മെത്രാഭിഷേകം: മോൺ. ജോർജ് കൂവക്കാട്

Sunday 24 November 2024

ചങ്ങനാശ്ശേരി: നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാട് 2024 നവംബർ 24നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ കൽദായ നിസിബിസ് അതിരൂപതയുടെ സ്ഥാനികമെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു. 
 
സീറോമലബാർ സഭയുടെ തലവൻ അഭി. മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്താ കാർമികനും ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പര (സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ്, വത്തിക്കാൻ), അഭി. മാർ തോമസ് തറയിൽ (മെട്രോപ്പോലീറ്റൻ ആർച്ചുബിഷപ്, ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ സഹകാർമികരുമായിരുന്നു.  സി.എം.ഐ. സന്യാസമൂഹാംഗം ഫാ. തോമസ് കല്ലുകളം കർമങ്ങൾക്ക് ആർച്ചുഡീക്കനായിരുന്നു. 
 
പ്രാരംഭപ്രദക്ഷിണത്തോടെ മെത്രാഭിഷേകശുശ്രൂഷകൾ ആരംഭിച്ചു. അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്തു. അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ജോർജ് പുതുമനമൂഴിയിൽ നിയുക്തമെത്രാപ്പോലീത്തായുടെ നിയമനപത്രം വായിച്ചു. ആർച്ചുഡീക്കനാൽ അനുഗതനായ നിയുക്തമെത്രാപ്പോലീത്താ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വെച്ചിരിക്കുന്ന ബേസ് സഹദേയിലെത്തി തിരുശേഷിപ്പു വണങ്ങി മൗനമായി പ്രാർഥിച്ചു. രണ്ടുകൈവെപ്പുപ്രാർഥനകളോടെ മോൺ. ജോർജ് കൂവക്കാട് മെത്രാപ്പോലീത്തായായി അഭിഷിക്തനാക്കപ്പെട്ടു. കാർമികൻ നവമെത്രാപ്പോലീ ത്തായ്ക്കു സ്ഥാനികചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി.
 
മെത്രാപ്പോലീത്താസ്ഥാനം സ്വീകരിച്ചതിനുശേഷം അഭി. മാർ ജോർജ് കൂവക്കാടിൻ്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയർപ്പിക്കപ്പെട്ടു. സീറോമലങ്കര സഭയുടെ തലവൻ അഭി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പരിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തി.
 
പരിശുദ്ധ കുർബാനയ്ക്കുശേഷം ഇൻഡ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ് മോസ്റ്റ് റവ. ലിയോപ്പോൾദോ ജിറേല്ലി, സബ്റ്റിറ്റ്യൂട്ട് ഓഫ് ദ സെക്രട്ടറിയേറ്റ് ഓഫ് വത്തിക്കാൻ സ്റ്റേറ്റ്,  ആർച്ചുബിഷപ് മോസ്റ്റ് റവ. എഡ്ഗാർ പേഞ്ഞ പര, സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് അഭി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ മെട്രോപ്പോലീറ്റൻ എമെരിത്തൂസ് അഭി. മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത്, സി.എം.ഐ. സന്യാസമൂഹാംഗവും ബന്ധവുമായ ഫാ. തോമസ് കല്ലുകളം എന്നിവർ നവമെത്രാപ്പോലീത്തായ്ക്ക് ആശംസകൾ നേർന്നു. അഭി. മാർ ജോർജ് കൂവക്കാട് മറുപടിപ്രസംഗം നടത്തി.
 
വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥർ, സീറോമലബാർ-സീറോമലങ്കര-ലത്തീൻ-അകത്തോലിക്കാസഭകളിലെ മേലധ്യക്ഷന്മാർ, വിവിധ രൂപത കളിലെ വികാരി ജനറാളുമാർ, സമർപ്പിതസമൂഹങ്ങളുടെ അധികാരികൾ, വൈദികർ, സമർപ്പിതർ, ഇടവകപ്രതിനിധികൾ, നവമെത്രാപ്പോലീത്തായുടെ കുടുംബാംഗങ്ങൾ, സമുദായ-രാഷ്ട്രീയനേതാക്കൾ തുടങ്ങി  മൂവായിരത്തിയഞ്ഞൂറിലധികം ആളുകൾ കർമങ്ങളിൽ പങ്കെടുത്തു.

useful links