-വൈദികസമ്മേളനം-

Tuesday 22 October 2024

ചങ്ങനാശ്ശേരി: ഈ വർഷത്തെ രണ്ടാം വൈദികസമ്മേളനം 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയുടെ ഹാളിൽ നടത്തപ്പെട്ടു. നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയലിന്റെ സ്ഥാനാരോഹണവും അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദി പ്രകാശനവുമായിരുന്നു പ്രധാന അജണ്ട. 
 
അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ ഖൂത്താആ പ്രാർഥനയ്ക്കു കാർമികത്വം വഹിച്ചു.   കഴിഞ്ഞ വൈദികസമ്മേളനത്തിനുശേഷം മരണ മടഞ്ഞ വൈദികർക്കും സന്യസ്തർക്കും അല്മായസഹോദരങ്ങൾക്കുംവേണ്ടി അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമികത്വത്തിൽ ഒപ്പീസ് നടത്തപ്പെട്ടു.  അതിരൂപതയിലെ പ്രധാനസംഭവങ്ങളുടെ റിപ്പോർട്ടും നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകത്തിനുള്ള ക്ഷണവും ദൃശ്യ ശ്രാവ്യരൂപേണ അവതരിപ്പിക്കപ്പെട്ടു. അതിരൂപതയുടെ മാധ്യമവിഭാഗം ഇതിനു നേതൃത്വം നൽകി. 
 
സമ്മേളനത്തിനെത്തിയ വൈദികരെ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സ്വാഗതം ചെയ്തു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന അഭി. മാർ ജോർജ് കോച്ചേരി, പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ-രജത ജൂബിലികൾ ആഘോഷിക്കുന്ന വൈദികർ എന്നിവർക്കു മെത്രാപ്പോലീത്താ പൂക്കൾ നൽകി ആശംസകളറിയിച്ചു. 
 
സമ്മേളനത്തിൽ അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ  'സീറോമലബാർസഭയിൽ ആരാധനക്രമ പരിഷ്കരണത്തിന്റെ നാൾവഴി', ഫാ. ജോസ് ആലഞ്ചേരിയുടെ 'സഞ്ചാരവീഥിയിൽ', ഫാ. മിഖായേൽ കിങ്ങണംചിറയുടെ 'സീറോമലബാർ സഭയെക്കുറിച്ച് അറിയേണ്ടതെല്ലാം' എന്നീ ഗ്രന്ഥങ്ങളുടെയും 2025ലെ ആരാധനവത്സരകലണ്ടറിന്റെയും പ്രകാശനകർമങ്ങൾ നിർവഹിക്കപ്പെട്ടു. 
 
അഭി. മാർ ജോസഫ് പെരുന്തോട്ടം, അഭി. മാർ തോമസ് തറയിൽ എന്നിവർ സന്ദേശങ്ങൾ നൽകി. അതിരൂപതയുടെ മേലധ്യക്ഷസ്ഥാനമൊഴിയുന്ന അഭി. മാർ ജോസഫ് പെരുന്തോട്ടത്തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളിവികാരി ഫാ. ജോസഫ് മുണ്ടകത്തിൽ നന്ദിയും മേലധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന അഭി. മാർ തോമസ് തറയിലിന്  ആശംസയുമറിയിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ സമ്മേളനത്തിനു നന്ദി പ്രകാശിപ്പിച്ചു.
 

useful links