മാർ ഗീവര്ഗീസ് സഹദായുടെ തിരുനാൾ സുറിയാനി പാരമ്പര്യത്തിൽ

Saturday, 24 April 2021
News Image
റോമൻ കത്തോലിക്കാ സഭ ഉൾപ്പെടെ മിക്ക സഭകളും ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 23-ന് അനുസ്മരിക്കുമ്പോൾ എന്തുകൊണ്ടാണ് സീറോ മലബാർ സഭയിൽ അത് ഏപ്രിൽ 24-ന് കൊണ്ടാടുന്നത് ?
 
സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധരെ അനുസ്മരിക്കുന്നത് സാധാരണ വെള്ളിയാഴ്ചകളിലാണ്. എന്നാൽ ആ പതിവിൽ നിന്നു വ്യത്യസ്തമായി ഒരു പ്രത്യേക തീയതിയിൽ ഈ സഭ അനുസ്മരിക്കുന്ന ഒരു വിശുദ്ധനാണ് ഗീവർഗീസ് സഹദാ. പരിശുദ്ധ കന്യകാമറിയത്തിനും മാർ തോമാ ശ്ലീഹായ്ക്കും ശേഷം നസ്രാണി പാരമ്പര്യത്തിൽ മുഖ്യസ്ഥാനം അലങ്കരിച്ചിരുന്ന ഒരു വിശുദ്ധനാണ് ഗീവർഗീസ് സഹദാ.
സുറിയാനി കലണ്ടറനുസരിച്ച് നീസാൻ (Nisan) മാസം 24 തീയതിയാണ് ഗീവർഗീസ് സഹദായുടെ തിരുനാൾ. മാർത്തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്ന കൊല്ലവർഷ കലണ്ടർ പ്രകാരം നീസാൻ മാസത്തിനു തത്തുല്യമായ മാസം ‘മേടം’ ആണ്. അങ്ങനെ അവർ മലയാള വർഷത്തിലെ മേടം 24 ന് ഈ തിരുനാൾ ആഘോഷിച്ചു പോന്നു. പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും കേരളത്തിൽ വന്നപ്പോൾ നസ്രാണികളെ ഗ്രിഗോറിയൻ കലണ്ടർ പരിചയപ്പെടുത്തിയെങ്കിലും മേടം 24 ലെ സഹദായുടെ തിരുനാൾ തീയതിയിൽ മാറ്റം വരുത്താതെ അവർ തുടർന്നു പോന്നു.
 
കാലക്രമത്തിൽ ഗ്രിഗോറിയൻ കലണ്ടർ ഔദ്യോഗിക മായതോടെ നസ്രാണികളുടെ ആരാധനക്രമ പഞ്ചാംഗവും ‘ഇംഗ്ലീഷ്’ മാസപ്രകാരം ക്രമീകരിക്കപ്പെട്ടു. അങ്ങനെ 1959 ൽ പുറത്തിറങ്ങിയ സീറോ-മലബാർ സഭയുടെ പഞ്ചാംഗത്തിൽ (Ordo) ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 24 നാണ് കൊടുത്തിരിക്കുന്നത്. സഹദായുടെ നാമത്തിലുള്ള കേരളത്തിലെ പഴയ പള്ളികൾ പലതും ഇപ്പോഴും മേടം 24 നു തന്നെ (മെയ് 7) ഈ തിരുനാൾ കൊണ്ടാടുന്നുണ്ട്. കലണ്ടറുകൾ മാറിയെങ്കിലും 24 എന്ന തീയതി മാത്രം മാറാതെ കാത്തു സൂക്ഷിക്കാൻ സഭ ശ്രമിച്ചിട്ടുണ്ട്. കാരണം ആ തീയതിക്ക് ഒരു പ്രത്യേകതയുണ്ട്!
 
സുറിയാനി കലണ്ടറിനു മറ്റു കലണ്ടറുകളിലെ തീയതികളുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലേഖനത്തിന്റെ അവസാനം ഒരു അനുബന്ധക്കുറിപ്പു നൽകിയിട്ടുണ്ട്.
 
തിരുനാൾ ഒരു വിശ്വാസ ആഘോഷം
 
ഗീവർഗീസ് സഹദാ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏഷ്യമൈനർ ദേശത്ത് രക്തസാക്ഷിത്വം വരിച്ച ഒരു ചരിത്ര പുരുഷനാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് ലഭ്യമായ രക്തസാക്ഷി വിവരണങ്ങൾ (Acts/Passio) എല്ലാം തന്നെ ഐതിഹ്യശൈലിയിൽ (legends) ഉള്ളവയാണ്. രക്തസാക്ഷി  വിവരണങ്ങളുടെ ലക്ഷ്യം ചരിത്രം പഠിപ്പിക്കുകയല്ല, കേൾവിക്കാരനിൽ തീക്ഷ്ണത ജനിപ്പിച്ച് വീരപുരുഷനെ അനുകരിക്കാൻ പ്രചോദിപ്പിക്കുക എന്നതാണ്. ഗീവർഗീസ് സഹദാ രക്തസാക്ഷിത്വം വരിച്ച ദിവസം ചരിത്ര കൃത്യതയോടെ സ്ഥാപിക്കുക ഇന്നു സാധ്യമാവുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ സഹദാ മരിച്ച ദിവസം ശാസ്ത്രീയമായി തെളിയിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
 
ചരിത്രവശത്തേക്കാളുപരി ഓരോ തിരുനാളിനു പിന്നിലും ഒരു വിശ്വാസ ആഘോഷം കൂടിയുണ്ട്. ഒരു ചരിത്ര സംഭവത്തിലേയ്ക്ക് ‘വിശ്വാസം’ ചേരുന്നതാണ് തിരുനാൾ. ഡിസംബർ 25 ഈശോയുടെ പിറവിത്തിരുനാളായി സഭ ആചരിച്ചു തുടങ്ങിയത്, അത് ഈശോ ജനിച്ച കൃത്യമായ ദിവസമായിട്ടല്ല, മറിച്ച് ഒരു വലിയ വിശ്വാസരഹസ്യത്തിന്റെ,  മനുഷ്യാവതാര രഹസ്യത്തിന്റെ സ്ഥലകാല ആഘോഷമായിട്ടാണ് (celebration of a mystery in time and space). ഓരോ തിരുനാളും ഒരു ചരിത്രസംഭവം (chronos) മാത്രമല്ല, രക്ഷയുടെ ഒരു സംഭവം (kairos) കൂടിയാണ്. അതാണ് ആ തിരുനാളിന്റെ ദൈവശാസ്ത്ര കാരണവും അർത്ഥവും.
 
