറിപ്പോകുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സൈന്യബലവും ആയുധബലവും വര്‍ദ്ധിപ്പിച്ച് ശത്രുരാജ്യങ്ങളെ വിരട്ടാന്‍ ശ്രമിക്കുന്നവര്‍തന്നെ ഈ സൂക്ഷ്മജീവികളുടെ മുമ്പില്‍ വിരണ്ടുപോകുന്നു.

നമ്മള്‍ നേടി എന്നു കരുതുന്ന വളര്‍ച്ചയും സ്വയംപര്യാപ്തതയും മാത്രം നമ്മെ  രക്ഷിക്കുകയില്ലെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. എവിടെയൊക്കെ യോ ചില പാകപ്പിഴകള്‍ സംഭവിക്കുന്നുണ്ട്. അവ കണ്ടെത്തി തിരുത്താന്‍, ശത്രുതയും മാത്സര്യവും സ്വാര്‍ത്ഥതയും വെടിഞ്ഞ,് ലോകജനത ഒരുമിച്ച് പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഏതായാലും വളരെ ആശങ്കാകുലവും അപൂര്‍വ്വവുമായ ഒരു സാഹചര്യത്തിലാണ് ഈ വര്‍ഷം നമ്മള്‍ പെസഹാചരണം നടത്തേണ്ടി വന്നിരിക്കുന്നത്. ഈ അവസ്ഥയിലും അതെങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് ചില കാര്യങ്ങള്‍ അതിരൂപതാംഗങ്ങളെല്ലാവരെയും അറിയിക്കാനാഗ്രഹിക്കുന്നു. അതനുസരിച്ച് പരമാവധി സഹകരിച്ചു് പെസഹാചരണം അനുഗ്രഹപ്രദമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ.

മിശിഹായുടെ പെസഹാ

പെസഹാസംഭവത്തെ പ്രത്യേകമായി അനുസ്മരിച്ച് ആഘോഷപൂര്‍വ്വം നടത്തുന്ന സഭയുടെ ആരാധനാശുശ്രൂഷയാണു പെസഹാചരണം. ഈശോമിശിഹായുടെ പീഡാനുഭവം, മരണം, സംസ്കാരം, ഉയിര്‍പ്പ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പെസഹാസംഭവം. ഇവയെല്ലാം മിശിഹായില്‍ സംഭവിച്ചതായതുകൊണ്ട് മിശിഹാസംഭവം എന്നും വിളിക്കുന്നു. ഈശോ പീഡകള്‍ സഹിച്ചുമരിച്ചത് മനുഷ്യകുലത്തിന്‍റെ പാപത്തിനു് പരിഹാരമായിട്ടാണ്. അതിനാല്‍ പെസഹാസംഭവം മിശിഹായുടെ പാപപ്പരിഹാരബലിയാണ്. തന്‍റെ ഏകപുത്രന്‍റെ ആ ബലിയില്‍ പിതാവായ ദൈവം സംപ്രീതനാവുകയും മനുഷ്യന്‍റെ പാപത്തിനു പരിഹാരമായി ബലി സ്വീകരിക്കുകയും ചെയ്തു.  ദൈവം ബലിസ്വീകരിച്ചതോടെയാണ് ആ ബലിയര്‍പ്പണം പൂര്‍ത്തീകരിക്കപ്പെട്ടത്. ഈശോ മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റത് ദൈവം അവിടുത്തെ ബലിയര്‍പ്പണം സ്വീകരിച്ചു എന്നതിനു് തെളിവായി. ഈശോ ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ അവിടുത്തെ ബലിയര്‍പ്പണം ഫലശൂന്യമാകുമായിരുന്നു. അതുകൊണ്ടാണു് പൗലോസ് ശ്ലീഹാ പറഞ്ഞത്, ڇമിശിഹാ   ഉയിര്‍ത്തിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥം, ഞങ്ങളുടെ പ്രസംഗവും വ്യര്‍ത്ഥംڈ (1 കോറി. 15: 16) എന്ന്. തന്‍റെ ഉയിര്‍പ്പിലൂടെ ഈശോ എല്ലാവര്‍ക്കും നിത്യജീവന്‍റെ ഉടയവനും ദാതാവുമായി.

