ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം

Friday 29 March 2019

മിശിഹായില്‍ എന്റെ സഹപ്രവര്‍ത്തകരായ വൈദികരേ,
സമര്‍പ്പിത സഹോദരങ്ങളേ, അല്മായരായ സഭാമക്കളേ,

സീറോമലബാര്‍ സഭയുടെ ആരാധനക്രമമനുസരിച്ച് ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാണല്ലോ. മൈലാപ്പൂരില്‍ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്ഥലത്ത് 16-ാം നൂറ്റാണ്ടില്‍, മിഷനറിമാരുടെ നേതൃത്വത്തില്‍ ദൈവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കണ്ടെത്തിയ സ്ലീവായുടെ പേരിലുള്ള തിരുനാളാചരണമാണിത്. കരിങ്കല്‍ സ്ലാബില്‍ കൊത്തപ്പെട്ട ഈ സ്ലീവായില്‍ പിന്നീട് കാണപ്പെട്ട ചില അത്ഭുത അടയാളങ്ങളാണ്, മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ ഇപ്രകാരമൊരു തിരുനാളാചരണത്തിന് കാരണമായത്.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച സ്ലീവാ ആയതുകൊണ്ട് 'അത്ഭുതസ്ലീവാ' എന്ന് വിളിക്കപ്പെട്ടു. സ്ലീവായുടെ പഴക്കം ഏതാണ്ട് ഏഴാം നൂറ്റാണ്ടാണെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന സ്ലീവായാണിതെന്ന് കരുതപ്പെടുന്നു. ആഗോളസഭയില്‍ത്തന്നെ ഏതാണ്ട് ഈ കാലഘട്ടത്തോടെയാണ് സ്ലീവാവണക്കം പ്രചാരത്തിലാകുന്നത്.
മൈലാപ്പൂര്‍ സ്ലീവായോട് സാമ്യമുള്ള സ്ലീവാകള്‍ കേരളത്തിലെ പല പുരാതന ദൈവാലയങ്ങളിലും കാണാം. തോമ്മാശ്ലീഹായുടെ
രക്തസാക്ഷിത്വത്തിന്റെയും കബറിടത്തിന്റെയും സ്ഥലമായ മൈലാപ്പൂരില്‍ കണ്ടെത്തുകയും അവിടെ തോമ്മാശ്ലീഹായുടെ പള്ളിയില്‍ സ്ഥാപിക്കപ്പെടുകയും ഇന്ത്യയില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലാകുകയും ചെയ്തതിനാല്‍ മാര്‍ത്തോമ്മാ സ്ലീവാ എന്ന പേരില്‍ ഈ സ്ലീവാ ഇന്ന് അറിയപ്പെടുന്നു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഇതര കുരിശുകളില്‍നിന്ന് തിരിച്ചറിയാനും ഈ പേര് സഹായിക്കും. തോമ്മാശ്ലീഹായുടെ പേരിനോട് ചേര്‍ത്ത് വിളിക്കുന്നതുകൊണ്ട് തോമ്മാശ്ലീഹാ നിര്‍മ്മിച്ചതാണെന്നോ അക്കാലത്ത് ഉണ്ടായിരുന്നതാണെന്നോ അര്‍ത്ഥമാക്കുന്നില്ല. അങ്ങനെയൊരു അവകാശവാദം സഭ ഉന്നയിച്ചിട്ടുമില്ല.