ഇപ്രകാരം തിരുനാളുകളുടെ ഉത്ഭവവും അർത്ഥം വിശദീകരിക്കുന്ന ഒരു സാഹിത്യരൂപം തന്നെ (Cause literature) ആറാം നൂറ്റാണ്ടിൽ നിസിബിസിലെ മതപഠന ശാലയിലുണ്ടായിരുന്നു (School of Nisibis). ഈ സാഹിത്യരൂപ മാതൃകയിൽ സഹദായുടെ തിരുനാളിന്റെ ‘ദൈവശാസ്ത്ര’ അർത്ഥം അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
 
സഹദായുടെ തിരുനാളിന്റെ അർത്ഥം ഒളിഞ്ഞിരിക്കുന്നത് അതിന് ‘നീസാൻ’ മാസത്തോടുള്ള സവിശേഷ ബന്ധത്തിലാണ്. യഹൂദ പാരമ്പര്യത്തെക്കുറിച്ചും അതേ പിൻതുടർച്ചയുള്ള സുറിയാനി പാരമ്പര്യത്തെക്കുറിച്ചും അടിസ്ഥാന അറിവുള്ളവർക്ക് നീസാൻ മാസത്തിന്റെ സവിശേഷതകൾ പകൽ പോലെ വ്യക്തമാണ്. സൃഷ്ടി നടന്നതും ഇസ്രയേൽ ഈജിപ്റ്റിൽ നിന്നു പുറപ്പെട്ടതും ഈശോ തന്റെ മരണ-ഉത്ഥാനങ്ങൾ പൂർത്തിയാക്കിയതും എല്ലാം ഈ മാസമാണ്. ഈ മാസത്തിലാണ്  ആണ്ടുവട്ടത്തിലെ ഏറ്റം പ്രധാനപ്പെട്ട തിരുനാളായ പെസഹാ ആഘോഷിക്കുന്നത്.
 
നീസാൻ 14 ലെ പെസഹാ തിരുനാൾ
 
സഹദായുടെ തിരുനാളിന്റെ അർത്ഥം മനസ്സിലാക്കാൻ നാമാദ്യം ഓർത്തിരിക്കേണ്ടത് നീസാൻ 14 തീയതിയുടെ പ്രാധാന്യമാണ്. പൂർണ്ണചന്ദ്രദിവസമായ അന്നാണ് യഹൂദരുടെ പെസഹാ തിരുനാൾ. മിശിഹായെ "നമ്മുടെ പെസഹാക്കുഞ്ഞാടായിട്ടാണ്" (1 Cor 5:7) ആദിമസഭ മനസ്സിലാക്കിയത്. പെസഹാതിരുനാളിൽ കുഞ്ഞാടിനെ കൊല്ലുന്ന സമയത്ത് ഈശോ കുരിശിലേറിയെന്നുള്ള യോഹന്നാൻ സുവിശേഷകന്റെ സാക്ഷ്യമാണ് ഇതിന് അടിസ്ഥാനം (Jn 19:14). ആയതിനാൽ നീസാൻ 14 തീയതി പെസഹാക്കുഞ്ഞാടായ മിശിഹായുടെ മഹാതിരുനാളായി ആദിമസഭ ആചരിച്ചു. ആ ദിവസം ഈശോയുടെ മരണ - ഉത്ഥാന സംഭവത്തിന്റെ ഏറ്റം കൃത്യമായ തീയതിയാണന്ന് ചരിത്രകാരന്മാരും ഇന്ന് സമ്മതിക്കുന്നുണ്ട്.
 
നീസാൻ 14 നോടുള്ള വണക്കം മൂലം ചില സ്ഥലങ്ങളിൽ നാലാം നൂറ്റാണ്ടു വരെ ഉയിർപ്പുതിരുനാൾ ആചരിച്ചിരുന്നതും നീസാൻ 14 നായിരുന്നു. പ്രത്യേകിച്ച്, യഹൂദക്രിസ്ത്യാനികളുണ്ടായിരുന്ന പാലസ്തീനായിലും ഏഷ്യാമൈനറിലും. (ഗീവർഗീസ് സഹദായുടെ സ്വദേശം അതായിരുന്നല്ലോ.) ഏദ്ദേസായിലെ ആദിമ സുറിയാനി സഭയെയും ഈ ആചരണം വളരെ സ്വാധീനിച്ചിരുന്നു.
 
നീസാൻ 14 നു ഉയിർപ്പുതിരുനാൾ ആചരിക്കുന്ന പാരമ്പര്യത്തെ "പതിനാലുക്രമം" (Quartodecimans) എന്നാണ് പറഞ്ഞിരുന്നത്. ഈ ക്രമക്കാരുടെ ഏറ്റവും വലിയ പ്രത്യേകത അവർ ഈശോയുടെ പീഡാനുഭവ മരണത്തിനു നൽകിയിരുന്ന വലിയ പ്രാധാന്യമാണ്. പെസഹാ (Pascha) എന്ന വാക്കിന്റെ ‘കടന്നുപോകൽ’ (Passover) എന്ന അർത്ഥത്തെക്കാളും ‘പീഡാനുഭവം’ (Passion) എന്ന അർത്ഥത്തിനാണ് അവർ മുൻഗണന നൽകിയത്.
 
