സന്യാസിനി സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം മെയ് രണ്ടു മുതൽ റോമില്‍

Thursday 28 April 2022

ലോകമെമ്പാടുമുള്ള കത്തോലിക്ക സഭയിലെ സന്യാസിനി സമൂഹങ്ങളുടെ സുപ്പീരിയർ ജനറലുമാരുടെ ആഗോളസമ്മേളനം റോമില്‍ നടക്കും. സുപ്പീരിയർ ജനറൽമാരുടെ ഇരുപത്തിരണ്ടാമത് പ്ലീനറി സമ്മേളനം മെയ് രണ്ടു മുതല്‍ ആറ് വരെയാണ് നടക്കുക. "ദൗർബല്യങ്ങളിൽനിന്ന് സിനഡൽ മാർഗ്ഗ ത്തിലേക്കുള്ള ഞങ്ങളുടെ യാത്ര" എന്ന പ്രമേയം കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ സംഗമം റോമിലുള്ള എർജിഫ് ഹോട്ടലിൽ നടക്കുക. 700 സുപ്പീരിയർ ജനറൽമാരായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക. ഇവരിൽ 520 പേർ റോമില്‍ നേരിട്ടെത്തും. ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ മുഖാന്തിരം ആയിരിയ്ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കുക.
 
സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ, നാളെ ഏപ്രിൽ 29-ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫിസില്‍ അവതരിപ്പിക്കപ്പെടും. 71 രാജ്യങ്ങളിൽനിന്നുള്ള ആളുകളാണ് പ്രധാനപ്പെട്ട ഈ സമ്മേ ളനത്തിൽ സംബന്ധിക്കുന്നത്, ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഏഷ്യയിൽ ഇന്ത്യയിൽ നിന്നും, തെക്കേ അമേരിക്കയിൽ മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ സന്യസ്തർ എത്തുക. ആഫ്രിക്കയിൽ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ നിന്നാണ് കൂടുതൽ പ്രതിനിധികള്‍ എത്തുക.
 
1965 മുതൽ സന്ന്യാസിനീസമൂഹങ്ങളിലെ സുപ്പീരിയർ ജനറൽമാരുടെ സമ്മേളനങ്ങൾ നടക്കാറുണ്ട്. സമർ പ്പിതജീവിതവുമായി ബന്ധപ്പെട്ട്, പുതിയനയങ്ങളും രീതികളും രൂപീകരിക്കുന്നതിനുവേണ്ടി പരസ്‌പര വിനിമയം സാധ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി രണ്ടായിരത്തിനടുത്ത് സുപ്പീരിയർ ജനറൽമാരാണ് ഈ കൂട്ടായ്‌മയില്‍ അംഗങ്ങളായുള്ളത്.

useful links