രാജസ്ഥാനിലെ ഉദയ്‌പൂർ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. ജോസഫ് പതാലിൽ (85) കാലം ചെയ്‌തു. ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു വിയോഗം. സംസ്‌കാരകർമങ്ങൾ 19 ന് രാവിലെ 10 മണിക്ക് ഉദയ്‌പൂർ അലിപുര ഫാത്തിമ മാതാ കത്തീഡ്രലിൽ നടക്കും.
1937 ജനുവരി 26 ന് നെടുംകുന്നം ഇടവകയിൽ പതാലിൽ സ്‌ക്കറിയാ സ്‌ക്കറിയായുടെയും ഏലിയാമ്മ യുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് അജ്‌മേർ രൂപത മിഷനിൽ ചേർന്നു. 1963 സെപ്തംബർ 21 ന് പൗരോഹിത്യപട്ടം സ്വീകരിച്ചു.
ദക്ഷിണ രാജസ്ഥാനിലെ ഉൾനാടൻ മേഖലയായ മഹുദി മസ്‌കയാണ് ആദ്യത്തെ പ്രവർത്തനമണ്ഡലം. അമ്പപ്പാട മിഷനിൽ 6 വർഷവും ദുംഗർപൂർ മിഷനിൽ 12 വർഷവും സേവനം അനുഷ്‌ഠിച്ചു. 1984 ൽ അജ്‌മേർ - ജയ്‌പൂർ രൂപത വിഭജിച്ച് ഉദയ്‌പൂർ രൂപത രൂപീകരിച്ചപ്പോൾ ആദ്യത്തെ മെത്രാനായി. ചങ്ങനാശേരി അതിരൂപത മുൻമെത്രാപ്പോലീത്ത മാർ ആന്റണി പടിയറയുടെ സാന്നിധ്യത്തിൽ അജ്‌മേർ - ജയ്‌പൂർ രൂപത മെത്രാൻ ബിഷപ് ഡോ. ഇഗ്‌നെഷിയസ് മെനേസിസിന്റെ കാർമികത്വത്തിൽ 1985 ഫെബ്രുവരി 14ന് ആയിരുന്നു മെത്രാഭിഷേകം. 2012 മുതൽ വിശ്രമജീവിതത്തിലായിരുന്നു.
ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്നതിന് അവരിൽ ഒരാളായി ജീവിച്ചുനടത്തിയ പ്രവർത്തനങ്ങളാണ് ബിഷപ് ജോസഫ് പതാലിലിനെ ശ്രദ്ധേയനാക്കിയത്. പി.എസ്. മാത്യു, പി.എസ്. ജോൺ, സിസ്റ്റർ ജെയ്‌ന (ജയ്‌പൂർ), പരേതരായ പി.എസ്. സ്‌കറിയ, ഏലിയാമ്മ, സിസ്റ്റർ മരീന എന്നിവരാണ് സഹോദരങ്ങൾ