ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??

Monday 23 July 2018

ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍

 

സ്വതന്ത്രഭാരതത്തിന്‍റെ ഭരണഘടന ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന അനേകര്‍ ആവേശത്തോടും വിസ്മയത്തോടുംകൂടി വീക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യഭരണക്രമത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നതും സംരക്ഷണകവചമൊരുക്കുന്നതും ഈ ഭരണഘടനതന്നെ. ജനാധിപത്യമൂല്യങ്ങള്‍ക്കു പ്രഥമവും പ്രധാനവുമായ സ്ഥാനം കല്പിക്കുന്ന ഈ ഭരണഘടന സര്‍വ്വാധിപത്യത്തിന്‍റെയോ ഏകാധിപത്യത്തിന്‍റെയോ പ്രവണതകള്‍ക്ക് ഇടം നല്കുന്നതേയില്ല. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ തീവ്രമത-പ്രത്യയശാസ്ത്രവാദങ്ങള്‍ ഇടംകണ്ടെത്താനാവാതെ കിടന്നു പിടയുന്നതും തന്നിമിത്തമത്രേ. 

കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന ഏകമതവാദികള്‍ക്ക് ഭാരതത്തിന്‍റെ ഭരണഘടന എക്കാലവും വിലങ്ങുതടിയും കണ്ണിലെ കരടുമായിത്തീരുന്നതിനു കാരണം മറ്റെങ്ങും തിരയേണ്ടതില്ല. ഹിന്ദുമതം സ്വീകരിക്കാത്തവര്‍ക്കു മറ്റു ഗ്രഹങ്ങളിലേക്കു പോകാമെന്ന് ഉത്തരവാദിത്വപ്പെട്ട ചിലര്‍ പറഞ്ഞതും ഇതിന് അനുബന്ധമായി തിരിച്ചറിയണം. എല്ലാ ശാസ്ത്രങ്ങളുടെയും ഉത്ഭവം തങ്ങളുടെ മതഗ്രന്ഥങ്ങളില്‍നിന്നാണെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ഇക്കൂട്ടര്‍ക്കു മറ്റു മതങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതാണു വാസ്തവം. മതവൈവിധ്യങ്ങള്‍ക്ക് ഇടമനുവദിക്കാത്ത ഒരു ഹിന്ദുരാഷ്ട്രം ലക്ഷ്യമിടുന്ന വര്‍ഗ്ഗീയവാദികള്‍ക്കു മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ വെച്ചുപൊറുപ്പിക്കുക അസാധ്യം തന്നെ.

ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായാണു കണക്കാക്കുന്നത്. സമ്പൂര്‍ണ്ണസ്വാതന്ത്ര്യം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ മൂന്നാംഭാഗത്താണു മൗലികാവകാശപ്പട്ടിക. മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വ്യക്തവും സുശക്തവുമായ പ്രതിപാദനം കടന്നുവരുന്ന 25-ാം ഖണ്ഡിക ഇങ്ങനെയാണ്: Subject to public order, morality  and health and other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practice and propagate religion ”(Ind. const. Part III, 25 (1)). മതപ്രചാരണം നടത്തുന്നതു മൗലികാവകാശമാണെന്നു വ്യക്തമാക്കുന്ന ഭരണഘടനയുടെ അന്തഃസത്തയെ മനഃപൂര്‍വ്വം തമസ്ക്കരിച്ചുകൊണ്ടാണു ഭാരതത്തിലെ വര്‍ഗ്ഗീയതീവ്രവാദികള്‍ മതപ്രചാരണത്തിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്നത്. പൂര്‍ണ്ണമതസ്വാതന്ത്ര്യം ഭരണഘടനാദത്തമായി നിലനില്ക്കുന്ന ഇന്ത്യയില്‍ മതമൗലികവാദികള്‍ നടത്തുന്ന നെറികെട്ട ആക്രമണപരമ്പര യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നതു ഭരണഘടനയെത്തന്നെയാണ്.

