മിശിഹായില്‍ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,
ദൈവംതന്നെ വെളിപ്പെടുത്തിയ മഹാരഹസ്യമാണ് മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള തന്റെ പദ്ധതി. മനുഷ്യന് നിഗൂഢമായിരുന്ന ഈ ദൈവികരഹസ്യം ദൈവം തന്റെ പുത്രനായ മിശിഹായിലൂടെയാണ് പൂര്‍ണ്ണമായി വെളിപ്പെടുത്തിയതും നിറവേറ്റിയതും. അതിനാല്‍, ഈ രക്ഷാരഹസ്യത്തെ മിശിഹാരഹസ്യമെന്നു വിളിക്കുന്നു.
രക്ഷാകരപദ്ധതിയുടെ വിവിധ ഘട്ടങ്ങളെ ആരാധനാവത്സരത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ തിരുസ്സഭ അനുസ്മരിച്ചാഘോഷിക്കുന്നു. സമഗ്രവും അതിവിശിഷ്ടവുമായ ഒരു ക്രമീകരണം ഇക്കാര്യത്തില്‍ നമ്മുടെ സഭയുടെ ആരാധനാപാരമ്പര്യത്തിലുണ്ട്. ഇപ്പോള്‍ ശ്ലീഹാക്കാലവും തുടര്‍ന്ന് ഖൈത്താക്കാലവുമാണല്ലോ. നിത്യജീവന്‍ നല്‍കുന്ന ദൈവവചനമാകുന്ന വിത്ത് വിതയ്ക്കുന്നതും വളരുന്നതും ഫലമുളവാക്കുന്നതുമാണ് ഈ കാലങ്ങളില്‍ സഭ അനുസ്മരിച്ചാഘോഷിക്കുന്നത്.
വചനത്തിന്റെ ഈ രക്ഷാകരപ്രവര്‍ത്തനം മനുഷ്യന്റെ സ്വാഭാവികബുദ്ധിക്ക് അഗ്രാഹ്യവും നിഗൂഢവുമാണെങ്കിലും ഉപമകളിലൂടെയും പ്രബോധനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും തന്റെ ജീവിതം മുഴുവനിലൂടെയും ഈശോ നമുക്കത് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അവയൊക്കെ പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ സാധിക്കയില്ലെങ്കിലും രക്ഷയുടെ അനുഭവം ആന്തരികമായി സ്വായത്തമാക്കാന്‍ വിശ്വാസംവഴി നമുക്ക് സാധിക്കും.
ദൈവവചനം മനുഷ്യന് സുവിശേഷമാണ്, കാരണം, അത് നിത്യജീവന്‍ നല്‍കുന്നു. ഈ സുവിശേഷം അഥവാ സദ്വാര്‍ത്ത ലോകമെങ്ങും പ്രഘോഷിക്കാന്‍, എല്ലാവരെയും അറിയിക്കാന്‍ ഈശോ തന്റെ ശിഷ്യന്മാരെ നിയോഗിച്ചു. യഥാര്‍ത്ഥത്തില്‍ ഈശോതന്നെയാണ് നിത്യജീവന്‍ നല്‍കുന്ന വചനമായ സുവിശേഷം. ഈ വചനവിത്ത് എല്ലാ മനുഷ്യരിലും വിതയ്ക്കണം. വചനത്തെ സന്തോഷത്തോടും വിശ്വാസത്തോടും കൂടി സ്വീകരിച്ച് അതനുസരിച്ചു ജീവിക്കുന്നവരില്‍ വചനം വേരുപിടിച്ചു വളരുകയും നല്ല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും.