നീസാൻ 14 കഴിഞ്ഞു വരുന്ന ഞായറാഴ്ച ഉയിർപ്പു തിരുനാളായി ആഘോഷിക്കുന്ന ഒരു പതിവും (Sunday Pascha) ആദിമസഭയിൽ ഉണ്ടായിരുന്നു. റോമൻ സഭയും അലക്സാണ്ട്രിയൻ സഭയും ഈ പാരമ്പര്യമാണ് പിൻതുടർന്നിരുന്നത്. AD 325 ലെ നിഖ്യാ സൂനഹദോസിൽ വച്ച് ഉയിർപ്പു തിരുനാളിലെ വ്യത്യസ്ത രീതികൾ ഏകീകരിക്കപ്പെട്ടു. ഞായറാഴ്ച ഉയിർപ്പാചരണമാണ് ഔദ്യോഗിക രീതിയായി അംഗീകരിക്കപ്പെട്ടത്.
 
നിഖ്യാ സൂനഹദോസിന്റെ തീരുമാനങ്ങൾ പൗരസ്ത്യ സുറിയാനി സഭയിൽ നടപ്പിലായത് AD 410 ലെ സഭാ സിനഡിലാണ്. ഞായറാഴ്ച ഉയിർപ്പാചരണത്തിലേക്ക് സുറിയാനി സഭ മാറിയെങ്കിലും "പതിനാലുക്രമ"ത്തിന്റെ ചില  ഘടകങ്ങൾ അവരുടെ ലിറ്റർജിയിൽ തുടർന്നു പോന്നു. ഉദാഹരണത്തിന്, പൗരസ്ത്യ സുറിയാനി സഭയിലെ വലിയാഴ്ചക്രമത്തിൽ ‘പെസഹാ’ എന്നത് ഉയിർപ്പുഞായറിനെക്കാളും മിശിഹായുടെ പീഡാനുഭവ ദിനത്തെ സൂചിപ്പിക്കുന്ന പദമാണ്.
 
[ ഈശോ മുൻകൂട്ടി കഴിച്ച പെസഹാ ഭക്ഷണത്തിന്റെ (Jn 13:1) ഓർമ്മയ്ക്കായി, മാർത്തോമാ നസ്രാണികൾ പരമ്പരാഗതമായി ഭവനങ്ങളിൽ അനുഷ്ഠിക്കുന്ന പെസഹാചരണവും "പതിനാലുക്രമ"ത്തിൽ നിന്ന് ഉത്ഭവിക്കാനാണ് സാധ്യത.]
 
മിശിഹായുടെ മരണവുമായുള്ള രക്തസാക്ഷികളുടെ ബന്ധം
 
സഹദായുടെ തിരുനാളിന്റെ അർത്ഥം മനസ്സിലാക്കാൻ അടുത്തതായി അറിയേണ്ടത് രക്തസാക്ഷികളുടെ അനുസ്മരണത്തെക്കുറിച്ചുള്ള സുറിയാനി സഭയുടെ കാഴ്ചപ്പാടാണ്.
 
ഈശോയിലുള്ള വിശ്വാസത്തെ പ്രതി ജീവൻ സമർപ്പിച്ച രക്തസാക്ഷികളെ വണങ്ങുന്ന പതിവ് പ്രചരിച്ചതോടെ, അവർക്കായി പ്രത്യേക അനുസ്മരണങ്ങൾ നടത്താൻ സഭ ആഗ്രഹിച്ചു. മിശിഹായുടെ മരണത്തിൽ പൂർണ്ണമായി പങ്കുചേർന്ന് അവന്റെ ഉത്ഥാനത്തിന്റെ ആദ്യഫലം സ്വീകരിച്ച രക്തസാക്ഷികളെ ഉയിർപ്പുതിരുനാളിനു തൊട്ടടുത്തു തന്നെ ആഘോഷിക്കുന്ന പതിവാണ് പൗരസ്ത്യ സുറിയാനി സഭയിൽ രൂപം കൊണ്ടത്. അങ്ങനെ ഈശോയുടെ മരണത്തിന്റെ (പീഡാനുഭവ വെള്ളി) ഏഴാം പക്കം വേദസാക്ഷികളുടെ (മൗദീനന്മാരുടെ) തിരുനാളായി ആചരിക്കാൻ തുടങ്ങി.
 
അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും ഈ തിരുനാൾ ആചരിച്ചു തുടങ്ങി കാണണം. കാരണം ഈ തിരുനാളിന്റെ ഉത്ഭവവും അർത്ഥവും വിശദീകരിക്കുന്ന ഒരു ദൈവശാസ്ത്ര വ്യാഖ്യാനം നിസിബിസിലെ പഠനശാല ആറാം നൂറ്റാണ്ടിൽ തയ്യാറാക്കിയിരുന്നു (Cause of Friday of Confessors).
 
AD 344 ലെ ദുഃഖവെള്ളിയാഴ്ചയിൽ പേർഷ്യൻ ഷഹൻഷയായിരുന്ന ഷാപോർ രണ്ടാമൻ അന്നത്തെ സുറിയാനി സഭയുടെ തലവനായിരുന്ന മാർ ശിമയോൻ ബർസബായെയും അനുചരെരെയും വധിച്ചതിന്റെ ഓർമ്മ ആചരണത്തിൽ നിന്നാണ് ഈ തിരുനാളിന്റെ ഉത്ഭവം. രക്തം കൊണ്ട് സാക്ഷ്യം നൽകിയവരെ (സഹദാ) മാത്രമല്ല, ജീവിതസമർപ്പണം കൊണ്ട് മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വരെ കൂടി (മൗദീനൻ) ഈ തിരുനാളിൽ ഓർമ്മിച്ചു വന്നു. അങ്ങനെ ‘പുണ്യവാന്മാരുടെ തിരുനാൾ’ എന്ന വിശാല അർത്ഥത്തിലും ഇതിനെ മനസിലാക്കാം.
 
