റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):

Sunday 19 July 2020

റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020): കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി 
 
മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് - പോസ്റ്റുലേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിച്ചിരുന്ന റവ. സി. ജെയിൻ കൊട്ടാരം CMC - യുടെ ആകസ്മിക ദേഹവിയോഗം കർമ്മല സന്ന്യാസിനീസഭയെ മാത്രമല്ല, ചങ്ങനാശേരി അതിരൂപതയെയും വിശിഷ്യാ, കാവുകാട്ടുതിരുമേനിയെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന സകല വിശ്വാസികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശാസ്ത്ര ജ്ഞാനത്തോടൊപ്പം മാനുഷിക പുണ്യങ്ങളും തന്റെ ശിഷ്യഗണത്തിന് കൈമാറാൻ ദത്തശ്രദ്ധയായിരുന്ന ജെയ്നമ്മയുടെ നിര്യാണം അക്ഷരലോകത്തിനും തീരാനഷ്ടമാണ്. സന്ന്യാസജീവിതത്തിനും അദ്ധ്യാപകവൃത്തിയ്ക്കും ഉദാത്ത മാതൃകയായിരുന്ന ഈ സ്ത്രീരത്നം സഭയ്ക്കും സമൂഹത്തിനും ചെയ്ത നന്മകളിലെ ഒരു സവിശേഷ ‘കാരിസ’ത്തിലേക്കുമാത്രം ശ്രദ്ധ ക്ഷണിക്കാനാണ് ഈ കുറിപ്പെഴുതുന്നത്. 
 
പുണ്യശ്ലോകനായ കാവുകാട്ടുപിതാവിനോടു ജെയ്നമ്മയ്ക്കുണ്ടായിരുന്ന ആത്മീയ അടുപ്പവും പിതാവിന്റെ നാമകരണനടപടികൾക്ക് സിസ്റ്റർ
നൽകിയ നിസ്തുലമായ ശുശ്രൂഷയും തന്റെ "ദൈവവിളിക്കുള്ളിലെ വിളി"യായി (call within a call) ജെയ്നമ്മ മനസ്സിലാക്കിയിരുന്നു. കാവുകാട്ടുപിതാവിന്റെ പുണ്യജീവിതം പ്രചരിപ്പിക്കുന്നത് തന്റെ ദ്വിതീയവിളിയായി സ്വീകരിച്ച സന്ന്യാസശ്രേഷ്‌ഠയാണ് സി. ജെയിൻ കൊട്ടാരം. കാവുകാട്ടുതിരുമേനിയുടെ 116-ാം ജന്മദിനവാർഷികത്തിൽത്തന്നെ (ജൂലൈ 17) ജെയ്നമ്മ ഈ ലോകത്തോടു വിടപറഞ്ഞു എന്നത് ആ പുണ്യ പിതാവിനോടുള്ള അവരുടെ ആത്മീയ ഇഴയടുപ്പത്തിന്റെ അവസാന സാക്ഷ്യപത്രമാണ്. 
 
കാവുകാട്ടു പിതാവുമായുള്ള കൂടിക്കാഴ്ചകൾ അയവിറക്കുന്നത് സിസ്റ്ററിന് ആനന്ദദായകമായിരുന്നു. കാവുകാട്ടുപിതാവ് പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും രസതന്ത്രത്തിൽ ഉന്നത ബിരുദം പൂർത്തിയാക്കി തിരിച്ചുവന്ന അവസരത്തിൽ പിതാവിനെ കാണാൻ പോയത് വലിയ വികാരവായ്പോടെയാണ് ജെയ്നമ്മ അനുസ്മരിക്കാറുണ്ടായിരുന്നത്. പഠനവും പരീക്ഷയും കഴിഞ്ഞ് ക്ഷീണിതരായെത്തിയ യുവസന്ന്യാസിനികളായ തങ്ങളോട്, പിതാവിന്റെ വേനൽക്കാലവസതിയായ പീരുമേട്ടിലെ ചാൾസ് വില്ലയിൽ പോയി കുറച്ചു ദിവസം താമസിച്ച് വിശ്രമിക്കണമെന്നു പറഞ്ഞതും, അക്കാര്യത്തിനായി പ്രൊവിൻഷ്യാളമ്മയ്ക്കു ആ വത്സലപിതാവ് നിർദ്ദേശം നൽകിയതും, പീരുമേട്ടിൽ ചെല്ലുമ്പോൾ അവിടെയുള്ള തോട്ടത്തിലെ ഓറഞ്ചുകൾ പൊട്ടിച്ചുതിന്നണ്ണമെന്നു ഓർമ്മിപ്പിച്ചതും ഒക്കെ ജെയ്നമ്മയ്ക്കു മറക്കാനാവാത്ത മധുരസ്മരണകളായിരുന്നു. ലൂർദ്ദിൽനിന്നു കൊണ്ടുവന്ന ജപമാലയും തീർത്ഥജലവും അന്നു പിതാവ് സമ്മാനിച്ചത് ഒരു നിധിപോലെ ജെയ്നമ്മ എന്നും കാത്തു സൂക്ഷിച്ചിരുന്നു.
 