തډൂലം പെസഹാസംഭവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യം മിശിഹായുടെ ഉയിര്‍പ്പാണു്. ദൈവത്തിന്‍റെ രക്ഷാകരപദ്ധതി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് മിശിഹായുടെ പെസഹാസംഭവത്തിലും അതു പൂര്‍ത്തീകരിക്കപ്പെട്ടു സഫലമായത് അവന്‍റെ ഉയിര്‍പ്പിലുമാണ്. അതുകൊണ്ടാണു സഭയിലെ ഏറ്റവും വലിയ തിരുനാളാഘോഷമായി, തിരുനാളുകളുടെ തിരുനാളായി ഉയിര്‍പ്പുതിരുനാള്‍ ആചരിക്കപ്പെടുന്നത്. സഭയുടെ ആരാധനാവത്സരംതന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഉയിര്‍പ്പുതിരുനാളിനെയും പെസഹാചരണത്തെയും കേന്ദ്രീകരിച്ചാണ്. പരിശുദ്ധ കുര്‍ബാനയും പെസഹാസംഭവത്തിന്‍റെ ആഘോഷമാണു്.

ഈശോയുടെ പീഡാസഹനം, മരണം, സംസ്കാരം, ഉയിര്‍പ്പ് എന്നീ രക്ഷാ രഹസ്യങ്ങള്‍ അടങ്ങുന്ന പെസഹാസംഭവം യഥാര്‍ത്ഥത്തില്‍ ഏകസംഭവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. പെസഹാ ഒരു കടന്നുപോകലാണല്ലോ. മിശിഹായുടെ രക്ഷാകരമായ കടന്നുപോകലിന്‍റെ വിവിധ ഘട്ടങ്ങളാണ് പീഡാസഹനം, മരണം, സംസ്കാരം, ഉയിര്‍പ്പ് എന്നിവ. പെസഹാവ്യാഴാഴ്ചയിലെ സായാഹ്നശുശ്രൂഷയോടെ ആരംഭിച്ചു് ഞായറാഴ്ചയിലെ ഉയിര്‍പ്പാഘോഷത്തോടെ സമാപിക്കുന്ന മൂന്ന് ദിവസങ്ങളിലായിട്ടാണ് പെസഹാസംഭവം അനുസ്മരിച്ച് ആഘോഷിക്കുന്നത്. പെസഹായുടെ ത്രിദിനങ്ങള്‍ എന്നു വിളിക്കുന്ന ഈ ദിവസങ്ങളിലെ പെസഹാചരണമാണ് ആരാധനാവത്സരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആരാധനാനുഷ്ഠാനം. കാരണം, പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തില്‍നിന്ന് രക്ഷകനായ മിശിഹായിലൂടെ ദൈവം മനുഷ്യകുലത്തെ വീണ്ടെടുത്ത സംഭവത്തിന്‍റെ സവിശേഷമായ അനുസ്മരണവും കൗദാശികാഘോഷവുമാണത്; മനുഷ്യന്‍റെ പാപത്തിനു പരിഹാരമായുള്ള രക്ഷകന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും ആഘോഷപരമായ അനുസ്മരണവും ആചരണവുമാണത്; മനുഷ്യകുലത്തെ പാപത്തിലേക്കു് നയിച്ച സാത്താന്‍റെയും, പാപത്തിന്‍റെ ഫലമായ മരണത്തിന്‍റെയും അടിമത്വത്തില്‍നിന്നു് മോചിപ്പിച്ചു് അവരെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും നിത്യജീവനിലേക്കും ആനയിച്ച രക്ഷകന്‍റെ വിജയാഘോഷമാണത്.

നമ്മുടെയും പെസഹാ

ദൈവത്തിന്‍റെ പ്രത്യേകമായ ഇടപെടലിലൂടെ ഈജിപ്തിലെ അടിമത്വത്തില്‍നിന്നു മോചിതരായ ഇസ്രായേല്‍ജനം മൂശെയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ കാനാന്‍ദേശത്തേക്കു് യാത്രചെയ്തു. ചെങ്കടലും യോര്‍ദ്ദാന്‍നദിയും കടന്ന് അവര്‍ വാഗ്ദാനം ചെയ്യപ്പെട്ട   കാനാന്‍ദേശത്തെത്തി. മനുഷ്യവര്‍ഗ്ഗത്തെ ആത്മീയാടിമത്വത്തില്‍നിന്നു മോചിപ്പിച്ചു് സ്വര്‍ഗ്ഗമാകുന്ന നിത്യസ്വാതന്ത്ര്യത്തിന്‍റെ കാനാന്‍ദേശത്തേക്കു് നയിക്കുവാന്‍ നിയോഗിക്കപ്പെട്ട പുതിയ മൂശെയാണ് രക്ഷകനായ ഈശോ. അവന്‍റെ ആത്മബലി മരണത്തിലൂടെ ജീവനിലേക്കുള്ള കടന്നുപോകലായിരുന്നു; മനുഷ്യകുലത്തെ രക്ഷിച്ചുകൊണ്ടുള്ള രക്ഷകന്‍റെ കടന്നുപോകല്‍. അതാണ് ഈശോയുടെ പെസഹാ. ഈ പെസഹായില്‍ - കടന്നുപോകലില്‍ - നമ്മളും പങ്കുചേരണം. മിശിഹായുടെ സഹനത്തിലും മരണത്തിലും സംസ്കാരത്തിലും ഉയിര്‍പ്പിലും നാം പങ്കുചേരണം. അപ്പോള്‍ മിശിഹായുടെ പെസഹായില്‍ - മരണത്തിലൂടെ ജീവനിലേക്കുള്ള കടന്നുപോകലില്‍ - നമ്മളും പങ്കാളികളാകും. മിശിഹായുടെ പെസഹാ നമ്മുടെയും പെസഹാ ആകും. ഇങ്ങനെയൊരു പെസഹാനുഭവം ആഴത്തില്‍ പകര്‍ന്നുതരുന്ന സഭയുടെ ആരാധനാനുഷ്ഠാനമാണു പെസഹാചരണം. അതിനാല്‍ പെസഹായുടെ ത്രിദിനങ്ങള്‍ കഴിയുന്നിടത്തോളം  ഭക്തിനിര്‍ഭരമായി, പ്രാര്‍ത്ഥനാപൂര്‍വ്വം ആചരിക്കാന്‍ നമ്മുക്കു പരിശ്രമിക്കാം.  

