സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും

Monday 29 July 2019

ഇതുവരെ സാമുദായിക സംവരണം ലഭിക്കാതിരുന്ന  സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി 103-ാം  ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി 12 ന്  കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന  സംവരണമാണ് സാമ്പത്തിക സംവരണം  അഥവാ Economically Weaker Sections (EWS) Reservation  എന്ന പേരിൽ അറിയപ്പെടുന്നത്.  കേരളത്തിൽ  സുറിയാനി ക്രിസ്ത്യാനികളിലെയും നായർ, ബ്രാഹ്മണ ഉൾപ്പെടെ ഒട്ടനവധി   ഹൈന്ദവ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇതിന്റെ പ്രയോജനം  ലഭിക്കും. ഈ സമുദായാംഗങ്ങൾ മുഴുവനും കൂടി കേരള ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. ഇതു വഴി പ്രസ്തുതസമുദായാംഗങ്ങളിലെ പാവപ്പെട്ടവർക്ക് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യസ രംഗത്തും 10% സംവരണം ലഭിക്കും. ഇത്രയധികം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന  കാര്യമായിരുന്നിട്ടും കേരള സർക്കാർ  ഈ സംവരണം നടപ്പിലാക്കുന്നതിൽ   മന്ദഗതി തുടരുകയാണ്. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ  വളരെ അനീതിപരമായ സമീപനമാണ് സർക്കാർ  സ്വീകരിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ നിരീക്ഷിക്കാൻ സാധിച്ച ഏതാനം അനീതികൾ താഴെ വിവരിക്കുന്നു.

1.   10% സാമ്പത്തിക സംവരണം (ഇ ഡബ്ലിയു എസ് റിസർവേഷൻ )  സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ട് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്  2020 ജനുവരി 3ന് മാത്രമാണ്.   ഇതുമൂലം കേരളത്തിലെ സംവരണേതര വിഭാഗങ്ങൾക്ക് അർഹമായ സംവരണ ആനുകൂല്യം  ഒരു വർഷക്കാലം വൈകുന്നതിന്  ഇടയായി. മാത്രമല്ല ഇതിൽ നിന്നും വ്യവസ്ഥകൾ കഠിനമാക്കി  ഫെബ്രുവരി 12 ന് ഇറക്കിയ ഉത്തരവ് ഗുണഭോക്താക്കൾക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കി. 

 2.  സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കുന്നതിനെക്കു റിച്ച് പഠിക്കുന്നതിനായി  സംസ്ഥാന സർക്കാർ നിയോഗിച്ച ശശിധരൻ നായർ കമ്മീഷനിൽ  ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന് യാതൊരു പ്രാതിനിധ്യവും ലഭിച്ചില്ല.  ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതെയുള്ള റിപ്പോർട്ടും മാനദണ്ഡങ്ങളുമാണ്  സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. 