പ്രേഷിതദൗത്യം
പ്രബോധനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയുമെല്ലാം ഈശോയാകുന്ന വചനം ശ്ലീഹന്മാര്‍ക്കു നല്‍കപ്പെട്ടു. ഈശോയുടെ കല്പനയനുസരിച്ച് അവരും അവരുടെ പിന്‍ഗാമികളും വഴി ഈ വചനം മറ്റുള്ളവരിലേക്ക് കൈമാറപ്പെട്ടു. ഈ പ്രക്രിയ ഇന്നും തുടരുന്നു. ഈ സുവിശേഷം ഇനിയും അറിയാത്തവരും കേള്‍ക്കാത്തവരും സ്വീകരിക്കാത്തവരുമുണ്ട്. എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കുക എന്ന കര്‍ത്താവിന്റെ കല്പന ശ്ലീഹന്മാരിലൂടെ സഭയ്ക്കു ലഭിച്ച പ്രേഷിതനിയോഗമാണ്. ലോകാവസാനം വരെ ഈ ദൗത്യം നിര്‍വ്വഹിക്കുവാന്‍ സഭ കടപ്പെട്ടിരിക്കുന്നു. എല്ലാ സഭാമക്കളും അവരുടെ ജീവിതാന്തസ്സനുസരിച്ച് സഭയുടെ ഈ പ്രേഷിതദൗത്യത്തില്‍ പങ്കുചേരേണ്ടതുണ്ട്. അതാണ് ശ്ലീഹാക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്.
'ഞാനാണ് വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും എന്റെ പിതാവിന്റെ അടുക്കലേക്കു വരുന്നില്ല' (യോഹ. 14:6) എന്നുള്ള ഈശോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് മനുഷ്യകുലത്തിന്റെ ഏകരക്ഷകന്‍ ഈശോയാണെന്നുള്ള സത്യമാണ്. എന്തു ത്യാഗം സഹിച്ചും ഈ സത്യം പ്രഘോഷിക്കാന്‍ സഭയ്ക്ക് ചുമതലയുണ്ടെങ്കിലും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സഭ അനുകൂലിക്കുന്നില്ല. സത്യം തിരിച്ചറിഞ്ഞ് സ്വമനസ്സാലെ ആളുകള്‍ സുവിശേഷം സ്വീകരിക്കാനിടയാകണം എന്നതാണ് സഭയുടെ നിലപാട്. അതേ സമയം ശരിയായ രീതിയില്‍ മറ്റുള്ളവരുടെ മുമ്പില്‍ സുവിശേഷത്തിനു സാക്ഷ്യം വഹിക്കാനും വചനം തെറ്റുകൂടാതെ മനസ്സിലാക്കാനും വചനമനുസരിച്ച് മാതൃകാപരമായ ജീവിതം നയിക്കാനും എല്ലാ സഭാമക്കള്‍ക്കും കടമയുണ്ട്. വചനത്തെപ്രതി ജീവന്‍ നഷ്ടപ്പെട്ടാലും വിശ്വാസം ഉപേക്ഷിക്കാനിടയാകരുതെന്നാണ് ഈശോ പഠിപ്പിച്ചതും, ശ്ലീഹന്മാരുടെയും സഭയിലെ എണ്ണമറ്റ രക്തസാക്ഷികളുടെയും ജീവിതം നമുക്കു കാണിച്ചുതരുന്നതും.
ദുക്‌റാനത്തിരുനാള്‍
നമ്മുടെ പിതാവായ മാര്‍ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വം തന്നെ നമുക്ക് ഉത്തമമായ മാതൃകയും പ്രചോദനവുമാണ്. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നു പറഞ്ഞ് ഈശോയിലുള്ള ദൃഢവിശ്വാസം പ്രഖ്യാപിക്കുകയും, 'നമുക്കും അവനോടൊന്നിച്ചു പോയി മരിക്കാം' എന്നു പറഞ്ഞ് ഈശോയോടുള്ള അഗാധമായ സ്‌നേഹം വെളിപ്പെടുത്തുകയും ചെയ്ത ധീരപ്രേഷിതനാണ് തോമ്മാശ്ലീഹാ. ഇന്ത്യയും മറ്റു രാജ്യങ്ങളും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശത്ത് തോമാശ്ലീഹാ സുവിശേഷത്തിന്റെ വിത്തുവിതച്ചു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വളര്‍ന്നു വികസിച്ച പൗരസ്ത്യസുറിയാനി സഭാപാരമ്പര്യത്തില്‍പ്പെട്ട സഭകള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തോമാശ്ലീഹായോടും അനുയായികളോടുമാണ്. കേരളത്തില്‍ തോമാശ്ലീഹാ വിതച്ച സുവിശേഷവിത്ത് വളര്‍ന്നു വികസിച്ച്, ഇന്ത്യയിലും വിവിധ ഭൂഖണ്ഡങ്ങളിലും ശാഖകള്‍ വിരിച്ച് എത്രയേറെ സല്‍ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത്! സുവിശേഷത്തിനുവേണ്ടി ജീവനര്‍പ്പിച്ച തോമാശ്ലീഹായുടെ രക്തസാക്ഷിത്വമാണല്ലോ ജൂലൈ 3-ന് ദുക്‌റാനത്തിരുനാളായി നമ്മള്‍ ആഘോഷിക്കുന്നത്.
