നെടുമ്പാശ്ശേരി/ ചങ്ങനാശ്ശേരി: അതിരൂപതയിലെ മാമൂട് ലൂർദ് മാതാ ഇടവകാംഗവും നിയുക്തകർദിനാളുമായ മോൺ. ജോർജ് കൂവക്കാടിന് 2024 ഒക്ടോബർ 24നു കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലും ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിലും സ്വീകരണം നൽകി.
സീറോമലബാർസഭയുടെ കൂരിയാ മെത്രാൻ അഭി. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അപ്പസ്തോലിക് നുൺഷ്യോ അഭി. മാർ ജോർജ് കോച്ചേരി, അതിരൂപതയുടെ കൂരിയ അംഗങ്ങൾ, മാമൂട് ലൂർദ് മാതാപ്പള്ളി വികാരി ഫാ. ജോൺ വി. തടത്തിൽ, മറ്റു വൈദികർ, ഇടവകപ്രതിനിധികൾ എന്നിവർ എയർപോർട്ടിലെ സ്വീകരണത്തിൽ സന്നിഹിതരായിരുന്നു.
വൈകുന്നേരം നാലിനു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന നിയുക്തകർദിനാളിനെ മെത്രാപ്പോലീ ത്തൻ പള്ളിവികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ ഹാരമണിയിച്ചു സ്വീകരിച്ചു. പള്ളിയുടെ കൈകാരന്മാർ പൂച്ചെണ്ടു നൽകി. ചെണ്ടമേള ത്തിന്റെ അകമ്പടിയോടെ മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് ആനയിക്കപ്പെട്ടു. മോണ്ടളത്തിൽ പ്രവേശിച്ച അദേഹത്തിനു മെത്രാപ്പോലീത്തൻ പള്ളിവികാരി കത്തിച്ചതിരി നൽകി.
അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം നിയുക്തകർദിനാളിനെ അതിരൂപതയുടെ പേരിൽ ഔദ്യോഗികമായി സ്വാഗതം ചെയ്തു. തുടർന്നുള്ള പ്രാർഥനാശുശ്രൂഷയ്ക്ക് അഭി. മെത്രാപ്പോലീത്താ കാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തൻ പള്ളിയങ്കണത്തിലെ മാർത്ത് മറിയം കബറിടപ്പള്ളിയിൽ പ്രവേശിച്ച നിയുക്തകർദിനാൾ അതിരൂപതയുടെ മുൻമേലധ്യക്ഷന്മാരുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഏവർക്കും നന്ദി അറിയിച്ചു.