അത്ഭുതസ്ലീവായുടെ പ്രാധാന്യവും വണക്കവും

സ്ലീവായോടുള്ള ഭക്തിയും വണക്കവും തിരുസ്സഭയില്‍ പുരാതനകാലം മുതലേ ഉള്ളതാണ്. നാലാം നൂറ്റാണ്ടോടെ സ്ലീവാവണക്കം ക്രമേണ വര്‍ദ്ധിച്ചുവരികയും 6-ാം നൂറ്റാണ്ടിനുശേഷം വ്യാപകമാവുകയും ചെയ്തു. കേരളത്തിലെ പുരാതന ദൈലായങ്ങളില്‍
അലംകൃതസ്ലീവാകള്‍ സ്ഥാപിച്ചിരുന്നതായി 1599-ലെ ഉദയംപേരൂര്‍ സൂന്നഹദോസിന്റെ സംഘാടകനായിരുന്ന മെനേസിസ് മെത്രാപ്പോലീത്തായുടെ ചരിത്രകാരന്‍ ഗുവെയാ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതീകസമ്പന്നമാണ് മാര്‍ത്തോമ്മാസ്ലീവാ. ഗാഗുല്‍ത്തായെ സൂചിപ്പിക്കുന്ന പീഠത്തിന്മേലാണ് സ്ലീവാ ഉറപ്പിച്ചിരിക്കുന്നത്. മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ ഈശോ നമുക്ക് നിത്യജീവനും പ്രത്യാശയുമാണെന്നുള്ള സന്ദേശം സ്ലീവാ നല്‍കുന്നു. സ്ലീവായുടെ ചുവട് താമരയില്‍ സ്ഥിതി ചെയ്യുന്നു. ഭാരതസംസ്‌കാരത്തില്‍ ക്രിസ്തീയവിശ്വാസം വേരൂന്നി വളര്‍ന്നതിന്റെ സൂചനയാണത്. വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ടും ക്രൈസ്തവീകരിച്ചും വളര്‍ന്നു വികസിച്ച ചരിത്രമാണ് കത്തോലിക്കാ സഭയുടേത്. സ്ലീവായുടെ മുകുളാകൃതിയിലുള്ള അഗ്രങ്ങള്‍ ജീവനും വളര്‍ച്ചയും പ്രതീക്ഷയും സൂചിപ്പിക്കുന്നു. ജീവദാതാവായ കര്‍ത്താവിന്റെ അരൂപി സ്ലീവായില്‍ പറന്നിറങ്ങുന്നു. ജോര്‍ദാനില്‍ ഈശോയുടെമേല്‍ ഇറങ്ങിവരികയും വിശുദ്ധ കുര്‍ബാനയില്‍ ബലിവസ്തുക്കളെ കര്‍ത്താവിന്റെ ശരീരരക്തങ്ങളാക്കുകയും ചെയ്യുന്ന റൂഹാദ്ക്കുദ്ശായുടെ പ്രതീകമായ പ്രാവിന്റെ സാന്നിധ്യം സ്ലീവായെ ഉയിര്‍പ്പിലൂടെ മഹത്ത്വീകരിക്കപ്പെട്ട മിശിഹായുടെ പ്രതീകമാക്കുന്നു. ചുരുക്കത്തില്‍, ഈശോയുടെ ഉയിര്‍പ്പിലുള്ള നമ്മുടെ വിശ്വാസത്തെയും, ഉത്ഥിതനായ ഈശോയുടെ സാന്നിദ്ധ്യത്തെയും വിളിച്ചറിയിക്കുന്ന ആരാധനാപ്രതീകമാണ് മാര്‍ത്തോമ്മാ സ്ലീവാ.
മാര്‍ത്തോമ്മാ നസ്രാണി സഭാ പാരമ്പര്യത്തില്‍ പുരാതനകാലം മുതലേ സ്ഥിരപ്രതിഷ്ഠ നേടിയ മാര്‍ സ്ലീവാ നമ്മുടെ സഭയുടെ ആരാധന
ക്രമത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു പ്രതീകമാണ്. സീറോമലബാര്‍ സഭയുടെ ആരാധനക്രമം പുനരുദ്ധരിച്ച് നല്‍കിയ അവസരത്തില്‍, വൈദികരുടെ കുര്‍ബാനക്കുപ്പായത്തില്‍ പിന്‍വശത്ത് മാര്‍ സ്ലീവാ ആലേഖനം ചെയ്യപ്പെടണമെന്നുള്ള നിര്‍ദ്ദേശം റോമില്‍
നിന്ന് നല്‍കുകയുണ്ടായി. അതനുസരിച്ചാണ് വൈദികര്‍ ധരിക്കുന്ന
കാപ്പയുടെ പിന്‍വശത്ത് സ്ലീവായുടെ ചിത്രീകരണമുള്ളത്.
