ബഫർ സോൺ അമ്പൂരിയിൽ പ്രതിഷേധം ഇരമ്പി

Sunday 03 July 2022

അമ്പൂരി:- അമ്പൂരി പഞ്ചായത്തിലെ വാർഡുകൾ പരിസ്ഥിതി ലോല   മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനകീയ സംഗമത്തിൽ പ്രതിഷേധമിരമ്പി. ഇന്നലെ വൈകുന്നേരം പൂച്ച മുക്കിൽ നിന്നും ആരംഭിച്ച ബഹുജന റാലിയിലും ജനകീയ സംഗമത്തിലും 2000 ത്തിലധികം ജനങ്ങൾ അണിചേർന്നു.ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യൻ തെരുവിൽ എറിയപ്പെടുന്നതിന് ന്യായീകരണമില്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരിക ൾ ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ആർച്ച്ബിഷപ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കാനുള്ള സമരമാണ് ഇത് അല്ലാതെ അധികാരികൾക്കും കോടതികൾക്കും എതിരെയുള്ളതല്ല. യഥാർത്ഥ വസ്തുത കോടതിയെ ബോധ്യപ്പെടുത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
           അമ്പൂരി പഞ്ചായത്ത് പ്രസിഡൻറ് വത്സലാ രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
1977-ൽ നെയ്യാർ ഡാമിൽ ഇറക്കി വിട്ട ചീങ്കണ്ണിയെ സംരക്ഷിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കൃഷി ഭൂമി വിട്ടു കൊടുക്കണമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മാർ തോമസ് തറയിൽ ചോദിച്ചു. ചീങ്കണ്ണിയും, മനുഷ്യനും ഒരുമിച്ചു നിന്നാൽ ചീങ്കണ്ണിയെ സംരക്ഷിക്കുവാനുള്ള നിലപാടെടുക്കുന്ന ഉദ്ദ്യോഗസ്ഥരാണ് കർഷകരെ വഞ്ചിക്കുന്ന നിലപാടെടുക്കുന്നത്. 2020-ൽ ജനവാസ മേഖലകളെ ഒഴിവാക്കി എന്ന് സർക്കാർ പറയുന്നു. പിന്നെ എന്തുകൊണ്ട് അത് സുപ്രീം കോടതിയിൽ എത്തിയില്ല .വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ അലംഭാവം ആണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം. സർക്കാരിനും പ്രതിപക്ഷത്തിനും പരസ്പരം പാർട്ടി ഓഫീസുകൾ അടിച്ചു തകർക്കുന്നതിലും പരസ്പരം പോരടിക്കുന്നതിലുമാണ് ശ്രദ്ധ.  കർഷകരുടെ പ്രശ്നങ്ങളിൽ നിന്ന് അവർ മനപൂർവം മുഖം തിരിക്കുകയാണെന്നും . ഇ.എസ്. ഇസഡ് എന്ന കത്തുന്ന പ്രശ്നം നിയമസഭയിൽ ഒരു ദിവസം എങ്കിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 
                 കരട് വിജ്ഞാപനം ഇറങ്ങിയതു മുതൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരമുഖത്താണ് അമ്പൂരി പഞ്ചായത്ത് നിവാസികൾ , ഹർത്താലും , വഴുതയ്ക്കാട് ഫോറസ്റ്റ് ഓഫീസ് ധർണ , സെക്രട്ടേറിയറ്റ് ധർണ , തുടങ്ങി നിരവധി സമരങ്ങൾ നടന്നെങ്കിലും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ബഫർ സോൺ  പൂജ്യം പോയിന്റിൽ  തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആക്ഷൻ കൗൺസിൽ അംഗം  ജോസ് മാത്യു പോളയ്ക്കൽ അവതരിപ്പിച്ചു. അമ്പൂരി ഫൊറോനാപള്ളി വികാരിയും ആക്ഷൻ കൗൺസിൽ രക്ഷാധികാരിയുമായ ഫാ.ജേക്കബ് ചീരംവേലിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഫാ. ഇക്ബാസ് ദാനിയേൽ , അൻസ ജിതാ റസൽ, ശശികല .,  അൽ അമീൻ അൽ ഖാസ്മി,  ജയറാം ശർമ്മ, ബാദുഷ,  തോമസ് മംഗലശ്ശേരി,  അമ്പിളി ടി പുത്തൂർ എന്നിവർ പ്രസംഗിച്ചു.

useful links