ഏറ്റവും വലിയ രക്ഷാകരസംഭവമായ മിശിഹായുടെ ഉയിര്‍പ്പിനെ കേന്ദ്രീകരിച്ചുള്ള പെസഹാത്തിരുനാളാഘോഷത്തിനു ഒരുക്കമായിരുന്നു വലിയ നോമ്പാചരണം. ഈശോയുടെ 40 ദിവസത്തെ ഉപവാസത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഈ നോമ്പാചരണം പെസഹാവ്യാഴാഴ്ചയിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയോടുകൂടി (എന്താനാ) സമാപിക്കുന്നു. ഞായറാഴ്ചകള്‍ ഒഴിവാക്കിയാല്‍ അന്ന്  നോമ്പിന്‍റെ 40 ദിവസം പൂര്‍ത്തിയാകും. തുടര്‍ന്ന് സായാഹ്നശുശ്രൂഷയോടുകൂടി ത്രിദിന പെസഹാചരണത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്നു. 

പെസഹാനുഭവം കുടുംബങ്ങളില്‍

ഈ വര്‍ഷം ദൈവാലയങ്ങളില്‍ പൊതുവായ തിരുക്കര്‍മ്മങ്ങള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് എപ്രകാരം പെസഹാചരണത്തില്‍ പങ്കുചേരാന്‍ സാധിക്കുമെന്നു് ചിന്തിക്കാം. څഗാര്‍ഹികസഭകള്‍چ എന്ന നിലയില്‍ നമ്മുടെ കുടുംബങ്ങള്‍ കൊച്ചുദൈവാലയങ്ങളാണെന്നു മനസ്സിലാക്കി അവയുടെ കൂടുതല്‍ വിശുദ്ധീകരണത്തിനു് ഈ ആചരണങ്ങള്‍ പ്രയോജനപ്പെടുത്താം.

സഭയുടെ ഔദ്യോഗികമായ ആരാധനാകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ യോഗ്യരാകുന്നതു് മാമ്മോദീസായിലൂടെ ലഭിക്കുന്ന പൊതുപൗരോഹിത്യം ഉള്ളതുകൊണ്ടാണു്. ڇനിങ്ങള്‍ ... ഈശോമിശിഹാവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിനു് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ.  ... നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണു്ڈ (1 പത്രോ. 2: 5ڊ9) എന്നു് പത്രോസ് ശ്ലീഹാ എഴുതിയിരിക്കുന്നു. ഇപ്രകാരം ഉന്നതമായ വിളി ലഭിച്ചതില്‍ സന്തോഷിച്ചും ദൈവത്തിനു് നന്ദിപറഞ്ഞും പെസഹാചരണത്തില്‍ പങ്കുചേരാം. കുടുംബങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കു് സാധിക്കുന്നിടത്തോളം കുടുംബനാഥനോ കുടുംബനാഥയോ നേതൃത്വം നല്‍കണം.