ഇപ്രകാരം സഭ ഔദ്യോഗികമായി അംഗീകരിച്ചു വണങ്ങുന്നതും, വിശ്വാസരഹസ്യങ്ങളില്‍ സുപ്രധാനമായ മിശിഹായുടെ ഉത്ഥാനത്തിന്റെ അര്‍ത്ഥവത്തായ പ്രതീകവും, ദൈവാരാധനയിലെ ഒരു
പ്രധാന കൗദാശികാടയാളവുമായ മാര്‍ സ്ലീവായെ ചിലരെങ്കിലും വിമര്‍ശിക്കുകയും സ്ലീവായെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നത് തികച്ചും വേദനാജനകമാണ്. സഭ ആദരിച്ചു വണങ്ങുന്ന പവിത്രമായ ഒരു ആരാധനപ്രതീകത്തെ ഒരു യഥാര്‍ത്ഥ വിശ്വാസി തിരസ്‌കരിക്കുകയില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് വിശ്വാസജീവിതത്തിന് കോട്ടം വരുത്തുക തന്നെ ചെയ്യും. ഉത്ഥിതന്റെ പ്രതീകമായ വിശുദ്ധ സ്ലീവായെ നിന്ദിക്കുന്നത് ദൈവദൂഷണം തന്നെയാണ്. സ്ലീവായെ ആക്ഷേപിക്കുന്നതും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുസമൂഹത്തില്‍ സ്ലീവായ്‌ക്കെതിരേയുള്ള മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും സഭയുടെ ഒരു വിശുദ്ധ പാരമ്പര്യത്തോടുള്ള വെല്ലുവിളിയും സഭാധികാരത്തോടുള്ള ധിക്കാരവും സഭാപ്രബോധനത്തോടുള്ള അവഗണനയുമാണ്.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനത്തിന്റെ അടയാളമായിട്ടാണ് സീറോമലബാര്‍ സഭയില്‍ ദൈവാലയത്തിലെ മദ്ബഹായുടെ കിഴക്കേ ഭിത്തിയില്‍ വിശുദ്ധ സ്ലീവാ സ്ഥാപിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ ഏലിയാ-സ്ലീവാ-മൂശെക്കാലത്തെ പ്രാര്‍ത്ഥനയില്‍ 'കുരിശടയാളത്തോടെ വാനമേഘങ്ങളില്‍ പ്രത്യക്ഷനാകുന്ന' കര്‍ത്താവിനെക്കുറിച്ച് പരാമര്‍ശമുണ്ടല്ലോ. തിരുവുത്ഥാനത്തിലൂടെ മഹത്ത്വീകരിക്കപ്പെട്ട മിശിഹാ കര്‍ത്താവിന്റെ സാന്നിദ്ധ്യമാണ് വിശുദ്ധ സ്ലീവായില്‍ ഒരു വിശ്വാസി ദര്‍ശിക്കുന്നത്. വിശുദ്ധ സ്ലീവായെ കേന്ദ്രീകരിച്ചുള്ള മിശിഹാരഹസ്യങ്ങളാണ് ആരാധനാവത്സരത്തിലെ ഏലിയാ-സ്ലീവാ-മൂശെക്കാലത്ത് സഭ ധ്യാനവിഷയമാക്കുന്നത്. ശിക്ഷയുടെയും മരണത്തിന്റെയും അടയാളമായിട്ടല്ല കുരിശിനെ സഭ ഇന്നു കാണുന്നത്. മറിച്ച്, രക്ഷയുടെയും ജീവന്റെയും പ്രതീകമായിട്ടാണ്. ഈ അര്‍ത്ഥത്തിലാണ് തന്റെ തിരുവുത്ഥാനത്തിലൂടെ രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കി ജീവദാതാവായിരിക്കുന്ന കര്‍ത്താവിന്റെ പ്രതീകമായി, ശിക്ഷയേറ്റ് മരിച്ചുകിടക്കുന്ന കര്‍ത്താവിന്റെ രൂപമില്ലാത്ത, മഹത്ത്വീകൃത സ്ലീവാ മദ്ബഹായില്‍ സ്ഥാപിക്കുന്നത്. മാത്രമല്ല, ത്രിയേകദൈവത്തിന്റെ കൂട്ടായ്മയില്‍ പങ്കുചേരുന്ന നിത്യജീവിതാനുഭവമാകുന്ന സ്വര്‍ഗ്ഗത്തിന്റെ പ്രതീകവുമാണല്ലോ മദ്ബഹാ. അതിനോട് ഏറ്റവും യോജിക്കുന്നതാണ് മഹത്വീകൃതസ്ലീവാ അവിടെ സ്ഥാപിക്കുക എന്നത്.
