തിരുവനന്തപുരം:ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനെ അറിയിച്ച് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ലൂര്‍ദ് ഫൊറോന പള്ളി സന്ദര്‍ശിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആടിഫ് റഷീദിനെ ആണ് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയിച്ചത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടാക്കണമെന്നും ക്രൈസ്തവര്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്നും അഭിവന്ദ്യ തറയിൽ പിതാവ് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പു നല്‍കി. സംസ്ഥാന ന്യൂനപക്ഷ വകുപ്പു ഡയറക്ടര്‍ മൊയ്തീന്‍കുട്ടി, അഡ്വ. നൗഷാദ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലൂര്‍ദ് ഫൊറോന വികാരി ഫാ. ജോസഫ് കൈതപ്പറമ്പില്‍, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ജോമോന്‍ കാക്കനാട്ട്, ഫാ. ജോസഫ് കീരന്‍ചിറ എന്നിവര്‍ ചേര്‍ന്ന് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനെ സ്വീകരിച്ചു.