ഈശോയുടെ കുരിശു മരണത്തോടു ബന്ധപ്പെടുത്തി വെള്ളിയാഴ്ചകളിലാണ് ഈ സഭ വിശുദ്ധരെ കൊണ്ടാടുന്നത്. ഇതിനു പിന്നിലെ ദൈവശാസ്ത്രം ‘നീസാൻ പതിനാലുക്രമത്തിൽ’ നിന്നും ഉരുത്തിരിഞ്ഞതാണ് എന്നു വ്യക്തമാണ്.
 
നീസാൻ 24: നിസാൻ 14 ന്റെ പത്താം ദിവസം
 
നീസാൻ 14 ലെ പെസഹായുടെയും അതിനു രക്തസാക്ഷികളുമായുള്ള ബന്ധത്തിന്റെയും പശ്ചാത്തലങ്ങൾ മനസ്സിലായാൽ ഇനി വിശദീകരിക്കേണ്ടത് നീസാൻ 24 നെക്കുറിച്ചാണ്, അതായത് നീസാൻ 14 നു പത്താം പക്കമായ ദിവസത്തെക്കുറിച്ചാണ്. പത്താം ദിനത്തിനു യഹൂദ-സുറിയാനി പാരമ്പര്യത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചു ബോധ്യമുണ്ടെങ്കിലേ ഇതിനു പിന്നിലെ ദൈവശാസ്ത്രം മനസിലാകൂ.  
 
ഏഴ് എന്ന സംഖ്യ പോലെ തന്നെ ഒരു പൂർണ്ണ സംഖ്യയായി കരുതപ്പെട്ടിരുന്നതാണ് പത്ത്. ദൈവം സ്വന്തം വിരൽ കൊണ്ടെഴുതിയ കല്പനകൾ പത്തെണ്ണമാണ്. പെസഹാ കുഞ്ഞാടിനെ തെരഞ്ഞെടുക്കുന്നത് പത്താം ദിനത്തിലാണ്. മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചു നടത്തുന്ന പാപപരിഹാരബലി വർഷാരംഭത്തിലെ പത്താമത്തെ ദിവസമാണ്. താലന്തുകളുടെ ഉപമയിൽ വിശ്വസ്തരായ ഭൃത്യനു ഇരട്ടിച്ചു കിട്ടുന്നത് പത്ത് താലന്തുകളാണ്. സ്വർഗ്ഗാരോഹണത്തിന്റെ പത്താം പക്കമാണ് പന്തക്കുസ്താ. പത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഒരു കാര്യം മാത്രം അല്പം കൂടി വിശദീകരിച്ചു പറയാം.
 
സുറിയാനി പാരമ്പര്യത്തിൽ ഈശോ മിശിഹായുടെ പേരിന് പത്ത് അക്ഷരങ്ങളാണുള്ളത്. കാരണം അത് പൂർണ്ണതയുള്ള നാമമാണ്.  [ചിത്രം: പള്ളിവീട്ടിൽ മാർ ചാണ്ടി മെത്രാന്റെ പ്രാർത്ഥനാ പുസ്തകം; ആദ്യവരിയിൽ ഈശോനാമം, ഒരു ‘ആലപ്പ്’ കൂട്ടി, പത്ത് അക്ഷരങ്ങളാക്കി എഴുതിയിരിക്കുന്നത് കാണാം. BnF Syr 25]
 
 
ഈശോനാമത്തിന്റെ സ്തുതിക്കായി മാർ അപ്രം എഴുതിയ ഒരു ഗീതം ഞായറാഴ്ച സപ്രായിലുണ്ട്. ഈശോനാമത്തിന്റെ ഓരോ അക്ഷരവും വച്ചു തുടങ്ങുന്ന പത്തു പാദങ്ങളാണ് ഈ ഗീതത്തിനുള്ളത്. മിശിഹായുടെ രണ്ടാം ആഗമനത്തിൽ വിശുദ്ധർ അവനെ കണ്ടുമുട്ടുന്നതാണ് പത്താം പാദത്തിലെ പ്രതിപാദ്യം. ഈ പാദത്തിന് ഗബ്രിയേൽ ഖത്രായ (ഏഴാം നൂറ്റാണ്ട്) നൽകിയ വ്യാഖ്യാനത്തിൽ പത്തിന്റെ അർത്ഥം വിശുദ്ധരുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. "പത്ത് പൂർണ്ണ സംഖ്യയാണ്, കാരണം അതിൽ മറ്റെല്ലാ സംഖ്യകളും ഉൾപ്പെടുന്നു. ഈ പ്രഭാതഗീതം പത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കാൻ കാരണം മിശിഹായിലുള്ള നീതിമാന്മാർ നേടുന്ന വിശുദ്ധിയുടെ പൂർണ്ണതയെ സൂചിപ്പിക്കുവാൻ വേണ്ടിയാണ്."
 
പത്ത് പൂർണ്ണതയെ സൂചിപ്പിക്കുന്നു. നീസാൻ 14 ന്റെ പത്താം പക്കമുള്ള ഓർമ്മയാചരണം എന്നു വച്ചാൽ മിശിഹായുടെ മരണത്തിൽ പൂർണ്ണമായി പങ്കുചേർന്ന വ്യക്തിയുടെ ദുക്റാന എന്നാണർത്ഥം.
 