മതപ്രചാരണത്തിനു സ്വാതന്ത്ര്യമുള്ള ദേശത്ത് ഏതെങ്കിലും ഒരു വ്യക്തി തന്‍റെ അന്വേഷണഫലമായി സത്യം കണ്ടെത്തുകയാണെങ്കില്‍ ആ സത്യം സ്വീകരിക്കാന്‍ അനുകൂലമായ അന്തരീക്ഷം നിര്‍ബന്ധമായും ഉണ്ടാകണം. ആശ്ലേഷിച്ച സത്യം പ്രചരിപ്പിക്കാനുള്ള അവകാശത്തിന്‍റെ അപരിത്യാജ്യമായ മറുപുറമാണ് അത് ഏറ്റുപറയാനുള്ള സ്വാതന്ത്ര്യം. ഇതു മറക്കുന്നവരോ മറന്നെന്നു ഭാവിക്കുന്നവരോ ആണ് മതപരിവര്‍ത്തനനിരോധനനിയമം പാസാക്കാന്‍ മുറവിളി കൂട്ടുന്നത്. വാസ്തവത്തില്‍ ഭരണഘടന വിലക്കുന്നത് എന്താണ്? ബലംപ്രയോഗിച്ചോ ചതിവിലോ ഉള്ള മതപരിവര്‍ത്തനങ്ങളെ മാത്രമല്ലേ? എന്നാല്‍ മതപരിവര്‍ത്തനനിരോധനനിയമം വഴി ന്യൂനപക്ഷങ്ങളെ ബഹുമുഖമാര്‍ഗ്ഗങ്ങളിലൂടെ കുരുക്കിലാക്കാനുള്ള നിഗൂഢപദ്ധതിക്കാണ് ഭരണകേന്ദ്രങ്ങളും അണിയറപ്രവര്‍ത്തകരും കോപ്പുകൂട്ടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍പോലും നിഷേധിക്കാനും, ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ അലോസരപ്പെടുത്താനുമുള്ള കുത്സിതനീക്കങ്ങള്‍ അണിയറയിലും അരങ്ങത്തും നിരന്തരം നടക്കുന്നുണ്ട്. പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനനിരോധനനിയമം പാസാക്കിയ നടപടിയെ ഇതോടു ചേര്‍ത്തുവായിക്കണം. പാര്‍ലമെന്‍റിലും സംസ്ഥാന നിയമനിര്‍മ്മാണസഭകളിലും ഭൂരിപക്ഷം സൃഷ്ടിച്ച് ഭരണഘടനയുടെ അന്തഃസത്തയെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് മതതീവ്രവാദത്തിന്‍റെ വക്താക്കളും സൈദ്ധാന്തികരും. ഇതൊന്നും തിരിച്ചറിയാതെ, അറിയുമ്പോഴും ആശങ്കപ്പെടാതെ സ്വതവേയുള്ള മൗനത്തിലാണ് ന്യൂനപക്ഷങ്ങളില്‍ ഏറിയകൂറും. മൗലികാവകാശങ്ങള്‍ അങ്ങനെ തോന്നുംപോലെ മാറ്റിമറിക്കാന്‍ കഴിയുന്നവയാണോ എന്നതും സമുഹമനഃസാക്ഷിയില്‍ ഉയരേണ്ട ചോദ്യമാണ്. 

