കുറുമ്പനാടം: 138-ാമത് അതിരൂപതാദിനം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാപ്പള്ളിയിൽ 2024 മെയ് 20നു നടത്തപ്പെട്ടു. രാവിലെ 9.20നു മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ ഛായാചിത്രം, ദീപശിഖ, അതിരൂപതാദിന പ്പതാക എന്നിവ മാർ ജോസഫ് പവ്വത്തിൽ സമ്മേളനനഗറിലേക്കു സംവഹിക്കപ്പെട്ടു. അതിരൂപതാ ആന്ത ആലാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫസർ പി.വി. ജറോം പതാക ഉയർത്തൽ നിർവഹിച്ചു. തുടർന്നുള്ള ഖൂത്താആ പ്രാർത്ഥനയ്ക്ക് അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ നേതൃത്വം നൽകി.
കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാപ്പള്ളിവികാരി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സമ്മേളനനഗർ പരിചയപ്പെ ടുത്തി. അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷനായ പൊതുസമ്മേളനത്തിൽ അതിരൂപതാ സഹായ മെത്രാൻ അഭി. മാർ തോമസ് തറയിൽ സ്വാഗതമാശംസിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ചു ബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ സമ്മേളനം ഉദ്ഘാടനംചെയ്തു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ അതിരൂപതാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തത്സമയം 18 ഫൊറോന കൗൺസിൽ സെക്രട്ടറിമാർ പേപ്പൽപതാകയുമായി സമ്മേളനവേദിക്കുമുമ്പിൽ അണിനിരന്നു.
അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗവും തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ പ്രൊജക്റ്റ് കോഡിനേറ്ററും അതിരൂപതാംഗവുമായ ടോമി ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. മെത്രാഭിഷേക ത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാഘോഷിക്കുന്ന അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീ ത്തയെ അഭി. മാർ ജോർജ് കോച്ചേരി പൊന്നാടയണിയിക്കുകയും അഭി. മാർ തോമസ് പാടിയത്ത് പൂച്ചെണ്ടു നൽകി ആശംസയറിയിക്കുകയും ചെയ്തു.
അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ഹോളി ഫാമിലി ഫ്രട്ടേണിറ്റിയുടെ ലോഗോപ്രകാശനം ആർച്ചു ബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു.
ഷംഷാബാദ് രൂപത സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത്, നുൺഷ്യോ എമെരിത്തൂസ് അഭി. മാർ ജോർജ് കോച്ചേരി, മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ കോൺഗ്രിഗേഷൻ മദർ ജനറൽ സി. മെർലിൻ എം.എൽ.എഫ്., പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, യുവദീപ്തി- എസ്.എം.വൈ.എം. ഡെപ്യുട്ടി പ്രസിഡന്റ് ലിൻ്റ ജോഷി എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ 2023-2024 സാമ്പത്തികവർഷത്തിൽ അതിരൂപത നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളുടെ സംക്ഷിപ്തറിപ്പോർട്ട് അവതരിപ്പിച്ചു.
അതിരൂപതാ എക്സലൻസ് അവാർഡുവിതരണം, അന്തർദേശീയ - ദേശീയ - സംസ്ഥാന അവാർഡുജേതാക്കളെ ആദരിക്കൽ, അതിരൂപതാനിയമാവലിയുടെ നവീകരിച്ചപതിപ്പിന്റെ പ്രകാശനം, പ്രഖ്യാപനങ്ങൾ എന്നിവ അഭി. മാർ ജോസഫ് പെരു ന്തോട്ടം മെത്രാപ്പോലീത്തയും മികച്ച പാരിഷ് ബുള്ളറ്റിൻ, മികച്ച ഇടവക ഡയറക്ടറി എന്നിവയുടെ മൊമെന്റോ നൽകൽ മാർ തോമസ് തറയിൽ മെത്രാനും നിർവഹിച്ചു.
സൺഡേസ്കൂൾ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിലുള്ള മാർഗംകളിയും ക്രൈസ്തവ നാടോടി നൃത്താവിഷ്കാരവും അതിരൂപതാദിനാഘോഷത്തിനു മാറ്റുകൂട്ടി. അതിരൂപതാദിനകോഡിനേറ്റർ ഫാ. ജോൺ വടക്കേകളം നന്ദി പ്രകാശിപ്പിച്ചു. കുറുമ്പനാടം ഫൊറോന അതിരൂപതാദിനാഘോഷത്തിനു നേതൃത്വംനൽകി.
സീറോമലബാർ ആന്തം, ദേശീയഗാനം, സ്നേഹവിരുന്ന് എന്നിവയോടുകൂടി 138-മത് അതിരൂപതാദിനം പര്യവസാനിച്ചു.