ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ

Tuesday 25 August 2020

ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ 
 
എൺപതാം ചരമവാർഷികാനുസ്മരണം
 
ഇന്ത്യയിലെ സുറിയാനി സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും ആദ്യമായി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയ ഫാ. ബർണാർദ് തോമാ ആലഞ്ചേരി TOCD (1858 - 1940) കാലയവനിയ്ക്കുള്ളിൽ മറഞ്ഞിട്ട് ഓഗസ്റ്റ് 16-ാം തീയതി എട്ടു പതിറ്റാണ്ടുകൾ പൂർത്തിയാവുകയാണ്. നൂറു വർഷം മുമ്പ്,  രണ്ടു വാല്യങ്ങളിലായി ബർണാർദച്ചൻ എഴുതിയ "മാർത്തോമാ ക്രിസ്ത്യാനികൾ" എന്ന ഗ്രന്ഥമാണ് മലയാളക്കരയിൽ അദ്ദേഹത്തെ  ചിരസ്മരണീയനാക്കിയത്. ആയിരത്തിലധികം പേജുണ്ടായിരുന്ന ഈ ഗ്രന്ഥം അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ഏറ്റം വലിയ പുസ്തകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. 
 
"വർത്തമാനപുസ്തക"ത്തിനുശേഷം മാർത്തോമാ നസ്രാണികളുടെ സ്വത്വബോധത്തെ ഇത്രയധികം ഉണർത്തുന്ന മറ്റൊരു ചരിത്രഗ്രന്ഥം രചിക്കപ്പെട്ടതായി തോന്നുന്നില്ല. ഈ ഗ്രന്ഥത്തിലെ ന്യായവാദങ്ങൾ സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ഇംഗ്ലീഷ് പതിപ്പിനും അസാധാരണ സ്വീകരണമാണ് പണ്ഡിതലോകത്തിൽനിന്നും ലഭിച്ചത്. ചാവറയച്ചൻ നേതൃത്വം നൽകി വളർത്തിയ കർമ്മലീത്ത സന്ന്യാസസഭയുടെ ആദിമചരിത്രമെഴുതിയതും ബർണാർദച്ചൻ തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സീറോ - മലബാർ ഹയ്യരാർക്കിക്ക് ദിശാബോധവും സഭാവബോധവും നൽകുന്നതിൽ ബർണാർദച്ചന്റെ ചരിത്രരചനകൾക്ക് നിർണായക സ്വാധീനമുണ്ടായിരുന്നുയെന്നത് നിസ്തർക്കമാണ്.
 
ഈ പൈതൃകരചനയ്ക്കു പിന്നിൽ ഒരു ചരിത്രപശ്ചാത്തലമുണ്ട്. കത്തോലിക്കാ സുറിയാനി വിഭാഗത്തിന്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും  ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം - ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലം ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായി.  
 
സഭാചരിത്രകാരൻ എന്ന നിലയിൽമാത്രം ഒതുക്കിനിർത്താവുന്ന ഒരു വ്യക്തിത്വമായിരുന്നില്ല ബർണാർദച്ചന്റേത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉദയംചെയ്ത കേരള നവോത്ഥാനതരംഗത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1887 ൽ ആരംഭിച്ച ദീപിക ദിനപ്പത്രത്തിന്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാന്നാനം - മുത്തോലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം സ്കൂളുകളുടെ സ്ഥാപനത്തിലും വളർച്ചയിലും ഈ സന്ന്യാസവര്യൻ നെടുനായകത്വം വഹിച്ചു. കർമ്മലീത്താ സഭയുടെ സവിശേഷ കാരിസമായിരുന്ന ‘ജ്‌ഞാനധ്യാനം’ എന്ന ഇടവകനവീകരണ മുന്നേറ്റത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ധ്യാനപ്രസംഗകനായി അദ്ദേഹം ചുറ്റിസഞ്ചരിച്ചു. വിവിധ സെമിനാരികളിൽ സുറിയാനി ഭാഷയുടെയും സഭാചരിത്രത്തിന്റെയും  മല്പാനായി ജീവിതാവസാനംവരെ അദ്ദേഹം ശുശ്രൂഷ ചെയ്തു.
 