വിശുദ്ധരുടെ സ്വർഗീയ ജനനത്തെ (dies natalis) അവർ മരിച്ച ചരിത്ര ദിവസത്തേക്കാളും മിശിഹായുടെ മരണത്തിൽ പങ്കുചേർന്ന ദിവസവുമായി ബന്ധപ്പെടുത്തി ആചരിക്കാനാണ് സുറിയാനി സഭ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ വെള്ളിയാഴ്ചകളിലെ ഓർമ്മയാചരണങ്ങൾ. അതേ തത്ത്വം മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതാണ് നീസാൻ 24 ലെ ആചരണം. ഈ തിരുനാളാചരണം "പതിനാലുക്രമ" ത്തിന്റെ സ്വാധീനത്തിൽ സുറിയാനി സഭയിൽ പ്രവേശിച്ചതാകണം. സഭയുടെ ഔദ്യോഗിക തിരുനാളാകുന്നതിനു വളരെ മുമ്പു തന്നെ ഈ ആചരണം നിലവിലുണ്ടായിരുന്നിരിക്കണം.
 
വിശുദ്ധരുടെ മരണദിവസം ആത്യന്തികമായി പെസഹാ സംഭവത്തിന്റെ പ്രഖ്യാപനവും വിജയവുമാണന്ന് സ്ഥാപിക്കുന്നതാണ് നീസാൻ 24 ലെ ഈ തിരുനാൾ.
 
സഹദായുടെ തിരുനാൾ പൗരസ്ത്യ സുറിയാനി സഭയിൽ
 
ഗീവർഗീസ് സഹദായോടുള്ള വണക്കം അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും സുറിയാനി സഭയിൽ പ്രചരിച്ചിട്ടുണ്ടാകണം. കാരണം ആറാം നൂറ്റാണ്ടു മുതൽ ജീവിച്ചിരുന്ന പല പ്രധാന വ്യക്തികളും ഗീവർഗീസ് നാമധാരികളായിരുന്നു. സഹദാ യുടെ പേരു സ്വീകരിച്ച മറ്റൊരു ഗീവർഗീസ് (George of Izla, +614) രക്തസാക്ഷിയായി തന്നെ ഈ സഭയിൽ വണങ്ങപ്പെടുന്നുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ അവസാനം ഈ സഭയെ നയിച്ച കാതോലിക്കോസും (+680) ഒരു ഗീവർഗീസ് നാമധാരിയായിരുന്നു.
 
നീസാൻ 24 ലെ തിരുനാൾ എന്നു മുതൽ സുറിയാനി സഭയിൽ പ്രവേശിച്ചു എന്നു കൃത്യമായി പറയാനാവില്ലെങ്കിലും, മൗദീനന്മാരുടെ തിരുനാൾ ആചരിക്കുവാൻ തുടങ്ങിയതിനു ശേഷമാണന്ന് നിരൂപിക്കാം. ഈ തിരുനാളാചരണത്തെക്കുറിച്ച് (എന്റെ പരിമിതമായ അന്വേഷണത്തിൽ) ലഭ്യമായ ആദ്യത്തെ രേഖ ഒൻപതാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തു പ്രതിയാണ്. അതിൽ ഈ തിരുനാൾ നിസാൻ 24 ന് എന്ന് പഞ്ചാംഗക്രമത്തിന്റെ അനുബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട് (British Museum Syr 246, AD 862).
 
പത്താം നൂറ്റാണ്ടു മുതലുള്ള പഴയ കൈയെഴുത്തുപ്രതികളിൽ ഈ തിരുനാൾ ഉയിർപ്പുകാലത്തുത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതുവഴി ഈ തിരുനാളിനു ഉയിർപ്പുകാലവുമായുള്ള ബന്ധം കൂടുതൽ വ്യക്തമാക്കപ്പെടുന്നു. ഇന്നുള്ള അച്ചടിച്ച പ്രാർത്ഥനാ പുസ്തകത്തിലും ഉയിർപ്പുകാലത്തിലെ തിരുനാളുകളുടെ ഭാഗത്താണ് (ഗാസാക്രമം) ഇത് കൊടുത്തിരിക്കുന്നത്.
 
സഹദായോടുള്ള വണക്കം മലബാർ സഭയിൽ
 
ഗീവർഗീസ് സഹദായോടുള്ള വണക്കത്തിൽ ഒട്ടും പുറകിലായിരുന്നില്ല മാർത്തോമാ ക്രിസ്ത്യാനികൾ. അവരുടെ ചില ആദ്യകാല ദൈവാലയങ്ങൾ ആ പേരിൽ അറിയപ്പെട്ടിരുന്നതു തന്നെ സഹദായോടുള്ള വണക്കത്തിന്റെ ആഴം ചൂണ്ടിക്കാട്ടുന്നു. ആദ്യസഹസ്രാബ്ദത്തിൽ നടന്ന മലയോര കുടിയേറ്റ കാലഘട്ടത്തിൽ, വന്യജീവിയിൽ നിന്നും മാരകരോഗങ്ങളിൽ നിന്നും സംരക്ഷണത്തിനായി അവർ സഹദായുടെ മാദ്ധ്യസ്ഥ്യം തേടി. അവരുടെ ‘ജാതിക്കു കർത്തവ്യന്മാ’രിൽ മിക്കവരും ഗീവർഗീസ് നാമധാരികളായിരുന്നു.
 
നീസാൻ മാസത്തിനു തത്തുല്യമായ മലയാളമാസം മേടം 24 ന് മാർത്തോമാ ക്രിസ്ത്യാനികൾ ഈ തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. കൊല്ലവർഷ പ്രകാരമുള്ള കലണ്ടർ ഹൈന്ദവ സംസ്കാരത്തിൽ ജന്മം കൊണ്ടതാണെങ്കിലും അത് നസ്രാണികൾ സ്വന്തമെന്നെ പോലെ കരുതിയിരുന്നു എന്നുള്ളതും ഇവിടെ കൂട്ടി വായിക്കണം. മാർ സാപ്പോറും മാർ പ്രോത്തും (ഖന്ദീശന്മാർ) കൊല്ലത്തുള്ള മാർത്തോമാ പള്ളി പുന:സ്ഥാപിച്ചതിന്റെ ചരിത്ര മുഹൂർത്തത്തിൽ നിന്നു പിറന്നതാണ് കൊല്ലവർഷമെന്ന് (AD 825) അവർ കരുതിപ്പോന്നിരുന്നു.
 
