കൊറോണ രോഗികളുടെ ചികിൽസയ്ക്ക് ആശ്വാസമേകാൻ ചങ്ങനാശ്ശേരി അതിരൂപത

Friday 21 May 2021

കൊറോണ വ്യാപന രൂക്ഷമായ സാഹചര്യത്തിൽ രോഗികളുടെ ചികിൽസയ്ക്ക് ആശ്വാസമേകാൻ ചങ്ങനാശ്ശേരി അതിരൂപത പ്രത്യേക കൊറോണ പാക്കേജ് പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി കൊറോണ രോഗികളുടെ ചികിൽസയ്ക്ക് ശ്വസന സഹായി ‘ബൈ പാപ്പ് ‘ അടക്കുള്ള സഹായങ്ങൾ ലഭ്യമാക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. അതിരൂപതാ കേന്ദ്രത്തിൽ നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ വിർച്വലായി അധ്യക്ഷ പ്രസംഗം നടത്തവെയാണ് മാർ പെരുന്തോട്ടം ഇക്കാര്യം വ്യക്തമാക്കിയത്.
 
ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റുചില സർക്കാർ ആശുപത്രികളിലും കൊറോണ രോഗികൾക്ക് ശ്വസന സഹായി ‘ബൈ പാപ്പ് ‘ അതിരൂപത സംഭാവന ചെയ്യും. വെന്റിലേറ്ററിന് സമാനമായ ഈ ഉപകരണം ഇസ്രായേൽ, സ്വീഡൻ എന്നി രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്.ഇതിനു ആവശ്യമായ തുക ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വരൂപിക്കും.
 
ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
 
ഇക്കഴിഞ്ഞ വർഷം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭക്ഷണം, സാധന സാമഗ്രികൾ, മാസ്ക് , സാനിറ്റൈസർ, കോവിഡ് കിറ്റ്, വൈദ്യസഹായം, സാമ്പത്തിക സഹായം തുടങ്ങിയ ഈ തലങ്ങളിലായി ഇടവകകളുടെയും പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ 2,58,85126 അതിരൂപതാ ചിലവഴിച്ചിട്ടുണ്ട്.
 
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഓൺലൈനിൽ ക്രമീകരിച്ച അതിരൂപത ദിനാചരണം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് എന്നിവർ പ്രസംഗിച്ചു.
 
കേരള ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം തോമസ് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് വഴീപറമ്പിൽ പതാക ഉയർത്തി. കൊറോണ കാലത്ത് മരണമടഞ്ഞ അല്മായ വിശ്വാസികളെയും, വൈദികരെയും, സന്യസ്തരേയും അനുസ്മരിച്ച് ചാൻസലർ റവ. ഡോ.ഐസക് ആലഞ്ചേരി അനുസ്മരണ പ്രാർത്ഥന നടത്തി. അതിരൂപതയുടെ കഴിഞ്ഞ വർഷത്തെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ അവതരിപ്പിച്ചു.
 
അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾക്ക് റവ. ഡോ. സെബാസ്റ്റ്യൻ കുന്നത്ത്, സി.സി.കുഞ്ഞുകൊച്ച് എന്നിവരെ തിരഞ്ഞെടുത്തതായി മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു.
 
അതിരൂപതയിലെ പുതിയ സ്വതന്ത്ര ഇടവകകളായി കൈനകരി കുട്ടമംഗലം സെൻറ് ജോസഫ് ദേവാലയത്തെയും, കൈനകരി അറുനൂറ്റിമ്പാടം തിരുഹൃദയ ദേവാലയത്തെയും കാവാലം സെൻറ് ജോസഫ് ദേവാലയത്തെയും മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു.
 
പരിപാടികൾക്ക് പ്രോക്യൂറേറ്റർ ഫാ. ചെറിയാൻ കരികൊമ്പിൽ, കോർഡിനേറ്റർസ് ഫാ. ജെന്നി കായംകുളത്തുശ്ശേരി, ഫാ ജോസഫ് വേളങ്ങട്ടുശ്ശേരി, ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ,പി. ആർ. ഓ. അഡ്വ. ജോജി ചിറയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

useful links