സമൂഹത്തില്‍ നിലനില്ക്കുന്ന ബഹുസ്വരതയെ തുടച്ചുനീക്കി സംസ്ക്കാരങ്ങളെയും വിചാരധാരകളെയും ഏകശിലാത്മകമാക്കാനുമുള്ള പ്രവണത നിശ്ചയമായും സര്‍വ്വാധിപത്യത്തിന്‍റേതാണ്. തങ്ങള്‍ പറയുന്നതു മാത്രമാണു ശരിയെന്ന നിലപാട് ആവര്‍ത്തിച്ച് വൈവിധ്യങ്ങളെ സമീകരിക്കുന്ന രീതിശാസ്ത്രം ഇവിടെ പ്രയോഗിക്കപ്പെടുന്നു. ഗോവധത്തിന്‍റെ മറവില്‍ വധിക്കപ്പെടുന്നവരുടെ എണ്ണം പരിശോധിക്കുക. ഗോക്കളെ ദൈവമായി വണങ്ങാനും ഗോവധം തെറ്റാണെന്നു വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ടെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. അതോടൊപ്പം, ഗോവധവിഷയത്തില്‍ മറിച്ചുചിന്തിക്കുന്നവവര്‍ക്കും ഈ നാട്ടില്‍ ഇടമുണ്ട്. അതാണ് ഭാരതത്തിന്‍റെ സൗന്ദര്യം. ഗോവധം ആരോപിക്കപ്പെട്ടവരെ നിര്‍ദ്ദയം മര്‍ദ്ദിച്ചു കൊല്ലാന്‍ തീവ്രനിലപാടുകാര്‍ക്ക് ആരാണ് അധികാരം നല്കിയത്? ഗോമാംസം ഭക്ഷിക്കുന്നത് ചിലര്‍ക്കു നിഷിദ്ധമാവാം; മറ്റു ചിലര്‍ക്ക് അത് നിഷിദ്ധമാകണമെന്നില്ല. അങ്ങനെയെങ്കില്‍ ആര്‍ക്കും മറ്റൊരാളുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അവകാശമില്ല. ഈയൊരു ഔചിത്യം ഇന്നാട്ടിലെ ചിലര്‍ക്കെങ്കിലും ഇനിയും മനസ്സിലാക്കാനാകുന്നില്ല. ഇത്തരം തിരിച്ചറിവുകളുടെ അഭാവം പടരുന്ന സര്‍വ്വാധിപത്യപ്രവണതയുടെ സൂചനയാണെന്നു പറയാം.  

ആര്‍. എസ്. എസും കൂട്ടരും തങ്ങളുടെ ആശയപ്രചാരണത്തിനും അധികാരാര്‍ജ്ജനത്തിനും സാധ്യമായ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനുള്ള ഏറ്റവും മികച്ച മാര്‍ഗം വര്‍ഗ്ഗീയതയാണെന്നു അവര്‍ക്ക് നന്നായറിയാം. ഇതരമതവിശ്വാസങ്ങളെ ഇകഴ്ത്തിക്കാട്ടിയും അധിക്ഷേപിച്ചും, യഥാര്‍ത്ഥ സത്യം തങ്ങളോടൊപ്പമാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കും. അതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്താണ്? ഭൂരിപക്ഷധ്രുവീകരണവും ഏകോപനവും സാധ്യമാക്കി ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യുക. അതിനുള്ള കുതന്ത്രങ്ങളാണ് വര്‍ഗ്ഗീയസംഘടനകളും പ്രസ്ഥാനങ്ങളും ഭരണപക്ഷത്തിന്‍റെ ആശീര്‍വാദത്തോടെ ഇപ്പോള്‍ പയറ്റുന്നത്. ലക്ഷ്യസാധ്യത്തിന് ഭരണഘടനപോലും അട്ടിമറിക്കപ്പെടാം. സര്‍വ്വാധിപത്യത്തിലേക്കു ചുവടു മാറ്റാന്‍ ഏതു പോംവഴിയും അവര്‍ സ്വീകരിക്കും. അതോടെ ന്യൂനപക്ഷത്തിന്‍റെ മതസ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ക്ക് ചരമക്കുറിപ്പെഴുതാം. നിതാന്തജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അനിവാര്യമായിരിക്കുന്നത്. 

