പാറേമാക്കൽ തോമാകത്തനാരുടേതുപോലെയുള്ള ധീരമായ സഭാപ്രവർത്തനം ഈ കാലഘട്ടത്തിൻ്റെ ആവശ്യം: മാർ പെരുന്തോട്ടം
Friday 05 April 2024
ചങ്ങനാശ്ശേരി: മലയാളത്തിലെ ആദ്യ സഞ്ചാരസാഹിത്യകൃതിയായ വർത്തമാനപ്പുസ്തകത്തിൻ്റെ രചയിതാവായ ഗോവർണദോർ പാറേ മാക്കൽ തോമാകത്തനാർ ആഴമേറിയ സഭാസ്നേഹിയായിരുന്നു വെന്നും നസ്രാണിസഭയുടെ തനിമയും വ്യക്തിത്വവും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ മാർ ജോസഫ് കരിയാറ്റിയോടൊപ്പം എന്ത് ത്യാഗത്തിനും തയ്യാറായിരുന്നുവെന്നും അദേഹത്തിൻ്റെതുപോലെയുള്ള ധീര മായ സഭാസ്നേഹവും സഭാപ്രവർത്തവും ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.
ഗോവർണദോർ പാറേമാക്കൽ തോമാകത്തനാരുടെ 225 -ാമത് ചരമവാർഷികദിനത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു പിതാവ്. വർത്തമാനപ്പുസ്തകത്തിൻ്റെ ഫാ. പ്ലാഡിഡ് പൊടിപ്പാറ സി.എം.ഐ. തയ്യാറാക്കിയ ഇംഗ്ലീഷ് വിവർത്തനത്തിൻ്റെ പുതിയപതിപ്പ് ചടങ്ങിൽ അതിരൂപതാ യുവദീപ്തി- എസ്.എം.വൈ.എം. പ്രസിഡന്റ് ജോയൽ ജോൺ റോയിക്ക് നൽകിക്കൊണ്ട് അനുസ്മരണസമ്മേളനം പിതാവ് ഉദ്ഘാടനംചെയ്തു.
1736 സെപ്തംബർ 10 ന് ഇന്നത്തെ കോട്ടയംജില്ലയിലെ മീനച്ചൽ താലൂക്കിലുള്ള കടനാട്ടാണ് പാറേമാക്കൽ തോമാകത്തനാർ ജനിച്ചത്. ബഹുഭാഷാപണ്ഡിതനായ അദേഹത്തിന് മലയാളത്തിനുപുറമേ, സുറിയാനി, ലത്തീൻ, സംസ്കൃതം, തമിഴ്, ഇറ്റാലിയൻ, പോർട്ടുഗീസ് എന്നീ ഭാഷകൾ അറിയാമായിരുന്നു. സഭയുടെ പ്രശ്നങ്ങൾ പോർട്ടുഗൽ ഭരണകൂടത്തെയും മാർപാപ്പായെയും നേരിട്ടുകണ്ട് അറിയിക്കാൻ അദേഹം പിന്നീട് ആർച്ചുബിഷപ്പായിത്തീർന്ന കരിയാറ്റി യൗസേപ്പ് മൽപാനുമൊത്തു നടത്തിയ ഐതിഹാസികമായ പോർട്ടുഗൽ - റോമായാത്രയാണ് വർത്തമാനപ്പുസ്തകത്തിൻ്റെ ഇതിവൃത്തം. 1773 മുതൽ 1786 വരെ നീണ്ട ഈ യാത്രയുടെ വിവരണത്തിലൂടെ ആ കാലഘട്ടത്തിലെ സഭയുടെ ചരിത്രം നമുക്ക് മനസിലാക്കിയെടുക്കാൻ സാധിക്കും. ഓരോ സംഭവവും വിവരിച്ചശേഷം അദേഹം നടത്തുന്ന വിചാരം എന്നുപേരിട്ടിരിക്കുന്ന വിചിന്തനങ്ങളിലൂടെ അവയോടുള്ള അദേഹത്തിൻ്റെ ധാർമികരോഷവും നസ്രാണിസഭയോ ടുള്ള അഗാധമായ സ്നേഹവും വെളിവാകും. തങ്ങളുടെ ലക്ഷ്യങ്ങൾ പലതും സാധിച്ചും മാർ കരിയാറ്റി മെത്രാപ്പോലീത്താപദവി സ്വീകരിച്ചും അവർ ഗോവയിൽ തിരികെയെത്തിയെങ്കിലും അവിടെവച്ച് മാർ കരിയാറ്റി ആകസ്മികമായി കാലംചെയ്തു. തുടർന്ന് പാറേമാക്കൽ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോറായി ചുമതലയേറ്റ് അങ്കമാലിയിൽ താമസമാക്കി. ടിപ്പു സുൽത്താന്റെ ആക്രമണത്തെ തുടർന്ന് അദേഹം തൻ്റെ ആസ്ഥാനം വടയാർ എന്ന സ്ഥലത്തേക്കു മാറ്റുകയും പിന്നീട് രാമപുരത്ത് താമസമാക്കുകയും ചെയ്തു. 1799 മാർച്ച് 20 ന് അദേഹം ദിവംഗതനായി രാമപുരത്ത് സംസ്കരിക്കപ്പെട്ടു.
അതിരൂപതാ പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയാണ് അനുസ്മരണം സംഘടിപ്പിച്ചത്. ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് മൂന്നുപറയിൽ, ഡോ. പി.സി. അനിയൻകുഞ്ഞ്, ഡോ. റൂബിൾ രാജ്, സെർജി ആൻ്റണി, ജോബി പ്രാക്കുഴി, ബോബി തോമസ്, അഡ്വ. ഡെന്നിസ് ജോസഫ്, അതിരൂപതാ ചരിത്രകമ്മിഷൻ അംഗം കെ.വി. സെബാസ്റ്റ്യൻ, വാഴപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ആൻ്റണി, KRISS പി.ആർ.ഒ. ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.