മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത സ​​പ്ത​​തി​​യി​​ലേ​​ക്ക്

Wednesday 04 July 2018

കോ​​ട്ട​​യം പു​​ന്ന​​ത്തു​​റ​​യി​​ലെ കൊ​​ങ്ങാ​​ണ്ടൂ​​ർ ഗ്രാ​​മ​​ത്തി​​ൽ പെ​​രു​​ന്തോ​​ട്ടം കു​​ടും​​ബ​​ത്തി​​ൽ ജോ​​സ​​ഫ്​- അ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1948 ജൂ​​ലൈ അ​​ഞ്ചി​​ന് ജ​​നി​​ച്ചു. തി​ക​ച്ചും സാ​​ധാ​​ര​​ണ ക​​ർ​​ഷ​​ക ​കു​​ടും​​ബ​​ത്തി​​ൽ ജ​​നി​​ച്ച് പൗ​​രോ​​ഹി​​ത്യ ശു​​ശ്രൂ​​ഷ​​യു​​ടെ മേ​​ൽ​​പ്പ​​ട്ട​​പ​​ദ​​വി​​യി​​ലെ​​ത്തി​​യ മാ​​ർ പെ​​രു​​ന്തോ​​ട്ടം ലാ​​ളി​​ത്യ​​വും വി​​ന​​യ​​വും നി​​റ​​ഞ്ഞ ആ​​ധ്യാ​​ത്മി​​ക പി​​താ​വാ​​ണ്. സ​​ഭാ​​സ്നേ​​ഹി​​യാ​​യ അ​ദ്ദേ​ഹം ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ലും സ​​ഭാ ച​​രി​​ത്ര​​ത്തി​​ലും അ​​ഗാ​​ധ​​പ​​ണ്ഡി​​ത​​നു​മാ​​ണ്. 

 

കൊ​​ങ്ങാ​​ണ്ടൂ​​ർ സെ​​ന്‍റ് തോ​​മ​​സ് എ​​ൽ​​പി സ്കൂ​​ൾ, പു​​ന്ന​​ത്തു​​റ സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്കൂ​​ൾ, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​ഠ​​നം.​ പാറേൽ മൈനർ സെമിനാരി, വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു വൈ​​ദി​​ക​​പ​​രി​​ശീ​​ല​​നം. 1974 ഡി​​സം​​ബ​​ർ 18ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ൽ നി​​ന്നു പൗ​രോ​ഹി​ത്യം സ്വീ​​ക​​രി​​ച്ചു. കെ​​ന​​ക​​രി, പു​​ളി​​ങ്കു​​ന്ന് പ​​ള്ളി​​ക​​ളി​​ൽ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​യാ​​യും കൊ​​ടി​​നാ​​ട്ടും​​കു​​ന്ന്, പൊ​​ങ്ങ സ്ലീ​​വാ​​പു​​രം പ​​ള്ളി​​ക​​ളി​​ൽ വി​​കാ​​രി​​യാ​​യും ശുശ്രൂ​​ഷ ചെ​​യ്തു.

 

അ​​തി​​രൂ​​പ​​താ മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ത​​നാ​​യ ഫാ.​​ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സി​​എ​​ൽ​​ടി ഉ​​ൾ​​പ്പെ​​ടെ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ൾ​​ക്കും ന​​വീ​​ന പ​​ഠ​​ന​​പ​​ദ്ധ​​തി​​ക​​ൾ​​ക്കും തു​​ട​​ക്കം കു​​റി​​ച്ചു. റോ​​മി​​ലെ ഗ്രി​​ഗോ​​റി​​യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നും 1989ൽ ​​സ​​ഭാ​​ച​​രി​​ത്ര​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി. തു​​ട​​ർ​​ന്ന് വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ൽ പ്ര​​ഫ​​സ​​റാ​​യി നി​​യ​​മി​​ത​​നാ​​യി. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ അ​​ല്മാ​​യ​​ർ​​ക്കാ​​യി ദൈ​​വ​​ശാ​​സ്ത്ര​​പ​​ഠ​​ന​ കേ​​ന്ദ്ര​​മാ​​യ മാ​​ർ​​ത്തോ​​മ്മാ വി​​ദ്യാ​​നി​​കേ​​ത​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത് അ​ദ്ദേ​ഹ​മാ​ണ്. ദീ​​ർ​​ഘ​​കാ​​ലം വി​​ദ്യാ​​നി​​കേ​​ത​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. 

 

 

2002 ഏ​​പ്രി​​ൽ 24ന് ​​ച​​ങ്ങ​​നാ​​ശേ​​രി അതിരൂപതയുടെ സ​​ഹാ​​യ​​മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യി. മേ​​യ് 20ന് ​​മെ​​ത്രാ​​ഭി​​ഷേ​​കം ന​​ട​​ന്നു. 2007 മാ​​ർ​​ച്ച് 19 ന് ​​അ​​തി​​രൂ​​പ​​ത​​യു​​ടെ നാ​​ലാ​​മ​​ത്തെ മെത്രാപ്പോലീത്തയായി ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടു. 

 

കെ​​സി​​ബി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യിരുന്ന മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മെത്രാപ്പോലീത്ത വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം വൈ​​സ് ചാ​​ൻ​​സല​​ർ, വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. രാ​​വി​​ലെ 6.15ന് ​​ആ​​ർ​​ച്ചുബിഷപ്പ്സ് ഹൗ​​സി​​ലെ ചാ​​പ്പ​​ലി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും.

 

എ​​ഴു​​പ​​താം ജ​ന്മ​ദി​​ന​​മാ​​യ നാ​​ളെ പ്ര​​ത്യേ​​ക ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ല പകരം സപ്തതി സ്മാരകമായി അമ്പൂരി, കൊല്ലം-ആയൂർ, തിരുവനന്തപുരം ഫൊറോനകൾ ഉൾപ്പെടുന്ന തെക്കൻ മേഖലകളിൽ ഭവനരഹിതർക്ക് 70 വീടുകൾ നിർമിച്ചുനൽകും.

 

2019 ഏപ്രിലിൽ പൂർത്തീകരിച്ച് മേയ് 20ന് അമ്പൂരിയിൽ നടക്കുന്ന അതിരൂപതാദിന സമ്മേളനത്തിൽ താക്കോൽദാനം നിർവഹിക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആറുലക്ഷം രൂപ ചെലവുവരുന്ന വീടുകളാണ് നിർമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബത്തിന് അമ്പതുശതമാനം തുക പദ്ധതിയിൽനിന്നും സഹായധനമായി നൽകും. 25ശതമാനം ഗുണഭോക്താക്കളും 25ശതമാനം അതാത് ഇടവകകളും നൽകണം. വിവിധ ഇടവകകളിൽ നിന്നും സന്നദ്ധതയുള്ള വ്യക്തികളിൽ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം. സഹായമെത്രാൻ മാർ തോമസ് തറയിലിന്‍റെ നേതൃത്വത്തിലുള്ള സമിതി പദ്ധതിക്ക് മേൽനോട്ടം വഹിക്കും.

 


useful links