കേന്ദ്രസർക്കാർ പാസാക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ.
Saturday 16 October 2021
കേന്ദ്രസർക്കാർ പാസാക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അഭിവന്ദ്യ പിതാവ് ഇക്കാര്യം പറഞ്ഞത്.
നിസ്സഹായാവസ്ഥയിലും പരാശ്രയത്തിലും ഇരിക്കുമ്പോള്‍ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് ഗര്‍ഭഛിദ്ര നിയമം. ജനിച്ച കുഞ്ഞിന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണെങ്കിൽ അമ്മയുടെ ഉദരത്തില്‍ വെച്ച് ജീവന്‍ എടുക്കുന്നതും കുറ്റമല്ലേ എന്നും ആർച്ചുബിഷപ്പ് ചോദിച്ചു. ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാകില്ലെന്നും ലേഖനത്തിൽ അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു.
‘വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടത് കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിത ഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ഇപ്രകാരമൊക്കെ സംഭവിച്ചതിന് ഗര്‍ഭസ്ഥശിശു എന്തുപിഴച്ചു തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ കൊലശിക്ഷയ്ക്ക് വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണിത്. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിന് ന്യായീകരണമില്ല’- എന്ന് ലേഖനത്തില്‍ പറയുന്നു.