ആഘോഷമായ ദുക്‌റാനയാചരണത്തിന് ഈ വര്‍ഷം പരിമിതികളേറെയുണ്ടെങ്കിലും, മാര്‍ത്തോമ്മാനസ്രാണികളായ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു കാരണഭൂതനായ തോമാശ്ലീഹായെ നന്ദിയോടും സ്‌നേഹത്തോടും കൂടി ഓര്‍മ്മിക്കുകയും വണങ്ങുകയും, പ്രാര്‍ത്ഥിച്ചൊരുങ്ങി ദുക്‌റാന ആചരിക്കുകയും ചെയ്യാം. നമ്മുടെ ദൈവാലയങ്ങളിലും സമര്‍പ്പിതരുടെ ഭവനങ്ങളിലും എല്ലാ വീടുകളിലും തോമാശ്ലീഹായുടെ ഒരു രൂപം പ്രത്യേകം പ്രതിഷ്ഠിച്ച് മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നത് ഏറ്റവും ഉചിതമായിരിക്കും. പലവിധത്തിലുള്ള പ്രതികൂലസാഹചര്യങ്ങള്‍ നിറഞ്ഞ നമ്മുടെ പ്രേഷിതരംഗങ്ങളില്‍ സുവിശേഷത്തിന്റെ വിത്തുവിതച്ചു വളര്‍ത്തി ഫലമുളവാക്കാന്‍ തോമാശ്ലീഹായുടെ മദ്ധ്യസ്ഥതതേടുകയും, ശ്ലീഹായുടെ ധീരമായ പ്രേഷിതസാക്ഷ്യം മാതൃകയാക്കുകയും ചെയ്യാം.
ശ്ലീഹാക്കാലത്തിലെ പ്രധാന ആചരണങ്ങള്‍
പെന്തക്കുസ്താത്തിരുനാളോടുകൂടിയാണല്ലോ ശ്ലീഹാക്കാലം ആരംഭിക്കുന്നത്. ഈശോയുടെ വാഗ്ദാനമനുസരിച്ച് ഉന്നതത്തില്‍ നിന്ന് ഇറങ്ങിവന്ന് ശ്ലീഹന്മാരില്‍ നിറഞ്ഞ് അവരെ ശക്തിപ്പെടുത്തിയ റുഹാദ്ക്കുദശായുടെ ആഗമനമാണ് ഈ തിരുനാളിന്റെ ആഘോഷവിഷയം. റൂഹാദ്ക്കുദ്ശായാല്‍ ശക്തിപ്പെട്ടും നയിക്കപ്പെട്ടുമാണ് ശ്ലീഹന്മാര്‍ സുവിശേഷത്തിന്റെ വിത്തുവിതച്ചു വളര്‍ത്തിയത്. അങ്ങനെയായിരിക്കണം നമ്മളും പ്രേഷിതരാകേണ്ടത്.