കാവുകാട്ടുപിതാവ് പേരു നൽകിയ ‘അസംപ്ഷൻ’ കോളേജിൽ പഠിപ്പിച്ച നാളുകളിലൊക്കെ ആ ആചാര്യശ്രേഷ്ഠന്റെ പിതൃവാത്സല്യം ആവോളം നുകരാൻ ജെയ്നമ്മയ്ക്കു ഭാഗ്യം ലഭിച്ചിരുന്നു. ഒടുവിൽ പിതാവിന്റെ മൃതസംസ്കാരതലേന്ന് (9 ഒക്ടോബർ 1969) അരമനയിൽ വച്ചിരുന്ന ശവമഞ്ചത്തിനു ചുറ്റുംനിന്ന് ജാഗരണം നടത്തുവാൻ നറുക്കു വീണത് പയസ് ഹോസ്റ്റലിലെ അന്തേവാസികൾക്കും അവരുടെ വാർഡനായിരുന്ന ജെയ്നമ്മയ്ക്കുമായിരുന്നു. അന്നുമുതൽ കാവുകാട്ടുപിതാവിന്റെ പുണ്യജീവിതത്തിന്റെ വക്താവും സാക്ഷിയുമായി സിസ്റ്റർ മാറുകയായിരുന്നു.
 
കാവുകാട്ടുപിതാവിന്റെ നാമകരണ നടപടികൾക്ക് രൂപതാതലത്തിൽ നേതൃത്വം നൽകുവാൻ കഴിവും യോഗ്യതയുമുള്ള വ്യക്തികളെ ആവശ്യമായി വന്നപ്പോൾ ആ ഉത്തരവാദിത്വത്തിന് സർവ്വദാ യോഗ്യയായി  മാർ ജോസഫ് പവ്വത്തിൽ പിതാവ് കണ്ടത് നമ്മുടെ പ്രിയങ്കരിയായ ജെയ്നമ്മയെയായിരുന്നു. 1994 ജനുവരി 24 മുതൽ ഇന്നാൾവരെയും, സുദീർഘമായ 27 വർഷങ്ങൾ, ഈ നാമകരണ നടപടിയുടെ വൈസ് - പോസ്റ്റുലേറ്ററായി ജെയ്നമ്മ സേവനം ചെയ്തുവന്നു. ഈ കാലയളവിൽ ആറോളം വൈദികർ ഈ ഉത്തരവാദിത്വത്തിൽ സഹപ്രവർത്തകരായി - വൈസ് പോസ്റ്റുലേറ്ററായി - ശൂശ്രൂഷ ചെയ്ത് സ്ഥലം മാറിപോയിട്ടുണ്ട്. എന്നാൽ, ജെയ്നമ്മ ഏകവും ഏകാഗ്രവുമായ മനസ്സോടെ, നിതാന്ത വിശ്വസ്തയോടെ ഈ ഉത്തരവാദിത്വം ഇക്കാലമത്രയും നിർവ്വഹിച്ചുപോന്നു. കാവുകാട്ടുപിതാവിനെക്കുറിച്ച് ജെയ്നമ്മ എഴുതിയ ലേഖനങ്ങളും പംക്തികളും നിരവധിയാണ്. ബഹു. ജേക്കബ് കാട്ടൂരച്ചനോടൊന്നിച്ച് കൈനിറയെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ അവസാന വ്യാഴവട്ടക്കാലം, ബഹു. മാത്യു മറ്റത്തിലച്ചനോടൊപ്പംനിന്ന് കാവുകാട്ടു മ്യൂസിയത്തിനും നാമകരണ ഓഫീസിനും  ജെയ്നമ്മ നേതൃത്വം നൽകിവന്നു. 
 
പ്രായാധിക്യംമൂലം ജെയ്നമ്മയ്ക്ക് ഈ ശൂശ്രൂഷ തുടർന്നു കൊണ്ടുപോകാൻ സാധിക്കുമോ എന്നൊരു ചിന്ത എനിയ്ക്കുണ്ടായെങ്കിലും അമ്മയെ അടുത്തു പരിചയപ്പെട്ടതുമുതൽ ഒരു കാര്യം എനിക്കു കൂടുതൽ വ്യക്തമായി: ജെയ്നമ്മയും ഈ നാമകരണനടപടിയും ‘ഏകശരീരം’പോലെ ഒന്നായിത്തീർന്നിരിക്കുന്നു; തമ്മിൽ വേർപെടുത്തുന്നത് ഇരുകൂട്ടർക്കും നല്ലതായിരിക്കില്ല. അതുകൊണ്ടുതന്നെ അമ്മയുടെ ഇഹലോക വേർപാട് ഈ നാമകരണനടപടിയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഹൃദയം നുറുങ്ങുന്ന വേദനയാണ് നൽകുന്നത്. ഞങ്ങളുടെ അശ്രുകണങ്ങൾ ദുഃഖത്തിന്റേതെങ്കിലും, അമ്മയ്ക്കായുള്ള പ്രാർത്ഥനാ മണിമുത്തുകൾകൂടിയായി അതുമാറട്ടെ എന്നാശിക്കുന്നു. അമ്മ മരിച്ചാലും സ്വർഗ്ഗത്തിലിരുന്ന് ഈ ശുശ്രൂഷ നിർവ്വഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 
 
കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രിയായി അറിയപ്പെടുന്നതിൽ ജെയ്നമ്മ അഭിമാനിച്ചിരുന്നു. പിതാവിന്റെ പുണ്യജീവിതത്തെ സ്ഥിരീകരിക്കുംവിധം ക്യാൻസറിൽനിന്ന് ഒരു അത്ഭുത രോഗസൗഖ്യവും പിതാവിന്റെ മാദ്ധ്യസ്ഥ്യംവഴി ജെയ്നമ്മയ്ക്കു ലഭിക്കുകയുണ്ടായി. കാവുകാട്ടുപിതാവിന്റെ ജന്മദേശമായ പ്രവിത്താനത്ത് പിതാവിന്റെ പേരിലാരംഭിച്ച ആശുപതിയിലാണ് ഓപ്പറേഷനും  ചികിത്സയും നടന്നുവന്നിരുന്നത്.  പല കീമോകൾ ചെയ്തുവെങ്കിലും രോഗശമനം ഉണ്ടായില്ല. കാവുകാട്ടു പിതാവിന്റെ മാദ്ധ്യസ്ഥ്യം സിസ്റ്റർ നിരന്തരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, വലിയൊരു ദൈവാനുഭൂതിയോടുകൂടെ രോഗം മാറുന്നതായി സിസ്റ്ററിന് തോന്നി. അടുത്തവട്ടം 
ആശുപത്രിയിൽ പോയി പരിശോധന നടത്തിയപ്പോൾ ഡോക്ടേഴ്സിനെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് രോഗകാരണമായതൊന്നും സിസ്റ്ററിന്റെ ശരീരത്തിൽ കണ്ടെത്താനായില്ല. ഈ മെഡിക്കൽ റിസൾറ്റുകൾ ലഭിച്ച തീയതി ഞാൻ പരിശോധിച്ചു. അതൊരു 9-ാം തീയതിയായിരുന്നു, കാവുകാട്ടുപിതാവിന്റെ മരണത്തീയതി. കാവുകാട്ടുപിതാവിനോടുള്ള ജെയ്നമ്മയുടെ അതിസ്വാഭാവിക ആത്മീയഐക്യം (supernatural affinity) അന്നേ പലരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒടുവിലിതാ, ജെയ്നമ്മയുടെ മരണദിവസമായി ദൈവം നിശ്ചയിച്ചതാകട്ടെ, കാവുകാട്ടു പിതാവിന്റെ ജനനദിവസവും. 
വെറും യാദൃശ്ചികമായി ഇതിനെ കാണാനാവില്ല. വിശ്വാസത്തിന്റെ കണ്ണുകളിൽമാത്രം ദർശിക്കേണ്ട ദൈവപരിപാലനത്തിന്റെ ആത്മീയരഹസ്യമാണിത്. ജെയ്നമ്മയുടെ സ്വർഗ്ഗീയയാത്രയിൽ നമുക്ക് യാത്രാമൊഴികൾ നൽകാം. ചങ്ങനാശേരി അതിരൂപതാകുടുംബം ഈ മഹതിയുടെ നന്മകളാൽ സമ്പന്നമാണ്, അവളുടെ സ്വർഗ്ഗീയ പ്രവേശനത്താൽ അതിലേറെ സമ്പന്നയായി ഭവിക്കും. 
 
ജെയ്നമ്മയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും ശിഷ്യഗണത്തെയും സഭാസമൂഹത്തെയും അനുശോചനം അറിയിച്ചു കൊണ്ടും കാവുകാട്ടുപിതാവിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട് ജെയ്നമ്മ ചങ്ങനാശേരി അതിരൂപതയ്ക്കു നൽകിയ നിസ്തുലമായ സേവനങ്ങളെ നന്ദിപുരസരം സ്മരിച്ചുകൊണ്ടും ഈ സ്ത്രീരത്നത്തിന് അന്തിമോപചാരം അർപ്പിക്കുന്നു.
 
ഫാ. ജോസഫ് ആലഞ്ചേരി
ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടിയുടെ പോസ്റ്റുലേറ്റർ
17 ജൂലൈ 2020

useful links