മാർ ജയിംസ് കാളാശ്ശേരിയുടെ 75-ാം ചരമവാർഷികാചരണവും അനുസ്മരണസിംപോസിയവും
Saturday 26 October 2024
ചങ്ങനാശ്ശേരി: അതിരൂപതയുടെ നാലാമതു മേലധ്യക്ഷൻ മാർ ജയിംസ് കാളാശ്ശേരിയുടെ 75-ാം ചരമവാർഷികാചരണവും അനുസ്മരണസിംപോസിയവും 2024 ഒക്ടോബർ 26നു നടത്തപ്പെട്ടു.
രാവിലെ ഏഴിനു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിലെ മാർത്ത് മറിയം കബറിടപ്പള്ളിയിൽ അനുസ്മരണക്കുർബാനയ്ക്കു മെത്രാപ്പോലീത്തൻ പള്ളിവികാരി ഫാ. ജോസ് കൊച്ചുപറമ്പിലും മാർ കാളാശ്ശേരിയുടെ കബറിടത്തിങ്കലെ ഒപ്പീസിന് അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടവും കാർമികത്വംവഹിച്ചു.
മാർ കാളാശ്ശേരിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണം മാതൃഇടവകയായ കൈനകരി സെന്റ് മേരീസ് പള്ളിയിൽനിന്നും ആരംഭിച്ചു വിവിധ ഇടവകകളിൽനിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെത്തിച്ചേർന്നു. തുടർന്ന്, ഫാ. വില്യം മെമ്മോറിയൽ ഹാളിൽ അനുസ്മരണസിംപോസിയം നടത്തപ്പെട്ടു.
അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ സിംപോസിയസമ്മേളനത്തിനു സ്വാഗതമറിയിച്ചു. അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണവും നിയുക്തകർദിനാളും മെത്രാപ്പോലീത്തായായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത മോൺ. ജോർജ് കൂവക്കാട് അനുസ്മരണസന്ദേശവും നടത്തി. 'കാളാശ്ശേരിപ്പിതാവിൻ്റെ വിദ്യാഭ്യാസദർശനം: കാലികപ്രസക്തി', 'സമുദായശക്തീകരണം: കാളാശ്ശേരി പ്പിതാവ് ഒരു കാലികവായന' എന്നീ രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ദേശീയന്യൂനപക്ഷവിദ്യാഭ്യാസകമ്മിഷൻ അംഗവുമായ സിറിയക് തോമസ്, കാഞ്ഞിരപ്പള്ളി രൂപതയുടെ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരാണു പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. മാർതോമാവിദ്യാനികേതൻ ഡയറക്ടർ ഫാ. തോമസ് കറുക്കളം പ്രബന്ധാവതരണത്തിൽ മോഡറേറ്ററായിരുന്നു.
മലങ്കരകത്തോലിക്കസഭ, എം.സി.ബി.എസ്. സന്യാസമൂഹം, ചെറുപുഷ്പ മിഷൻലീഗ്, കത്തോലിക്കാകോൺഗ്രസ്, ജാഗ്രതാസമിതി എന്നിവയിൽനിന്നുള്ള പ്രതിനിധികളും ഫാ. സെബാസ്റ്റ്യൻ കാളാശ്ശേരിയും പ്രതികരണങ്ങൾ നടത്തി. ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ നന്ദി രേഖപ്പെടുത്തി.