1933 -ൽ ബെർണാർദച്ചന്റെ പൗരോഹിത്യ കനകജൂബിലി വേളയിൽ, അദ്ദേഹം സഭയ്ക്കു ചെയ്ത അമൂല്യ സേവനങ്ങൾക്ക് അംഗീകാരമെന്നോണം പതിനൊന്നാം പിയൂസ് മാർപാപ്പ "ബെനെ മെരേന്തി" എന്ന പേപ്പൽകീർത്തിമുദ്ര നല്കി ആദരിക്കുകയുണ്ടായി. മലബാർസഭയിൽനിന്നും ആദ്യമായിട്ടാണ്, അതും ഒരു സന്യാസവൈദികൻ, ഇങ്ങനെയൊരു പേപ്പൽബഹുമതിക്ക് അർഹനാകുന്നത്. ആ അവസരത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച മാർ ജെയിംസ് കാളാശേരി തിരുമേനിയുടെ വാക്കുകൾ അവിസ്മരണീയമാണ്: "ഇസ്രയേൽ ജനത്തിന് മൂശെ എങ്ങനെയോ, അതുപോലെയാണ് കേരളനസ്രാണികൾക്ക് ബർണാർദച്ചൻ". മൂശെ ഇസ്രയേലിന്റെ ചരിത്രമായ പഞ്ചഗ്രന്ഥി രചിച്ചതുപോലെ ബർണാർദച്ചൻ മലബാർസഭയുടെ ചരിത്രമെഴുതിയെന്നു ചുരുക്കം. കത്തോലിക്കാ കോൺഗ്രസിന്റെ  കുറവിലങ്ങാട്ടു സമ്മേളനത്തിൽവച്ച് സ്വർണ്ണമെഡൽ നൽകി  സമുദായവും അദ്ദേഹത്തെ ബഹുമാനിച്ചു. 
 
ബർണാർദച്ചന്റെ ചരിത്രഗവേഷണത്തിന്നു തിലകം ചാർത്തുമാറ് മറ്റൊരു ബഹുമതികൂടി അദ്ദേഹത്തിനു കരഗതമായി . ലോക പ്രശസ്ത ചരിത്രകാരനും ഈശോസഭയുടെ ആധികാരിക ഗവേഷകനുമായിരുന്ന റവ. ഡോ. ജോർജ് ഷുർഹാമ്മർ മലബാർ സഭയെക്കുറിച്ചെഴുതിയ ഗ്രന്ഥം സമർപ്പിച്ചത് നമ്മുടെ കഥാപുരുഷനാണ്. ഭാരതസഭയെക്കുറിച്ച് ഷുർഹാമ്മർ നടത്തിയ സുദീർഘമായ പഠനങ്ങളുടെ കണ്ടെത്തലുകൾ ബർണാർദച്ചന്റെ വാദഗതികളെ സ്ഥരീകരിക്കുന്നതാണന്ന്  ആ ഗ്രന്ഥം എഡിറ്റു ചെയ്ത ബർണാർദച്ചന്റെ പ്രിയശിഷ്യനായ ഫാ. പ്ലാസിഡ് പൊടിപ്പാറ ആമുഖകുറിപ്പിൽ ചൂണ്ടികാണിക്കുന്നു. "മലബാർ സഭയുടെ ചരിത്രകാരൻ" എന്ന വിശേഷണം ബർണാർദച്ചനു ആദ്യമായി നൽകിയതും  പ്ലാസിഡച്ചനാണ്. വെറുമൊരു ഗ്രന്ഥരചയിതാവ് എന്നർത്ഥത്തിലല്ല, സഭാപിതാവെന്നും സമുദായാചാര്യനെന്നും വിശേഷിപ്പിക്കാവുന്ന സവിശേഷസ്ഥാനമാണ് ആ അപരനാമത്തിൽ അടങ്ങിയിരുന്നത്. നിർഭാഗ്യവശാൽ, ചരിത്രത്തിന്റെ വിസ്മൃതിയിൽ ബർണാർദച്ചനും മാഞ്ഞുപോയി എന്നുള്ളത് ഒരു ദുഃഖസത്യമാണ്; എന്നിരുന്നാലും, അദ്ദേഹം തെളിച്ചുവച്ച സഭാസ്നേഹത്തിന്റെ തിരിവെട്ടം കെടാതെ സൂക്ഷിക്കുവാൻ നമുക്കായാൽ അദ്ദേഹം കൃതാർത്ഥനായിരിക്കും. 
 
ഫാ. ജോസഫ് ആലഞ്ചേരി 
ചങ്ങനാശേരി അതിരൂപത

useful links