സംസ്ഥാനവും പിറകിലല്ല

വടക്കുള്ള മതതീവ്രവാദികള്‍ ഇതരമതവിഭാഗങ്ങള്‍ക്കു സ്ഥാനം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ഭരണവര്‍ഗത്തിന്‍റെ നിലപാട് ഒരു മതത്തിനും സ്ഥാനമില്ല എന്നതാണ്. വൈരുദ്ധ്യാത്മകഭൗതികവാദമാണല്ലോ അവരുടെ മൗലികപ്രമാണം. വര്‍ഗ്ഗസമരം അടിസ്ഥാനപ്രമാണമായി പരിഗണിക്കുമ്പോഴും ഒരു വര്‍ഗ്ഗത്തിന്‍റെ സര്‍വ്വാധിപത്യമാണ് അവരുടെ ലക്ഷ്യം. അതായത്, ദൈവനിഷേധവും സര്‍വ്വാധിപത്യവും കൈകോര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് അവരുടേത്. അടുത്തകാലത്ത് കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എഴുതിയതോര്‍ക്കുക: പാര്‍ട്ടിക്കാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നന്നായി പഠിച്ചവരും പഠിപ്പിക്കാന്‍ പ്രാപ്തരുമായിരിക്കണം. പാര്‍ട്ടിയുടെ മതനിഷേധത്തിലൂന്നിയ ആശയാവലികള്‍ മറ്റുള്ളവരില്‍ അടിച്ചേല്പിക്കാനുള്ള സംഘാതശ്രമങ്ങള്‍ വിദ്യാഭ്യാസമേഖലയിലടക്കം കേരളസമൂഹം ഏറെനാളായി കണ്ടുവരുന്നതാണ്. അത്തരം നീക്കങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം നിര്‍ദ്ദയം വേട്ടയാടുന്ന പ്രവണതയും കേരളത്തിന്‍റെ മനഃസാക്ഷിയെ പലവുരു ഞെട്ടിച്ചിട്ടുമുണ്ട്. 

ദൈവത്തെ മറന്നാല്‍ പിന്നെ മറ്റെന്തു കാര്യത്തിനും ന്യായീകരണം സാധ്യമാണ്. വര്‍ഗ്ഗസമരമാണല്ലോ മാര്‍ക്സിസ്റ്റു പരിപാടികളുടെയെല്ലാം അടിസ്ഥാനന്യായം. സമൂഹം ചൂഷിത, ചൂഷകവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന മാര്‍ക്സിസ്റ്റു കാഴ്ചപ്പാടില്‍, ചൂഷകരെ ഏതുവിധത്തിലും ഉന്മൂലനം ചെയ്തു ചൂഷിതര്‍ അധികാരം സ്ഥാപിക്കുകയാണ് പ്രധാനം. അതോടെ സമത്വസുന്ദര, വര്‍ഗ്ഗരഹിതസമൂഹം സംജാതമാകുമത്രേ. രക്തരൂക്ഷിതവിപ്ലവമാണ് അതിനുള്ള മാര്‍ഗ്ഗം. രക്തംചിന്തിയുള്ള വിപ്ലവം സാധ്യമല്ലാത്തയിടങ്ങളില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും. എങ്ങനെയും അധികാരം നേടിയെടുക്കാനുള്ള അടവുനയങ്ങളുടെ പ്രസക്തി ഇവിടെയാണ്. ചിലയിടങ്ങളിലൊക്കെ അധികാരം നേടിയെടുത്തിട്ടുണ്ടെങ്കിലും, ഇവിടുത്തെ ബൂര്‍ഷ്വാ ഭരണഘടന മൂലം തങ്ങള്‍ക്ക് ഇഷ്ടാനുസൃതം ഭരണം നടത്താന്‍ സാധിക്കുന്നില്ലായെന്ന് ഈയിടെ ഒരു പ്രമുഖ നേതാവു പറഞ്ഞത് ഇതോടു കൂട്ടിവായിക്കാം. പാര്‍ട്ടി ആഗ്രഹിക്കുന്ന വര്‍ഗ്ഗാധിപത്യം നടപ്പിലാക്കാന്‍ സാധിക്കാത്തത് ഭാരതത്തിലെ ഭരണഘടനയുടെ സുദൃഢസ്വഭാവം കൊണ്ടാണെന്നാണ് ഈ ആവലാതി വെളിവാക്കുന്നു. 

