പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി

Thursday 18 June 2020

പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ 2020 ജൂൺ 18 ന് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ വച്ച് അഭിഷിക്തനായി. രൂപതാധ്യക്ഷനായ മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം പാലക്കാട് രൂപതയുടെ ആത്മീയ വളർച്ചയിൽ കരുത്താകുവാൻ ദൈവം അനുവദിച്ച  ഇടയൻ. 1964 മെയ് 29 ന് പാലായിൽ ജനിച്ച മാർ പീറ്റർ കൊച്ചുപുരക്കൽ 1981 ലാണ് പാലക്കാട് കല്ലേപ്പുള്ളി മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിക്കുന്നത്. ആലുവയിലുള്ള സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി. 1990 ഡിസംബർ 29 ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ഉന്നതപഠനങ്ങൾക്ക് ശേഷം 2007 ജൂലൈ 01 ന് പാലക്കാട് രൂപതയുടെ ട്രൈബ്യുണൽ ജുഡീഷ്യറി വികാരിയായി നിയമിതനായി. 2013 ഒക്ടോബർ 01 ന് പാലക്കാട് രൂപതയുടെ ചാൻസലറായും, 2016 ഡിസംബർ 10 മുതൽ സെമിനാരികളുടെയും സമർപ്പിതരുടെയും സിഞ്ചുല്ലിയസായും ശുശ്രൂഷ ചെയ്ത് വരികയായിരുന്നു. 2020 ജനുവരി 15 ന് കാക്കനാട് സെൻറ്. തോമസ് മൗണ്ടിൽ വച്ച നടന്ന സിനഡിൽ വച്ച് നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കലിനെ പാലക്കാട് രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു.

1945-1955 കാലഘട്ടത്തിൽ കാഞ്ഞിരപ്പുഴ, അട്ടപ്പാടി, വടക്കഞ്ചേരി എന്നീ മലയോര മേഖലകളിലേക്കും പാലക്കാടിന്റെ മറ്റു പ്രദേശങ്ങളിലേക്കും കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നും ക്രൈസ്തവർ കുടിയേറി. കാടിനോടും മലകളോടും പടവെട്ടി ചോരനീരാക്കി കർഷകരായ കുടിയേറ്റ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ തീക്ഷ്ണതയാൽ നെയ്തെടുത്ത രൂപതയാണ് പാലക്കാട് രൂപത. പള്ളികൾ ഇല്ലാതിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഇന്നുകാണുന്ന ഈ പാലക്കാട് രൂപത ആയതിന് പിന്നിൽ കുടിയേറ്റ ക്രൈസ്തവർ കാട്ടിത്തന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു ധീര ചരിത്രമുണ്ട്.

1974 ജൂൺ 20 ന് ആണ് പോൾ ആറാമൻ മാർപാപ്പ പാലക്കാട് കേന്ദീകൃതമാക്കി ഒരു പുതിയ രൂപത സ്ഥാപിക്കുന്നത്. 1974 സെപ്റ്റംബർ 08 ന് മോൺസിഞ്ഞോർ ജോസഫ് ഇരിമ്പൻ അച്ചനെ പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തു. സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ദൈവം തിരഞ്ഞെടുത്ത ഒരു വലിയ ഇടയനായിരുന്നു മാർ ജോസഫ് ഇരിമ്പൻ പിതാവ്. അഭിവന്ദ്യ പിതാവിന് 75 വയസ്സ് പൂർത്തിയായപ്പോൾ സീറോ മലബാർ സഭ പൊന്തിഫിക്കൽ ഡെലഗേറ്റ് മാർ അബ്രഹാം കാട്ടുമന പിതാവ് ബഹുമാനപ്പെട്ട മോൺസിഞ്ഞോർ ജോസഫ് വെളിയത്തിലച്ചനെ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. പുതിയ മെത്രാൻ നിയമിതനാവുന്നതുവരെ അദ്ദേഹം രൂപതാ കാര്യങ്ങൾ നിർവഹിച്ചു.

1996 നവംബർ 11 ന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് പിതാവിനെ പാലക്കാട് രൂപതയുടെ ദ്വിദീയ മെത്രാനായി നിയമിച്ചുകൊണ്ട് റോമിൽ നിന്നും കൽപനയായി. 1997 ഫെബ്രുവരി 01 ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി പാലക്കാടിന്റെ ഇടയനായി. മോൺസിഞ്ഞോർ പീറ്റർ കൊച്ചുപുരയ്ക്കൽ സഹായ മെത്രാനായി അഭിഷിക്തനാകുമ്പോൾ ദൈവത്തിന്റെ മനസ്സിന് ഇണങ്ങിയ, ജ്ഞാനത്തോടും വിവേകത്തോടും കൂടെ തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരിടയനെ ലഭിച്ചതോർത്ത് ദൈവജനം ആനന്ദിക്കുന്നു.

 


useful links