3. സാമ്പത്തികസംവരണം അംഗീകരിച്ചുകൊണ്ട്  സംസ്ഥാന സർക്കാർ ഉത്തരവ്  പുറപ്പെടുവിച്ച  3.1.2020ന് തൊട്ടുമുൻപ് 250 തോളം തസ്തികളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചത്  പ്രസ്തുത വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സാമ്പത്തിക സംവരണത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തപ്പെട്ട നീക്കമാണെന്ന് ഗൗരവമായി സംശയിക്കുന്നു. ഇതു മൂലം ധാരാളം തൊഴിൽ അവസരങ്ങൾ ഈ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. പ്രത്യേകിച്ച് പ്രാഥമിക പരീക്ഷ നടത്തപ്പെട്ട KAS തസ്തികയിൽ  EWS റിസർവേഷൻ  ഏർപ്പെടുത്താനുള്ള അടിയന്തര നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സംവരണ രഹിത സമുദായങ്ങൾ ഭരണപങ്കാളിത്തത്തിൽ നിന്ന് മാറ്റി നിർത്തപ്പെടും.ഈ സാഹചര്യത്തിൽ, 2020  മാർച്ച് 3 ന് സർക്കാർ ഇറക്കിയ അസാധാരണ ഉത്തരവിൽ ഈ ജനുവരി 3 മുതൽ മാത്രമേ സംസ്ഥാനത്ത് സാമ്പത്തിക സംവരണത്തിനു പ്രാബല്യമുണ്ടാവുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു . ഇത് തികഞ്ഞ അനീതിയും അവസരങ്ങളുടെ നിഷേധവുമാണ്.  അതിനാൽ നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന  12.1.2019 തീയതി മുതൽ  മുൻകാല പ്രാബല്യം നൽകിക്കൊണ്ട് പ്രസ്തുത തിയതിക്കു ശേഷം പുറപ്പെടുവിച്ച എല്ലാ പി എസ് സി വിജ്ഞാപനങ്ങളിലും  സാമ്പത്തിക സംവരണം ബാധകമാക്കി നടപ്പിലാക്കുവാൻ സംസ്ഥാന  സർക്കാർ അടിയന്തരമായി  നയപരമായ തീരുമാനമെടുക്കണം . 

 4.  സാമ്പത്തിക പിന്നോക്കാവസ്ഥ  കണക്കാക്കുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ച  ഭൂപരിധിയായ 5 ഏക്കർ  കൃഷിഭൂമി എന്ന  മാനദണ്ഡം  സംസ്ഥാന സർക്കാർ 2.5  ഏക്കർ എന്ന നിലയിലേക്ക് വെട്ടി ചുരുക്കിയത്  കേരളത്തിലെ കർഷകരോട് ചെയ്യുന്ന കടുത്ത അനീതിയാണ്.  കാർഷികവിളകളുടെ ഗുരുതരമായ വിലയിടിവ്, കടക്കെണി,  തോട്ടം -പുരയിടം,  നിലം - പുരയിടം, കസ്തൂരിരംഗൻ,  പട്ടയനിഷേധം , പ്രകൃതി ദുരന്തങ്ങൾ, വന്യ മൃഗങ്ങളുടെ ആക്രമണം  തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ  കർഷകർ വളരെയധികം ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും  അനുഭവിക്കുകയാണ്. ഈ ദുരിതസ്ഥിതിയിൽ ചെറുകിട -ഇടത്തരം കർഷകരെ സാമ്പത്തിക സംവരണത്തിൽ നിന്നുകൂടി പുറത്താക്കിയത് ആ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.ഈ നീതിനിഷേധം  മലയോര മേഖലകളിലും കുട്ടനാട്ടിലുമൊക്കെ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. മാർച്ച് 4 ന് നിയമസഭയിൽ ശ്രീ പി സി ജോർജ് എംഎൽഎയുടെ സബ്മിഷനു മറുപടിയായി കൃഷി ഭൂമിയുടെ പരിധി ഉയർത്തില്ല എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്  കർഷകരെ സംബന്ധിച്ചിടത്തോളം വളരെ ദുഖകരമാണ് . ഭരണ സംവിധാനങ്ങളോ രാഷ്ടീയ പ്രസ്ഥാനങ്ങളോ കുട്ടനാട്ടിലെയൊ മറ്റിടങ്ങളിലെയോ  കർഷകനെയോ -അവന്റെ കുടുംബത്തെയോ  പരിഗണിക്കുന്നില്ല എന്നതിൻ്റെ വലിയ തെളിവാണിത്. 

5.  സാമ്പത്തിക പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതിന്  കേന്ദ്രസർക്കാർ സ്വീകരിച്ച  കുടുംബ വാർഷിക വരുമാനപരിധി 8 ലക്ഷം രൂപ എന്നത്  സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയായി വെട്ടിക്കുറച്ചത്   അനീതിയാണ്.  കേരളത്തിൽ OBC  സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷം  രൂപയായിരിക്കുമ്പോഴാണ്  സാമ്പത്തിക സംവരണത്തിൽ ഇത്രയും കുറഞ്ഞ ഒരു മാനദണ്ഡം സ്വീകരിച്ചത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ ജീവിതച്ചെലവുകൾ വളരെയധികം ഉയർന്നു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിനാൽ വരുമാനപരിധി കേന്ദ്ര മാനദണ്ഡത്തിന് സമമായി എങ്കിലും നിലനിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. 

