133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.

Friday 22 May 2020

133 മത്  അതിരൂപത ദിനാചരണം  മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു. കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ നടത്താനിരുന്ന അതിരൂപത ദിനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായാണ് ആചരിച്ചത്.

രാവിലെ 8.45 ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ  അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് പേപ്പൽ പതാക ഉയർത്തി അതിരൂപതാദിനാചരണത്തിന് തുടക്കം കുറിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അതിരൂപത ദിനാചരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. അതേത്തുടർന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അതിരൂപതയിൽ നാമൊരു കുടുംബം എന്ന ബോധ്യത്തിൽ ആഴപ്പെട്ട് വേദനിക്കുന്നവരെ, മുറിപ്പെട്ടവരെ, സഹായം ആവശ്യമുള്ളവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന നല്ല അയൽക്കാരാകാനാണു നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് വിശുദ്ധ കുർബാന മധ്യേയുള്ള അതിരൂപതാദിന സന്ദേശത്തിൽ മെത്രാപ്പോലീത്ത വിശ്വാസി ഗണത്തെ ഓർമപ്പെടുത്തി. ലോകം മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ് - 19 പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന എല്ലാവരേയും പ്രത്യേകിച്ച് പ്രവാസികളെ അഭിവന്ദ്യ പിതാവ് പ്രാർത്ഥനാപൂർവം അനുസ്മരിച്ചു. തുടർന്ന് അതിരൂപത ദിനത്തിന് ആശംസകൾ നേർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിൽ സംസാരിച്ചു.

 

ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ ഒരു വർഷം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വികാരി ജനറൽ റവ. ഫാദർ ജോസഫ് വാണിയ പുരയ്ക്കൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധിയായി ലിന്റോ ജോസഫ് ജോബി, മാതാപിതാക്കളുടെ പ്രതിനിധിയായി മാതൃവേദി പ്രസിഡന്റ് ആൻസി മാത്യു ചേനോത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് , എഫ്. സി. സി. സന്ന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ റവ. സി. ലിസ് മേരി, എം.സി.ബി. എസ്. സന്യാസസമൂഹത്തിന്റെ പ്രെവിൻഷ്യൽ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപത 

ആവിഷ്കരിക്കുന്ന ഹരിതസമൃദ്ധി പദ്ധതി മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ മാക് റ്റിവി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. 

 

 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അവരുടെ പ്രതിനിധികളെ ആദരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോസഫിന് അതിരൂപതാ ദിനത്തിൽ നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് സമർപ്പിച്ചു .

 

1887 മെയ് 20ന് ആണ് ലെയോ 13 മൻ  മാർപാപ്പ കോട്ടയം, തൃശൂർ വികാരിയത്തുകൾ സ്ഥാപിച്ചത്. ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് അത്. കോട്ടയം വികാരിയത്തിന്റെ വളർച്ചയും തുടർച്ചയുമാണ് ഇന്നത്തെ ചങ്ങനാശ്ശേരി അതിരൂപത. 1896 ൽ കോട്ടയം വികാരിയത്തിന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി വികാരിയത്തായി അതിനെ പുനഃക്രമീകരിച്ചു.1923 ൽ സീറോ മലബാർ ഹൈരാർക്കി രൂപംകൊള്ളുകയും ചങ്ങനാശ്ശേരി രൂപത സ്ഥാപിതമാവുകയും ചെയ്തു.1959ൽ രൂപതയെ ചങ്ങനാശ്ശേരി അതിരൂപതയായി ഉയർത്തി.

വിശ്വസതീർത്ഥാടനത്തിന്റെ 133 സംവത്സരങ്ങൾ പിന്നിടുമ്പോൾ സഭക്കും സമൂഹത്തിനും ചങ്ങനാശ്ശേരി അതിരൂപത നൽകിയ സംഭാവനകൾ വലുതാണ്. ഇന്നത്തെ പല സീറോ മലബാർ രൂപതകളുടെയും തറവാടാണ് ചങ്ങനാശ്ശേരി അതിരൂപത.കാലാകാലങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപ ആരംഭിച്ച വികസന പദ്ധതികൾ, അജപാലന ആഭിമുഖ്യങ്ങൾ, സംരംഭങ്ങൾ ഇവയൊക്കെ പിന്നീട് കേരളത്തിലെ പല കത്തോലിക്കാ രൂപതാകളും മാതൃകയായി സ്വീകരിച്ചു.അജപാലന ശുശ്രൂഷ രംഗത്തും പ്രേഷിത പ്രവർത്തനത്തിലും വിദ്യാഭ്യാസ മേഖലയിലും സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും ഉൾപ്പടെ നിരവധി മേഖലകളിൽ അനന്യമായ നേതൃത്വമാണ് ചങ്ങനാശ്ശേരി അതിരൂപത നൽകി വരുന്നത്.


useful links