പ്രിൻസിപ്പൽ താൽക്കാലിക നിയമനം

Friday 05 August 2022

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, www. minoritywelfare.kerala gov.in.

ടൈപ്പിസ്റ്റ് നിയമനം

വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www. cdckerala.org, 0471-2553540.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്- ബിരുദാനന്തരബിരുദവും ഫസ്റ്റ് ക്ലാസും. എന്‍ജിനിയറിംഗ് വിഷയങ്ങള്‍- ബിടെക്കും ഫസ്റ്റ്ക്ലാസും. താല്‍പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 04734-259634.

യങ് കേരള ഇന്റേൺഷിപ്പ് പദ്ധതി

കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും കായിക യുവജനക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന യങ് കേരള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സർക്കാർ സംവിധാനങ്ങളെക്കുറിച്ച് അറിവ് നൽകുക, പൊതുസേവനം, നയരൂപീകരണം, പൊതുഭരണം മുതലായവയെക്കുറിച്ച് മനസിലാക്കുക, നേതൃത്വപാടവം, സമർപ്പണബോധം, സഹാനുഭൂതി, സഹകരണ മനോഭാവം, ആശയവിനിമയശേഷി മുതലായവ പരിപോഷിപ്പിക്കുക, സമർപ്പണ മനോഭാവം ഉള്ളവരെ ഭാവിയിൽ പൊതുസേവനത്തിലേക്ക് ആകർഷിക്കുക, പ്രശ്ന പരിഹാരത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ പ്രവർത്തിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്വന്തം ജില്ലകളിലെ കലക്ടർമാരോടും ജില്ലാ വികസന കമ്മിഷ്ണർമാരോടും യോജിച്ച് പ്രവർത്തിക്കാനുള്ള അവസരമുണ്ടാകും. പങ്കാളികളാവുന്ന ഇന്റേണുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിന്റെ പൊതുനയം, ഗവേണൻസ്, ഭരണനിർവഹണം, നേതൃത്വപാടവം, മാനേജ്മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാകും.

ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പരിജ്ഞാനമുള്ള, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നും തത്തുല്യമായ മറ്റ് യോഗ്യതകൾ (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം) ഉള്ള ഓഗസ്റ്റ് ഒന്നിന് 21 നും 32 ഇടയിൽ പ്രായം (1990 ഓഗസ്റ്റ് 1നും അതിന് ശേഷവും ജനിച്ചവർക്ക് അപേക്ഷിക്കാം) ഉള്ളവരുമായിരിക്കണം അപേക്ഷകർ.

എട്ടു മാസ കാലാവധിയുള്ള പ്രോഗ്രാമിന് പ്രതിമാസം 20,000 രൂപ വീതം സ്റ്റൈഫന്റ് നൽകും. ഓഗസ്റ്റ് 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ kyla.ykip@gmail.com എന്ന മെയിൽ ഐഡിയിലോ 0471-2517437 (10.30 am – 6 pm ) എന്ന ഫോൺ നമ്പറിലോ ലഭ്യമാകും.


useful links