മനുഷ്യൻ്റെ സ്വാർഥത ജീവനു വെല്ലുവിളി: മാർ ജോസഫ് പെരുന്തോട്ടം

Monday 15 July 2024

ചങ്ങനാശ്ശേരി: സ്വാർഥകേന്ദ്രീകൃതജീവിതവും പുതിയ സാധ്യതകൾക്കായി ഏതു മാർഗവും തേടാനുള്ള വ്യഗ്രതയും മനുഷ്യജീവനു വെല്ലുവിളിയാകുന്ന സാഹചര്യ മാണു നിലവിലുള്ളതെന്ന് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യ ത്തിൽ അഖിലകേരളതലത്തിൽ നടത്തപ്പെടുന്ന 'കേരള മാർച്ച് ഫോർ ലൈഫ്'  എന്ന ജീവസംരക്ഷണസന്ദേശയാത്രയുടെ പൊതുസമ്മേളനം 2024 ജൂലൈ 13നു ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്ത. 

 

ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ എത്തിച്ചേർന്ന സന്ദേശയാത്രയ്ക്ക് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിലിൻ്റെ സാന്നിധ്യത്തിൽ സ്വീകരണം നൽകി. ജീവവിരുദ്ധമായ ശബ്ദഘോഷമുയരുന്ന ലോകത്തിൽ ജീവനുവേണ്ടിയുള്ള ശബ്ദത്തിനു നിർണായകമായ സ്ഥാനമുണ്ടെന്നു മെത്രാപ്പോലീത്തൻപള്ളിയിൽ നൽകിയ സന്ദേശത്തിൽ അഭി. മാർ തോമസ് തറയിൽ പറഞ്ഞു. മെത്രാപ്പോലീത്തൻപള്ളിയങ്കണത്തിലെ  അജാതശിശുസ്മാരകത്തിൽ പുഷ്പാർച്ചനയും മാർത്ത് മറിയം കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു.

 

പെരുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡിലേക്കു നടത്തപ്പെട്ട റാലിയിൽ  ജീവൻ്റെ മൂല്യം പ്രഘോഷിക്കുന്ന പ്ലക്കാർഡുകൾ കൈകളിലേന്തി നൂറുകണക്കിനാളുകൾ പങ്കുചേർന്നു. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല അധ്യക്ഷതവഹിച്ച യോഗത്തിൽ കെ.സി.ബി.സി. പ്രൊലൈഫ് സംസ്ഥാനസമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, റെജി ആഴാഞ്ചിറ (പ്രോലൈഫ് കോഡിനേറ്റർ), ആൻസി മാത്യു (മാതൃവേദി അന്തർദേശീയ ജനറൽ സെക്രട്ടറി), ജിനോദ് എബ്രാഹം (പിതൃവേദി അതിരൂപതാ പ്രസിഡന്റ്), ബീന ജോസഫ് (മാതൃവേദി അതിരൂപതാ പ്രസിഡന്റ്), ബിനു വെളിയനാടൻ (ഹോളി ഫാമിലി ഫ്രറ്റേണിറ്റി പ്രതിനിധി), സാബു ജോസ് (ജനറൽ കോഡിനേറ്റർ ), ജോയ്‌സ് മുക്കുടം (ജോയിന്റ് കോഡിനേറ്റർ ) ഡോ. ഫെലിക്സ് ജയിംസ് (ജീവസംരക്ഷണസന്ദേശയാത്ര ഇൻ ചാർജ്) എന്നിവർ പ്രസംഗിച്ചു.

 

സന്ദേശയാത്രയ്ക്കു വിവിധ ഫൊറോനകളുടെ ആഭിമുഖ്യത്തിൽ തുരുത്തി, ചങ്ങനാശ്ശേരി, മങ്കൊമ്പ്, ആലപ്പുഴ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ, മാതൃവേദി-പിതൃവേദി എന്നീ സംഘടനകൾ സംയുക്തമായി പരിപാടികൾക്കു നേതൃത്വംനൽകി.