സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.

Tuesday 26 November 2019

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന 10% സാമ്പത്തികസംവരണം(ഇഡബ്ളിയു എസ്)  കേരളത്തിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ സമ്മേളിച്ച ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളുടെ മെത്രാൻമാരും വികാരി ജനറാൾമാരും  വിവിധ ചുമതലകൾ വഹിക്കുന്നവൈദികരുമടങ്ങിയ സംയുക്ത  സമിതി പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ഇതിനോടകം 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയെങ്കിലും കേരളത്തിൽ സംസ്ഥാന സർക്കാർ തികഞ്ഞ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ മാർച്ച് മാസത്തിൽ നിയമിച്ച കമ്മീഷൻ മുൻപാകെ രണ്ട് തവണ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചിരുന്നുവെങ്കിലും സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ അന്യായമായി നീളുകയാണ്. ഈ കമ്മീഷനിൽ ക്രൈസ്തവർക്ക് യാതൊരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. കമ്മീഷന്റെ സിറ്റിംഗുകളിലും ക്രൈസ്തവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മതിയായ അവസരങ്ങൾ അനുവദിക്കപ്പെട്ടില്ല. ഇത് അത്യന്തം ഖേദകരമാണന്നു യോഗം വിലയിരുത്തി.

 

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ് ), എൽ ഡി ക്ലാർക്, അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പടെ നിരവധി തസ്തികകളിലേക്കുള്ള പി എസ്സ് സി വിജ്ഞാപനങ്ങൾ ഈ മാസം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ നിയമനങ്ങളിലൊന്നും  സാമ്പത്തികസംവരണം ബാധകമാക്കിയിട്ടില്ല. സാമ്പത്തിക സംവരണം സംബന്ധിച്ച നടപടികൾ നീട്ടിക്കൊണ്ട് പോകുന്നതും സാമ്പത്തിക സംവരണം ബാധകമാക്കാതെ സുപ്രധാന തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതും  സംവരണേതര വിഭാഗങ്ങളിലെ ലക്ഷക്കണക്കിനുവരുന്ന പാവപ്പെട്ടവരോടുള്ള നീതിനിഷേധമാണ്. അതിനാൽ ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്ന കെ എ എസ്, എൽ ഡി സി ഉൾപ്പടെയുള്ള നിയമനങ്ങൾക്ക് 10% സാമ്പത്തിക സംവരണം ബാധകമാക്കിക്കൊണ്ടുള്ള  ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ  അടിയന്തിരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്  സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരിന് കാലതാമസമുണ്ടെങ്കിൽ കേന്ദ്ര വിജ്ഞാപനപ്രകാരമുള്ള മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ട് 10% സാമ്പത്തിക സംവരണം അടിയന്തിരമായി നടപ്പിലാക്കണം. കെ എ എസ് -ൽ രണ്ടും മൂന്നും സ്ട്രീമുകളിൽ പോലും ജാതി സംവരണം ബാധകമാക്കിയിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട 10% സാമ്പത്തി സംവരണം (ഇ ഡബ്ളിയു എസ്)  നടപ്പിലാക്കാതിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമാണ്. 

 

യോഗത്തിൽ ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, സഹായമെത്രാൻമാരായ മാർ തോമസ് തറയിൽ, മാർ ജേക്കബ് മുരിക്കൻ, ഈ രൂപതകളിലെ  വികാരി ജനറാൾമാർ , മറ്റ് വൈദീകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


useful links