ഈശോയുടെ നാമത്തില്‍ മുടന്തനു സൗഖ്യം നല്‍കിക്കൊണ്ട് മിശിഹായ്ക്കു സാക്ഷ്യംവഹിച്ച ശ്ലീഹന്മാര്‍വഴി (കേപ്പായും യോഹന്നാനും) സഭയില്‍ നടന്ന പ്രഥമ അത്ഭുതത്തെ സ്്മരിക്കുന്ന സ്വര്‍ണവെള്ളിയാചരണം; ഹൃദയസ്പര്‍ശിയായ ഗീതങ്ങളിലൂടെ അഗാധമായ സുവിശേഷസത്യങ്ങള്‍ ലളിതമായി വ്യാഖ്യാനിച്ച റൂഹാദ്ക്കുദ്ശായുടെ വീണ എന്ന് വിഖ്യാതനായ കവിയും സുറിയാനി സഭാപിതാവുമായ മാര്‍ അപ്രേമിന്റെ തിരുനാള്‍; പൗലോസ് ശ്ലീഹായോടൊപ്പം സുവിശേഷം പ്രഘോഷിച്ച ബര്‍ണബാസ്ശ്ലീഹായുടെ ഓര്‍മ്മ; മിശിഹായ്ക്കു വഴിയൊരുക്കുകയും മിശിഹായെ ലോകത്തിന്റെ പാപവിമോചകനായി പരിചയപ്പെടുത്തുകയും സുവിശേഷ നീതിക്കുവേണ്ടി പ്രവാചകദൗത്യം നിര്‍വഹിച്ചതിന്റെ പേരില്‍ രക്തസാക്ഷിയാവുകയും ചെയ്ത യോഹന്നാന്‍ മാംദാനയുടെ ജനനം; മിശിഹായെപ്രതി ജീവന്‍ അര്‍പ്പിച്ച സഭയുടെ നെടുംതൂണുകളായ കേപ്പ - പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍; ശ്ലീഹന്മാരുടെ സഹപ്രവര്‍ത്തകരോ അവരുടെ അടുത്ത പിന്‍ഗാമികളോ ആയി സഭയുടെ ആരംഭകാലത്ത് വിവിധ സ്ഥലങ്ങളില്‍ സുവിശേഷത്തിന്റെ വിത്തുവിതച്ച 70 ശിഷ്യന്മാരുടെ ഓര്‍മ്മ; അബദ്ധവിശ്വാസത്തിനെതിരേ ശക്തമായി പോരാടുകയും ശ്ലൈഹികവിശ്വാസസത്യങ്ങള്‍ വ്യാഖ്യാനിച്ച് പഠിപ്പിക്കുകയും ചെയ്ത ലിയോണ്‍സിലെ മാര്‍ ഇരണേവൂസ്, വചന പ്രഘോഷണത്തിനായി ജീവിതം സമര്‍പ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസ് തുടങ്ങിയവരുടെ ഓര്‍മ്മ, എന്നിവ ശ്ലീഹാക്കാലത്തെ സവിശേഷമായ ആചരണദിനങ്ങളാണ്.
ഖൈത്താക്കാലാനുസ്മരണങ്ങള്‍
ശ്ലീഹന്മാരുടെ കാലംമുതല്‍ വിതയ്ക്കപ്പെട്ടു തുടങ്ങിയ സുവിശേഷ വിത്ത് വേരുപിടിച്ച് വളര്‍ന്നതാണല്ലോ സഭയാകുന്ന വന്‍വൃക്ഷം. വിതക്കാരന്റെയും മുന്തിരിച്ചെടിയുടെയും അത്തിവൃക്ഷത്തിന്റെയുമൊക്കെ ഉപമകളിലൂടെ സഭയെന്ന രഹസ്യത്തെക്കുറിച്ചുള്ള കര്‍ത്താവിന്റെ വെളിപ്പെടുത്തലുകളും സഭ നല്ല ഫലങ്ങള്‍ ഉളവാക്കണമെന്നുള്ള അവിടുത്തെ ഹിതവും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സഭയാകുന്ന മുന്തിരിത്തോട്ടം വളരെയേറെ സല്‍ഫലങ്ങള്‍ ഉളവാക്കുന്നുണ്ട്. സ്‌നേഹം, സത്യം, നീതി, ദയ, കരുണ, ക്ഷമ, സമാധാനം, ശാന്തത, സാഹോദര്യം ഇവയെല്ലാം സല്‍ഫലങ്ങളാണ്. അതേസമയം ദുഷ്ടത, കൊലപാതകം, വിദ്വേഷം, അസൂയ, അഹങ്കാരം, പ്രതികാരേച്ഛ, ജഡികമോഹം, സുഖലോലുപത, ദ്രവ്യാസക്തി, മദ്യപാനം, വിഗ്രഹാരാധന, അവിശ്വാസം, അവിശ്വസ്തത, വഞ്ചന, നുണ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സഭയില്‍ നാശം വരുത്തുകയും ചെയ്യുന്നു.