അനുതാപവും നവീകരണവും

ഈശോയുടെ പീഡാസഹനം, മരണം, സംസ്കാരം, ഉയിര്‍പ്പ് എന്നീ രക്ഷാകരസംഭവങ്ങളാണല്ലോ പെസഹാചരണത്തിലെ പ്രധാനപ്പെട്ട ധ്യാനവിഷയങ്ങള്‍. ഈശോ തന്‍റെ മനുഷ്യത്വത്തില്‍, ശരീരത്തിലും മനസ്സിലും അഗാധമായ വേദന സഹിച്ചാണു മരിച്ചതു്. മനുഷ്യകുലത്തിന്‍റെ പാപങ്ങളാണ് അതിനു് കാരണമായതു്. വലിയനോമ്പിലുടനീളവും പെസഹാചരണ ദിവസങ്ങളിലും ഈശോയുടെ പീഡാസഹനവും മരണവും നമ്മള്‍ പ്രത്യേകമായി അനുസ്മരിച്ചു് പ്രാര്‍ത്ഥിക്കുന്നുണ്ടു്. ഈശോയുടെ പീഡാനുഭവരംഗങ്ങളെ സ്ലീവാപ്പാതയിലൂടെ നമ്മള്‍ അനുസ്മരിക്കുന്നു. ഈശോയുടെ പീഡാനുഭവത്തെ ധ്യാനിക്കുന്നതോടൊപ്പം അവയ്ക്കു കാരണമായി നമ്മുടെ ശരീരംകൊണ്ടും മനസ്സുകൊണ്ടും വിചാരവികാരങ്ങള്‍കൊണ്ടുമൊക്കെ നമ്മള്‍ ചെയ്തിട്ടുള്ള പാപങ്ങളോര്‍ത്തു് അനുതപിക്കുകയും അതിനു് നമ്മുടേതായ പരിഹാരം ചെയ്തു് കര്‍ത്താവിന്‍റെ പീഡാസഹനത്തോടു ചേര്‍ത്തു് സമര്‍പ്പിക്കുകയും ചെയ്യാം.  

നമ്മുടെ കണ്ണുകളും കാതുകളും അധരങ്ങളും കൈകാലുകളുമൊക്കെ പാപത്തിനു കാരണമായിട്ടുണ്ടാവും. വേദനിപ്പിക്കുന്ന സംസാരം, അരുതാത്ത കാഴ്ചകള്‍, ദുഷിച്ച ശ്രവണം, മ്ലേച്ഛമായ പ്രവൃത്തികള്‍, അശുദ്ധി നിറഞ്ഞ ചിന്തകള്‍, കഴിവുകളുടെ ദുരുപയോഗങ്ങള്‍, സ്നേഹത്തിനു വിരുദ്ധമായ പ്രവൃത്തികള്‍, ദ്രവ്യാഗ്രഹം, ദൈവകല്‍പനകളുടെ ലംഘനം, കുരുന്നുജീവനുകളെ നശിപ്പിക്കുന്ന ഭ്രൂണഹത്യ, മദ്യാസക്തി, വ്യഭിചാരം, അഹങ്കാരം, അസൂയ, പ്രതികാരചിന്ത, ആഡംബരപ്രിയം തുടങ്ങിയ നിരവധി തിډകള്‍ നമ്മുടെ ശരീരംകൊണ്ടും മനസ്സുകൊണ്ടും നമ്മള്‍ ചെയ്തിട്ടുണ്ടാവും. അതുപോലെതന്നെ, ദൈവനിന്ദ, അവിശ്വാസം, അന്ധവിശ്വാസം, വിഗ്രഹാരാധന, കൂടോത്രം, സാത്താന്‍സേവ, പ്രാര്‍ത്ഥനകളും കൂദാശകളും ഉപേക്ഷിക്കുന്നതു്, സമയം വേണ്ടവിധം ഉപയോഗിക്കാത്തതു്, ചുമതലകള്‍ നിറവേറ്റാതിരിക്കുന്നതു്, വഞ്ചന, കാപട്യം, അവിശ്വസ്തത, അനീതി, കള്ളസാക്ഷ്യം അങ്ങനെ എത്രയെത്ര തിډകള്‍! ڇനിങ്ങള്‍ എന്നെയോര്‍ത്തു് വിലപിക്കേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയുമോര്‍ത്തു് വിലപിക്കുവിന്‍ڈ എന്ന ഈശോയുടെ വാക്കുകള്‍ അനുസ്മരിച്ചു് നമ്മുടെയും നമ്മുടെ തലമുറകളുടെയും പാപങ്ങളെക്കുറിച്ചു് അനുതപിച്ചു് മാപ്പപേക്ഷിക്കാം. അങ്ങനെ യഥാര്‍ത്ഥമായ ജീവിതനവീകരണത്തിലൂടെ കര്‍ത്താവിന്‍റെ ഉയിര്‍പ്പിന്‍റെ മഹത്വത്തില്‍ പങ്കുചേരാന്‍ പെസഹാചരണം നമ്മെ സഹായിക്കട്ടെ. എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്‍റെ അനുഗ്രഹാശംസകള്‍!

                

ഈശോമിശിഹായില്‍ സ്നേഹപൂര്‍വ്വം,

 

 

ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

http://www.archdiocesechanganacherry.org/archdiocese/pdf/CIRCULAR3.pdf

 

20 Ch. 236-313                                                                                                              03/04/2020                                             

 


useful links