ഭരണഘടന മുന്നിലുള്ളപ്പോഴും കണ്ണടച്ചിരുട്ടാക്കി സെല്‍ഭരണം നടത്തിയ ഒരു ചരിത്രഖണ്ഡത്തിന് കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. നിയമനടപടികളും വിമോചനസമരവുമായിരുന്നു ആ സമ്പ്രദായത്തിന് അറുതി വരുത്താന്‍ അന്നു ജനം ആശ്രയിച്ച മാര്‍ഗ്ഗങ്ങള്‍. ഇന്നും സെല്‍ഭരണത്തിലേക്കു മടങ്ങാനുള്ള കോപ്പുകൂട്ടലുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. സാമൂഹികസുരക്ഷയും ക്രമസമാധാനപാലനവും ഉറപ്പാക്കി നിഷ്പക്ഷതയോടെ തുല്യനീതി നടപ്പിലാക്കേണ്ട പോലീസ്സേനയില്‍ ഒരു ഭാഗം ഇന്നു പാര്‍ട്ടിയുടേതായിക്കഴിഞ്ഞു. ഭരണസിരാകേന്ദ്രങ്ങളില്‍ പാര്‍ട്ടിക്കാരെയും അനുഭാവികളെയും കുത്തിത്തിരുകി കാര്യങ്ങള്‍ തങ്ങളുടെ വശത്താക്കാനുള്ള ശ്രമങ്ങളും കുറവല്ല. പാര്‍ട്ടിക്കാരുടെ പേരില്‍ കേസുകളുണ്ടെങ്കില്‍ അതെങ്ങനെയും തേച്ചുമായിച്ചു കളയാനും, പാര്‍ട്ടിക്കു സമ്മതരല്ലാത്തവര്‍ക്കുമേല്‍ കേസുകളുടെ കുരുക്കുകളെറിയാനും ഇത്തരം ശിങ്കിടികളുണ്ടെങ്കില്‍ എളുപ്പമാണ്. പോലീസ് കസ്റ്റഡിയിലെടുത്ത പാര്‍ട്ടിക്കാരെ ബലംപ്രയോഗിച്ചുപോലും ഇറക്കിക്കൊണ്ടുപോന്നിരുന്ന സെല്‍ഭരണകാലത്തെ ഓര്‍മകളുണര്‍ത്തുന്നു ഇന്നത്തെ ചില നടപടികള്‍. ജനങ്ങള്‍ക്ക് അഭയവും ആശ്രയവുമരുളേണ്ട പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടിയുടെ കുട്ടിനേതാക്കള്‍പ്പോലും അധികാരക്കസര്‍ത്തുകള്‍ നടത്തുന്ന കാഴ്ച ആശങ്കയുണര്‍ത്തുന്നവയാണ്. വിമര്‍ശിക്കുന്നവരെ വിട്ടുവീഴ്ചയില്ലാതെ വിസ്മൃതിയിലാക്കുന്ന കിരാതശൈലിയെ വരമ്പത്തെ കൂലയായി വിശേഷിപ്പിക്കുന്ന നേതൃത്വം, പാര്‍ട്ടിയുടെ സര്‍വാധിപത്യം നിലനിര്‍ത്താന്‍ ഏതു മാര്‍ഗ്ഗവും സ്വീകാര്യമാണെന്നല്ലേ വ്യക്തമാക്കുന്നത്.

ഒരേ പാതയില്‍ത്തന്നെ

ലക്ഷ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും സമാനപാതയിലൂടെയാണ് ഇവരിരുകൂട്ടരും നീങ്ങുന്നത്. ബി.ജെ.പി.യെ ചെറുക്കാന്‍ മാര്‍ക്സിസ്റ്റു ബാന്ധവമാകാമെന്നു കരുതുന്നവര്‍ ഒരു പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ടതുണ്ട്. മോഹനസുന്ദരവാഗ്ദാനങ്ങള്‍ നല്കുന്ന ഇരുകൂട്ടരും, കേരളം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ആധാരശിലയായ ഭരണഘടനയെ അട്ടിമറിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരാണെന്ന സത്യം മറന്നുപോയാല്‍ ജനാധിപത്യത്തിന്‍റെ അന്ത്യത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ചൊല്ലിന് ഇവിടെ സ്ഥാനമുണ്ടെന്ന് ജനാധിപത്യബോധമുള്ളവര്‍ തിരിച്ചറിഞ്ഞേ പറ്റൂ.


useful links