ദൈവികപുണ്യങ്ങളാകുന്ന വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും വളര്‍ന്നു ശക്തിപ്പെട്ടുകൊണ്ടാണ് തിന്മയുടെ ദുഷ്ടശക്തികളെ ചെറുത്തു തോല്‍പ്പിക്കേണ്ടത്. ദൈവവചനമാകുന്ന വിത്ത് നമ്മില്‍ വേരുപിടിച്ചുവളരണം. പരിശുദ്ധ മറിയത്തെപ്പോലെ വചനം ഹൃദയത്തില്‍ ധ്യാനിക്കുകയും ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുകയും പൂര്‍ണമായി ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്താല്‍ തിന്മയ്ക്ക് നമ്മെ കീഴടക്കാന്‍ സാധിക്കുകയില്ല. നല്ലനിലത്തുവീണ വിത്തുപോലെ നമ്മില്‍നിന്ന് നല്ലഫലങ്ങളുടെ സമൃദ്ധി ഉണ്ടാകും. പരിശുദ്ധ കുര്‍ബാനയും കൂദാശകളും യാമപ്രാര്‍ത്ഥനകളും സഭയുടെ ആരാധനക്രമം മുഴുവനും ദൈവികചൈതന്യത്തില്‍ നമ്മെ അനുദിനം പടുത്തുയര്‍ത്തുന്നു.
ഇപ്രകാരം ദൈവഹിതത്തിന് കീഴ്വഴങ്ങി വിശുദ്ധിയില്‍ ജീവിച്ച് വചനത്തിന് സാക്ഷ്യംവഹിച്ചവരിലൂടെയാണ് സഭവളര്‍ന്നതും നല്ലഫലങ്ങള്‍ ഉളവാക്കിയതും. സഭയുടെ ഈ വളര്‍ച്ചയാണ് ഖൈത്താകാലത്തില്‍ നമ്മള്‍ അനുസ്മരിച്ചാഘോഷിക്കുന്നത്. ലോകാവസാനംവരെ സഭ നിലനില്‍ക്കുകയും വളരുകയും നന്മയുടെയും വിശുദ്ധിയുടെയും ഫലങ്ങള്‍ ഉളവാക്കുകയുംവേണം. അങ്ങനെ സഭയെ വളര്‍ത്തിയ ചില രക്തസാക്ഷികളെയും വിശുദ്ധരെയും ഖൈത്താക്കാലത്ത് നമ്മള്‍ അനുസ്മരിക്കുന്നു.
സഭയ്ക്ക് അടിസ്ഥാനമിട്ട പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓര്‍മ്മ ആചരിച്ചുകൊണ്ടാണ് ഖൈത്താക്കാലം ആരംഭിക്കുന്നത്. ശ്ലീഹന്മാരുടെ വിശ്വാസത്തില്‍ പങ്കുചേര്‍ന്ന് ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരാകണം നമ്മള്‍. ഒരു നാരകീയശക്തിക്കും തകര്‍ക്കാനാകാത്ത ശക്തമായ അടിസ്ഥാനമാണ് സഭയുടേതെന്ന് ഈശോ വ്യക്തമാക്കി പഠിപ്പിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലെ മൂലക്കല്ല് ഈശോയാണെന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു. അതിനാല്‍ ഏതുസാഹചര്യത്തിലും സഭയോടുചേര്‍ന്ന് സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ നമുക്കു സാധിക്കണം. അതിന്റെപേരില്‍ വളരെയേറെ സഹിക്കേണ്ടിവന്നേക്കാം. അതൊന്നും നഷ്ടമോ പരാജയമോ അല്ല. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ജീവിതം അതാണ് പഠിപ്പിക്കുന്നത്. മരണശേഷവും അവരിലൂടെ ധാരാളം നന്മകള്‍ ദൈവം നമുക്കു നല്‍കുന്നു. അവര്‍ ദൈവത്തോടൊപ്പം നിത്യം ജീവിക്കുന്നു. അതാണല്ലോ സ്വര്‍ഗ്ഗീയസഭ. സ്വര്‍ഗ്ഗത്തില്‍ മുടിചൂടിനില്‍ക്കുന്ന സഭയെ ലക്ഷ്യംവെച്ച് ലോകത്തില്‍ സഭയോടൊപ്പം നമുക്ക് മിശിഹായ്ക്ക് സാക്ഷ്യംവഹിക്കാം.
ഏവര്‍ക്കും ദുക്‌റാനതിരുനാളിന്റെ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.