മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു

Sunday 08 December 2024

വത്തിക്കാൻ: മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. കൽദായ പാരമ്പര്യത്തിലുള്ള സ്ഥാന ചിഹ്നങ്ങൾ മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ അണിയിച്ചു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കറുപ്പും ചുവപ്പുമുള്ള തലപ്പാവാണ് അണിയിച്ചത്. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്. കർദിനാൾ സ്ഥാനമേൽക്കുന്ന മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിക്കുന്നത് സിറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ പൈതൃകത്തിലെ മെത്രാന്മാരുടെ തലപ്പാവാണ്. റോമൻ സഭയിൽ കർദിനാൾമാർ ധരിക്കുന്നത് ബിറെറ്റാ എന്ന് അറിയപ്പെടുന്ന ചുവന്ന മുക്കോണൻ തൊപ്പിയാണ്. പൗരസ്ത്യ സഭാ അംഗങ്ങളായ മെത്രാന്മാർ കർദിനാൾ സ്ഥാനം സ്വീകരിക്കുമ്പോൾ തങ്ങളുടെ സഭാ പാരമ്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പതിവാണ് ഉള്ളത്. സിറോ മലബാർ സഭാ പാരമ്പര്യത്തിലുള്ള വേഷവിധാനങ്ങളോടെ കർദിനാൾ സ്ഥാനം സ്വീകരിക്കണം എന്ന് ഫ്രാൻ‌സിസ്‌ മാർപാപ്പ നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാടിനോട് ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം സുറിയാനി സഭയിലെ മെത്രാൻമാരുടെ ഔദ്യോഗിക വസ്ത്രങ്ങളായ ചുവന്ന ളോഹ, ഉള്ളിൽ ചുവപ്പ് അരികുകൾ ഉള്ള കറുത്ത മേൽക്കുപ്പായം അഥവാ ലബൂശ, കറുപ്പും ചുവപ്പും ചേർന്ന തലപ്പാവ് എന്നിവയായിരിക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് ധരിക്കുന്നത്. സിറോ മലബാർ സഭയിൽ നിന്നുള്ള കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഇതേ വേഷ വിധാനങ്ങൾ തന്നെയാണ് ധരിക്കുന്നത്. ചുവന്ന ളോഹ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധതയെയും കറുത്ത കുപ്പായം മെത്രാൻ ലോക മോഹങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന പരിത്യാഗി ആയിരിക്കണമെന്നതിനെയും  സൂചിപ്പിക്കുന്നു. സഭയുടെ ഔദ്യോഗിക ആരാധാനാ ശുശ്രൂഷകളിൽ കാർമികത്വം വഹിക്കുന്നത് ഒഴികെയുള്ള അവസരങ്ങളിൽ മെത്രാന്മാർ ഈ വേഷവിധാനമാണ് ധരിക്കേണ്ടത്.