കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.

Friday 31 July 2020

കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപത. ഇടവക വികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകര്‍മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അന്ത്യദര്‍ശനത്തിനും കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. പിപിഇ കിറ്റ് ധരിച്ചവരെ മൃതദേഹം കാണിക്കാമെങ്കിലും ആലിംഗനമോ, സ്പര്‍ശനമോ പാടില്ല. സംസ്‌കാര ശുശ്രൂഷകള്‍ക്കും നിര്‍ദേശങ്ങളുണ്ട്. മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചു വേണം കര്‍മങ്ങള്‍ നടത്താന്‍. ഭവനത്തിലെയും പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകള്‍ സെമിത്തേരിയില്‍ നടത്താം.

 

മണ്ണില്‍ കുഴിയെടുത്തോ കല്ലറയിലോ മൃതദേഹം സംസ്‌കരിക്കണം. സെല്ലാര്‍ അനുവദനീയമല്ല. കുഴികള്‍ക്ക് കുറഞ്ഞത് ആറടി താഴ്ചയുണ്ടാകണം. വീട്ടില്‍ മരിക്കുന്ന വ്യക്തിക്ക് കോവിഡാണെന്നു സംശയിക്കുന്ന പക്ഷം തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ വാര്‍ഡ് മെംബറെയും ആരോഗ്യ വകുപ്പിനെയും അറിയിച്ച് അവരുടെ നിര്‍ദേശാനുസരണം മൃതദേഹത്തില്‍ നിന്നുള്ള സ്രവം ടെസ്റ്റു ചെയ്തു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു സംസ്‌കാരം നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആളകലം പാലിച്ചു 20 പേര്‍ക്ക് പങ്കെടുക്കാം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മൃതദേഹമടങ്ങിയ പെട്ടി വഹിക്കുന്നവര്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ പെരുന്തോട്ടം അറിയിച്ചു.


useful links