ഉദയംപേരൂർ സൂനഹദോസിന്റെ മലയാള കാനോനകളിൽ ഈ തിരുനാൾ മേടം 24 നെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. (പോർച്ചുഗീസ് ഭാഷയിൽ തയ്യാറാക്കിയ കാനോനയിലാകട്ടെ  അത് ഏപ്രിൽ 23 ആണ്). പോർട്ടുഗീസുകാർ ഈ തിരുനാൾ മേടം 23 നു നടത്താൻ നസ്രാണികളെ നിർബന്ധിച്ചതായി തോന്നുന്നില്ല. നിർബന്ധിച്ചാൽ തന്നെ അതൊട്ടു നടന്നതുമില്ല. അതുകൊണ്ടാണല്ലോ ഇന്നും സഹദായുടെ തിരുനാൾ മേടം 24 നു തന്നെ കേരളത്തിലെ പുരാതന ദൈവാലയങ്ങൾ ആഘോഷിക്കുന്നത്.
 
സഹദായോടുള്ള ആരാധനക്രമ വണക്കം
 
മറ്റു വിശുദ്ധരുടേതു പോലെ ഒരു ഓർമ്മദിവസമായിട്ടല്ല (commemoration) മറിച്ച് ഒരു ‘തിരുനാൾ’ ആയിട്ടാണ് (feast) പൗരസ്ത്യ സുറിയാനി സഭ ഈ ദിവസത്തെ കൊണ്ടാടുന്നത്. അനുദിന കുർബാന ഇല്ലാതിരുന്ന കാലഘട്ടത്തിലും ഞായറാഴ്ച പോലെ ആചരിച്ചിരുന്ന ഒരു ദിവസമാണിത്.
 
കർത്താവിന്റെ മറ്റു തിരുനാളുകൾക്കിടയിൽ ഈ തിരുനാൾ വന്നാൽ അത് ആചരിക്കേണ്ടതിന്റെ ക്രമവും തക്സാ നൽകുന്നുണ്ട്. പീഡാനുഭവ ആഴ്ചയിലും ഉയിർപ്പിന്റെ വലിയ ആഴ്ചയിലും വരാനിടയുള്ള തിരുനാളായതു കൊണ്ടാണ് ഈ നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്. വലിയ ശനി, ഉയിർപ്പു ഞായർ, മൗദീനന്മാർ വെള്ളി, പുതുഞായർ എന്നീ ദിവസങ്ങളിൽ വന്നാൽ ഈ തിരുനാൾ അടുത്ത ദിവസത്തേയ്ക്കു മാറ്റണം എന്നാണ് തക്സാ പറയുന്നത്. മറ്റു വിധത്തിൽ പറഞ്ഞാൽ, ഈ തിരുനാൾ എല്ലാ പ്രകാരത്തിലും കുറവുകൂടാതെ ആഘോഷിക്കപ്പെടണം എന്നു തന്നെ.
 
ഹുത്താമാ പ്രാർത്ഥനകളിൽ വിശുദ്ധരെ അനുസ്മരിക്കുന്ന ഭാഗത്തും  രക്തസാക്ഷി ഗീതങ്ങളിലും (ഓനീസ ദ്സഹദേ) ചൊല്ലിയിരുന്ന ‘വീരയോദ്ധാവും വിശ്രുത രക്തസാക്ഷിയുമായ മാർ ഗീവർഗീസേ’ എന്നുള്ള അപേക്ഷ നസ്രാണികൾക്ക് ഒഴിച്ചുകൂടാനാവാത്ത മാദ്ധ്യസ്ഥ്യ ശക്തിയായിരുന്നു.
 
ഈ തിരുനാളിലെ കുർബാനഗീതം (ഓനീസ ദ്റാസാ) ഇങ്ങനെയാണ്: "ദൈവത്തിനു ബലിവസ്തുവും തന്റെ കർത്താവിനു ശുദ്ധമായ ‘കുർബാന’യുമായിത്തീർന്ന, വിശ്രുതനും വിജയശ്രീലാതിനുമായ മാർ ഗീവർഗീസ് സഹദായുടെ ദുക്റാന നമുക്കെല്ലാവർക്കും ഭയഭക്തികളോടെ ആചരിക്കാം". പരി. കുർബാനയിലെ ബലിവസ്തു നമ്മുടെ സഹനജീവിതമാണെന്നും, രക്തസാക്ഷിത്വമാണ് അതിന്റെ മകുടമെന്നും ഈ ഗീതം നമ്മെ ഓർമ്മിപ്പിക്കുന്നു.
 
സഹദായും വ്യാളിയും സുറിയാനി പാരമ്പര്യത്തിൽ
 
ഗീവർഗീസ്  സഹദായുടെ ജീവിതത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള രേഖകളിൽ ഏറ്റം പഴക്കം ചെന്നത് സുറിയാനിയിലാണുന്നുള്ളത് പ്രസ്താവ്യമാണ് (British Library, AD 600). ഈ ജീവചരിത്രത്തിൽ ഗീവർഗീസിനെ വ്യാളിയുമായി ബന്ധിപ്പിക്കുന്ന വിവരണങ്ങൾ ഒന്നുമില്ല. എന്നാൽ ഇതിൽ ഗീവർഗീസിനെ വധിക്കുന്ന ചക്രവർത്തിയുടെ ഇരട്ടപേര് ‘വിഷസർപ്പം’ എന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് വ്യാളിയുമായി ബന്ധപ്പെട്ട ഐതിഹ്യം പാശ്ചാത്യ ലോകത്ത് പ്രചുരപ്രചാരം നേടിയത്.
 
