സീറോമലബാർസഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അംഗീകാരം
Sunday 06 October 2024
ചങ്ങനാശ്ശേരി: അതിരൂപയിലെ മാമ്മൂട് ലൂർദ് മാതാ ഇടവകാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 1974 ഓഗസ്റ്റ് പതിനൊന്നാം തീയതി ജേക്കബ് ത്രേസ്യാമ്മ ദമ്പതികളുടെ സീമന്തപുത്രനായി നിയുക്ത കർദിനാൾ ജനിച്ചു. 1995ൽ എസ്. ബി. കോളേജിലെ ഡിഗ്രിപഠനത്തിനുശേഷം കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനത്തിനായി ചേർന്നു. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ ഫിലോസഫി പഠനവും റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റിയിൽ തിയോളജി പഠനവും നടത്തിയ ശേഷം 2004 ജൂലൈ മാസം ഇരുപത്തിനാലാം തീയതി ഭാഗ്യസ്മരണാർഹനായ മാർ ജോസഫ് പവ്വത്തിൽപിതാവിൻ്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.
2004ൽ വത്തിക്കാൻ്റെ നയതന്ത്രകാര്യാലയത്തിൽ പരിശീലനം നേടുന്നതിനുമുമ്പ് ഏതാനും മാസം അതിരൂപതയുടെ തീർത്ഥാടനകേന്ദ്രമായ പാറേൽ സെൻ്റ് മേരീസ് പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ്തു. 2006ൽ വത്തിക്കാൻ്റെ വിദേശകാര്യാലയത്തിലെ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ,കോസ്റ്റാറിക്ക, വെനിസ്വേല എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ്റെ നയതന്ത്രകാര്യാലയങ്ങളിൽ സെക്രട്ടറിയായും കൗൺസിലറായും സേവനം ചെയ്തു. 2020 മുതൽ ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രകളുടെ പ്രധാന ചുമതലക്കാരനായി സേവനം ചെയ്തു വരികയാണ് അദ്ദേഹത്തെ 2024 ഒക്ടോബർ ആറാം തീയതി ഞായറാഴ്ചയുള്ള മധ്യകാലപ്രാർത്ഥനയുടെ അവസരത്തിൽ നടത്തിയ പ്രഖ്യാപനവേളയിൽ ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയത്.
2024 ഡിസംബർ എട്ടാം തീയതി അമലോത്ഭവമാതാവിൻ്റെ തിരുനാൾദിനത്തിൽ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പായിൽനിന്നും കർദിനാൾപദവി സ്വീകരിക്കും. ചങ്ങനാശേരി അതിരൂപത ഏറെ ആഹ്ളാദിക്കുന്ന ഈ നിമിഷത്തിൽ നിയുക്ത കർദിനാളിന് അതിരൂപതാധ്യക്ഷൻ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ, നിയുക്ത മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ, അപ്പസ്തോലിക് നുൺഷിയോ ആർച്ചുബിഷപ് ജോർജ് കോച്ചേരി എന്നിവർ അഭിനന്ദനങ്ങളും പ്രാർത്ഥനയും അറിയിച്ചു.