 6.കേന്ദ്രസർക്കാർ' വിജ്ഞാപനത്തിലും  സംസ്ഥാന സർക്കാർ 2020 ജനുവരി 3ന്  പുറപ്പെടുവിച്ച ഉത്തരവിലും  കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരുന്നത്  അപേക്ഷകൻ/ക, അപേക്ഷകൻ്റെ/കയുടെ മാതാപിതാക്കൾ, ജീവിതപങ്കാളി, പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ  പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവരെ മാത്രമാണ്.  എന്നാൽ 2020 ഫെബ്രുവരി 12 ലെ  ഉത്തരവ് പ്രകാരം മുകളിൽ പറഞ്ഞവരോടൊപ്പം ആ കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തിയിരുന്നു . അതായത് മാതാപിതാക്കളുടെ മാതാപിതാക്കൾ,  പ്രായപൂർത്തിയായ സഹോദരങ്ങൾ  തുടങ്ങിയവർ അപേക്ഷകൻ്റെ കുടുംബത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെങ്കിൽ അവരും കുടുംബം എന്ന നിർവചനത്തിലുൾപ്പെടുമായിരുന്നു. ഇവരുടെ എല്ലാവരുടെയും ആകെ ഭൂസ്വത്തും ആകെ വരുമാനവുമാണ്  കണക്കാക്കേണ്ടിയിരുന്നത്. എന്നാൽ മാർച്ച് 3 ലെ ഉത്തരവിലൂടെ  ഫെബ്രുവരി 12 ലെ അശാസ്ത്രിയ ഉത്തരവിൽ ഭേദഗതി വരുത്തി കുടുംബം എന്നതിന്റെ നിർവ്വചനത്തിൽ ജനുവരി 3 ലെ നില പുനസ്ഥാപിച്ചത് സ്വീകാര്യമാണ്. 

 7.വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ  സ്വത്തുവിവരം എപ്രകാരമാണ് കണക്കാക്കുന്നത്  എന്നതു  സംബന്ധിച്ച് ഇപ്പോഴും ആശങ്കയുണ്ട്.   വിവാഹം കഴിഞ്ഞ  സ്ത്രീകളുടെ  മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കിലെടുക്കുന്നത് സംവരണ വിഷയത്തിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം തന്നെയാണ്.ഈ സാഹചര്യത്തിൽ അപേക്ഷകയുടെയും  ഭർത്താവിന്റെയും മാത്രം  സ്വത്തും വരുമാനവും  കണക്കിലെടുത്താൽ മതിയാകും എന്ന നിലപാട് സ്വീകരിക്കണം. 

8.  കേരളത്തിൽ  ഭൂ വിനിയോഗരീതിയുടെ  അടിസ്ഥാനത്തിൽ വേർതിരിവുകൾ ഇല്ലാതിരിക്കെ  മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും  കൃഷിഭൂമി,  ഹൗസ് പ്ലോട്ട്  എന്നീ വേർതിരിവുകൾ നിശ്ചയിച്ചത് തികച്ചും അശാസ്ത്രീയമാണ് . മുനിസിപ്പാലിറ്റികളിൽ 75 സെൻറ്,   കോർപ്പറേഷനുകളിൽ 50 സെൻറ്  എന്ന രീതിയിലുള്ള  പരിധിയാണ്  സാമ്പത്തിക പിന്നോക്കാവസ്ഥയുടെ  മാനദണ്ഡമായി സർക്കാർ  നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ ഹൗസ് പ്ലോട്ട്  യഥാക്രമം 20 സെൻറ് 15 സെൻറ് എന്ന പരിധിയിൽ കൂടരുതെന്ന്  നിഷ്കർഷിച്ചിരിക്കുന്നതിനാൽ   പ്രായോഗികമായി ഈ ഭൂപരിധിക്കുള്ളിൽ വരുന്നവർക്ക്  മാത്രമേ ഇവിടങ്ങളിൽ സാമ്പത്തിക സംവരണത്തിൻ്റെ ആനുകൂല്യം  ലഭിക്കുകയുള്ളൂ. കേരളത്തിൽ പലയിടത്തും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിൽ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ  കാര്യമായ വ്യത്യാസങ്ങളില്ല  എന്നത്  ശ്രദ്ധിക്കേണ്ടതാണ്.