ഗീവർഗീസ് സഹദായെ സർപ്പവുമായി ബന്ധിപ്പിക്കുന്ന അവതരണമാണ് സുറിയാനി പാരമ്പര്യത്തിൽ വികസിച്ചത്. ബൈബിൾ പാരമ്പര്യത്തിൽ സർപ്പം സാത്താന്റെ പ്രതിരൂപമാണല്ലോ. ദൈവം സർപ്പത്തോടു പറഞ്ഞ വാക്കുകളാണ് ഇങ്ങനെയുള്ള ചിത്രീകരണത്തിന്റെ അടിസ്ഥാനം. "അവന്‍ (ഹവ്വയുടെ സന്തതി) നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും" (Gen 3:15). ഈ തിരുവെഴുത്ത് ‘ആദ്യസുവിശേഷം’ (Proto-evangelium) എന്നാണറിയപ്പെടുന്നത്.
 
ആദിമസർപ്പമായ സാത്താന്റെ തല തകർത്തത് ആദത്തിന്റെ സന്തതിയായ മിശിഹാതമ്പുരാനാണ്. ആദിമാതാക്കൾക്കേറ്റ പാപദംശനം വളർന്ന് മരണം ജനിച്ചു. അങ്ങനെ മരണം സാത്താന്റെ അധീനതയിലായി. സാത്താൻ ഈശോയുടെ കുതികാലിൽ ഏല്പിച്ച പരുക്കാണ് അവന്റെ കുരിശുമരണം. എന്നാൽ ആ മരണത്തിലൂടെ അവൻ സാത്താന്റെ മേൽ ആത്യന്തികവിജയം നേടി; കുരിശുകൊണ്ട് അവന്റെ തല തകർത്തു. മരണത്തെ തന്റെ സ്വന്തം അധീനതയിലാക്കുകയും ചെയ്തു.
 
മിശിഹായിൽ ആദത്തിന്റെ സന്തതികളും സാത്താന്റെ തല തകർക്കും. മേൽപ്പറഞ്ഞ തിരുവെഴുത്തിന് ഒരു മരിയൻ വ്യാഖ്യാനം നൽകാൻ മാർ അപ്രേം മടിച്ചില്ല: "ഹവ്വയുടെ പാദത്തെ ആരു ദംശിച്ചോ, അവനെ (സർപ്പത്തെ) മറിയത്തിന്റെ പാദം ചവിട്ടിയരച്ചു" (Nat 22:31). രക്തസാക്ഷികളും അവരുടെ ജീവത്യാഗത്തിലൂടെ സാത്താനെ തോല്പിക്കുകയായിരുന്നു. ഗീവർഗീസ് സഹദാ വിശ്വാസത്തെ പ്രതി മരണം വരിച്ചതിലൂടെ സാത്താന്റെ മേൽ വിജയം നേടി എന്ന വസ്തുതയാണ് ഈ ഐതിഹ്യത്തിനു പിന്നിലെ പൊരുൾ.
 
AD 1577 ൽ എഴുതപ്പെട്ട ഒരു സുറിയാനി പ്രഘോഷണ ഗ്രന്ഥത്തിൽ (Borgia Syr 169) ഗീവർഗീസ് സഹദായുടെ തിരുനാളിനെ പരാമർശിക്കുന്ന താളിൽ നൽകിയിരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. ഇവിടെ സഹദാ വധിക്കുന്നത് ഒരു വ്യാളിയെയല്ല ഒരു സർപ്പത്തെയാണ്; ഉപയോഗിക്കുന്ന ആയുധമാകട്ടെ വെറുമൊരു കുന്തം അല്ല, കർത്താവിന്റെ കുരിശാണ്. സാത്താന്റെ പ്രതീകമായ ആ സർപ്പം സഹദായുടെ കുതിരയുടെ കാലിൽ മുറുകെ പിടിച്ചിരിക്കുന്നതും വ്യക്തമാണ്.  അത് സഹദായുടെ മരണത്തെയാണ് സൂചിപ്പിക്കുന്നത്. ഈശോയിൽ മരിക്കുന്നവർ സാത്താനെ തോല്പിച്ചു കഴിഞ്ഞു; മരണം അവർക്ക് സ്വർഗത്തിലേക്കുള്ള കവാടമാണ്. ഈ ചിത്രം മാർ ഗിവർഗീസിന്റെ രക്തസാക്ഷിത്വം തന്നെയാണ് യഥാർത്ഥത്തിൽ വരച്ചുക്കാട്ടുന്നത്.
 
ഉപസംഹാരം
 
മാർ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഉത്ഭവവും അർത്ഥവും വിശ്വാസത്തിന്റെ യുക്തിവച്ച് നാം അന്വേഷിക്കുകയായിരുന്നു. മാർ ഗീവർഗീസ് സഹദാ ഒരു ചരിത്രപുരുഷനാണെന്നുള്ളത് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ തിരുനാളിന്റെ പുരാതനത്വം. ഈ വിശുദ്ധനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ രൂപപ്പെടുന്നതിനു മുമ്പു തന്നെ ഒരു വിശ്വാസത്തിന്റെ ആഘോഷമായി അദ്ദേഹത്തിന്റെ ദുക്റാന മാറിയിരുന്നു. വിശുദ്ധരെല്ലാം മിശിഹായുടെ പെസഹാരഹസ്യത്തിൽ പൂർണ്ണമായി പങ്കെടുത്തവരാണന്ന് ഈ തിരുനാൾ ഓർമ്മിപ്പിക്കുന്നു. ഈ വിശ്വാസബോധ്യം ദൈവജനത്തിൽ ആഴത്തിൽ വേരൂന്നാൻ സഹായിക്കുന്ന വിധമാണ് ഈ തിരുനാളിന്റെ തീയതി സഭ ക്രമപ്പെടുത്തിയത്.
 