പരിഹാരദിനം
സീറോമലബര്‍ സഭയുടെ പാരമ്പര്യത്തിലധിഷ്ഠിതവും വിശ്വാസികളുടെ വണക്കത്തിന് ഏറ്റവും യോഗ്യവുമായ മാര്‍ സ്ലീവായോട് ചിലര്‍ കാണിക്കുന്ന എതിര്‍പ്പിനും നിന്ദനത്തിനും പരിഹാരമായി, ഈ വരുന്ന ഡിസംബര്‍ 18-ാം തീയതി, അത്ഭുതസ്ലീവായുടെ
തിരുനാള്‍ ദിവസം, നമ്മുടെ അതിരൂപതയില്‍ പരിഹാരദിനമായി ആചരിക്കണമെന്ന് എല്ലാ അതിരൂപതാംഗങ്ങളോടും ഞാനഭ്യര്‍ത്ഥിക്കുന്നു. 17-ാം തീയതി സായാഹ്നത്തില്‍ എല്ലാ ദൈവാലയങ്ങളിലും കുടുംബങ്ങളിലും അത്ഭുതസ്ലീവാ അലങ്കരിച്ച് പ്രതിഷ്ഠിക്കണമെന്നും, ദൈവാലയങ്ങളില്‍ ആഘോഷമായ റംശാ പ്രാര്‍ത്ഥന നടത്തണമെന്നും താല്‍പര്യപ്പെടുന്നു. റംശായോടു ചേര്‍ന്നോ, 18-ാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമോ അലങ്കരിച്ച സ്ലീവായും വഹിച്ചുകൊï് ദൈവാലയത്തിനു ചുറ്റുമായി കുരിശിന്‍തൊട്ടി ചുറ്റി, സ്ലീവാസ്തുതികള്‍ ആലപിച്ചുകൊï് പ്രദക്ഷിണം നടത്തി വിശുദ്ധ സ്ലീവായോടുള്ള ഭക്തിയും വണക്കവും പ്രകാശിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സ്ലീവായോടു കാണിക്കുന്ന നിന്ദനത്തിന് കര്‍ത്താവിനോട് മാപ്പു ചോദിക്കുകയും സ്ലീവായുടെ മഹത്ത്വവും വിജയവും പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങള്‍ ആലപിക്കുകയും
ചെയ്യുക.'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (മാര്‍ വാലാഹ്) എന്നുള്ള തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം പ്രദക്ഷിണസമയത്ത് ആവര്‍ത്തിച്ച് ഏറ്റുപറയുന്നത് ഉചിതമായിരിക്കും. ദൈവാലയത്തില്‍ വന്ന് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്ത് ഉചിതമായ രീതിയില്‍ സ്ലീവാവണക്കം നടത്തണമെന്നും താല്‍പര്യപ്പെടുന്നു.
വിശുദ്ധ സ്ലീവായുടെ പ്രാധാന്യവും പ്രതീകാത്മകതയും വിശദമാക്കിക്കൊണ്ടുള്ള പ്രബോധനങ്ങള്‍ ദൈവജനത്തിന് നല്‍കാന്‍ ബഹുമാനപ്പെട്ട വൈദികര്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുനാളാചരണം പരിഹാരദിനമായി ഉചിതമായി കൊണ്ടാന്‍ ബഹു. വൈദികര്‍ വേണ്ടതെല്ലാം ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links