9.  സർക്കാർ പദ്ധതികളും പുതിയ നിയമനിർമാണങ്ങളും ജനങ്ങളിലെത്തിക്കുന്നത്  സർക്കാർ പരസ്യങ്ങളിലൂടെയും മറ്റുമാണ് .  എന്നാൽ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച്  സർക്കാർ  യാതൊരു പ്രചാരണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല.  അതുകൊണ്ടുതന്നെ ആനുകൂല്യങ്ങൾക്ക് അർഹരായ വലിയൊരു ജനവിഭാഗം ഇതേക്കുറിച്ച് അജ്ഞരാണ്. മാത്രമല്ല ഈ സംവരണവുമായി ബന്ധപ്പെട്ട  ഉത്തരവുകളെക്കുറിച്ച് വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർക്ക് പോലും കാര്യമായ ഗ്രാഹ്യമില്ല. ചില ഉദ്യോഗസ്ഥർ ഗുണഭോക്താക്കളെ മന: പൂർവ്വം കബളിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഉദ്യോഗസ്ഥർക്ക് എതിരെ പരാതി സ്വീകരിച്ച് നടപടികളെടുക്കണം. 

10.വിവിധ സംസ്ഥാന സർക്കാരുകൾ  സാമ്പത്തിക സംവരണത്തിൽ  വളരെ ഉദാരമായ നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.  ഉദാഹരണത്തിന് രാജസ്ഥാൻ സർക്കാർ   വാർഷിക വരുമാനപരിധി  എട്ട് ലക്ഷം രൂപ എന്ന ഒരു മാനദണ്ഡം മാത്രം നിലനിർത്തിക്കൊണ്ട്  ബാക്കി മാനദണ്ഡങ്ങൾ എല്ലാം  ഒഴിവാക്കി .  എന്നാൽ കേരള സർക്കാർ  തികച്ചും  നിഷേധാത്മകമായ  രീതിയിൽ  മാനദണ്ഡങ്ങൾ  നിശ്ചയിച്ചിരിക്കുന്നു.ഇത് പ്രതിഷേധാർഹമാണ്. 

11. മൂന്നു വർഷം കൂടുമ്പോൾ മാനദണ്ഡങ്ങൾ പുനർനിർണയിക്കുന്ന അവസരത്തിൽ ഭൂമിയുടെ മൂല്യവർദ്ധനവ് കണക്കിലെടുക്കും എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഭൂപരിധി ഇനിയും കുറയ്ക്കും എന്ന ധ്വനിയാണ് നൽകുന്നത്. ഇത് കർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്. 

ജനാധിപത്യ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ആദർശപരമായി എല്ലാ വിഭാഗം ജനങ്ങളുടെയും നൻമയ്ക്കു വേണ്ടിയാണ്. പ്രായോഗികതലത്തിലും അത് അപ്രകാരം തന്നെ ആയിരിക്കണം. ക്രൈസ്തവ ന്യൂനപക്ഷ സമൂഹം മിക്ക സർക്കാർ പദ്ധതികളിലും സർക്കാർ നയരൂപീകരണങ്ങളിലും കടുത്ത വിവേചനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും തുല്യതയോടെ കരുതാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.
-ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം


useful links