പാശ്ചാത്യ പൗരസ്ത്യ പാരമ്പര്യങ്ങൾ ഒരുപോലെ വണങ്ങുന്ന ഈ സഹദായുടെ തിരുനാൾ, ഈ സഭകൾ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ആചരിക്കുന്നു എന്ന വസ്തുത (ഏപ്രിൽ 23/24), ആ തീയതികൾ ഒരേ ഉറവിടത്തിൽ നിന്നാണന്ന് സ്ഥിരീകരിക്കുന്നു (അനുബന്ധം കാണുക). അതായത്, ഈശോയുടെ ഉയിർപ്പിനോട് ബന്ധപ്പെടുത്തിയാണ് ഈ തിരുനാൾ രൂപം കൊണ്ടത്. വിശുദ്ധർ ഈശോയുടെ പെസഹാ വിജയത്തിന്റെ ആദ്യ ഫലങ്ങളാണന്ന് പഠിപ്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ കാലക്രമത്തിൽ ആരംഭത്തിലുണ്ടായിരുന്ന ഈ ഉദ്ദേശ്യം വിസ്മരിക്കപ്പെട്ടു.
 
നീസാൻ 24 ന്റെ അടിസ്ഥാനത്തിലുള്ള ഏപ്രിൽ 24 ലെ തിരുനാളാചരണം മേൽപ്പറഞ്ഞ ഉദ്ദേശ്യങ്ങൾ ആ തീയതിൽ തന്നെ ഒരർത്ഥത്തിൽ സംവഹിക്കുന്നുണ്ട്. ഗീവർഗീസ് സഹദായുടെ തിരുനാൾ കർത്താവിന്റെ ഉയിർപ്പുമായി അദേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം മറ്റു സഭകൾ വിസ്മരിക്കാതിരിക്കാൻ സഹദായുടെ തിരുനാൾ ഏപ്രിൽ 24 നു തന്നെ സീറോ മലബാർ സഭ ആഘോഷിക്കണം. മലയാള മാസം മേടം 24 നു (മെയ് 7) തിരുനാൾ തുടരുന്ന പുരാതന പള്ളികൾ അവരുടെ ആ പാരമ്പര്യം നഷ്ടപ്പെടുത്തരുത്. അപ്പോഴാണ് സുറിയാനി സഭ സാർവ്വതിക സഭയുടെ കൂട്ടായ്മയുടെ പൊൽതൂവലാകുന്നത്.
 
ഫാ. ജോസഫ് ആലഞ്ചേരി
 
ചങ്ങനാശേരി അതിരൂപത
---------------------------------------------------------------------------------------------------------------------------------------------------
അനുബന്ധം: സുറിയാനി കലണ്ടറും മറ്റു കലണ്ടറുകളും
 
കലണ്ടറുകളെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ ഓർമ്മയിലിരുന്നാലേ ഈ ലേഖനത്തിലെ വിശദീകരണം ആസ്വദിക്കാനാവൂ. സൂര്യന്റെ ചന്ദ്രന്റെയും അടിസ്ഥാനത്തിൽ വർഷം കണക്കു കൂട്ടുന്ന സംവിധാനമാണല്ലോ (സിവിൽ) കലണ്ടർ. സിവിൽ കലണ്ടർ രണ്ടു തരമുണ്ട്. സൂര്യന്റെ അടിസ്ഥാനത്തിൽ ഉള്ളത് സോളാർ കലണ്ടർ (365 days). ജൂലിയൻ, ഗ്രിഗോറിയൻ, മലയാളം (കൊല്ലവർഷം), സുറിയാനി - ഇവയെല്ലാം സോളാർ കലണ്ടറാണ്. ചന്ദ്രന്റെ അടിസ്ഥാനത്തിൽ ഉള്ളത് ചന്ദ്രകലണ്ടർ (355 days). യഹൂദരും മുസ്ലീങ്ങളും ചന്ദ്രകലണ്ടറാണ് ഉപയോഗിക്കുന്നത്.
 
ഒരു സോളാർ കലണ്ടറും കൃത്യമല്ല. പതിനാറാം നൂറ്റാണ്ടു വരെ പാശ്ചാത്യലോകത്ത് ഉപയോഗിച്ചു വന്നത് ജൂലിയൻ കലണ്ടറാണ്. ഇതിന് ഓരോ വർഷവും 0.002% കൃത്യത കുറവുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഈ കുറവ് പല ദിവസങ്ങളായി വളർന്നു. ഈ കുറവ് പരിഹരിക്കണമെന്നുള്ള ശാസ്ത്രലോകത്തിന്റെ ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ട് അന്നത്തെ മാർപാപ്പയായിരുന്ന മാർ ഗ്രിഗറി XIII ജൂലിയൻ കലണ്ടറിൽ നിന്ന് പത്തു ദിവസങ്ങൾ കുറച്ച് കൂടുതൽ കൃത്യതയുള്ള ഒരു കലണ്ടർ സംവിധാനത്തിന് 1582 ൽ അനുമതി നൽകി. ഇതാണ് ഗ്രിഗോറിയൻ കലണ്ടർ.
 
ഗ്രിഗോറിയൻ കലണ്ടറും ജൂലിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസം ഓരോ 128 വർഷം കൂടുമ്പോഴും ഒരു ദിവസം വർദ്ധിക്കും. അതുകൊണ്ട് 1900-2100 വരെ വ്യത്യാസം 13 ദിവസങ്ങളാണ്.
 
കേരളീയരുടെ കൊല്ലവർഷം ജൂലിയൻ കലണ്ടറിന്റെ ശൈലിയിൽ രൂപപ്പെടുത്തിയതാണ്. (അതുകൊണ്ടാണ് സുറിയാനി ഖന്ദീശന്മാർ ഇതിന്റെ രൂപീകരണത്തിൽ സഹായിച്ചിട്ടുണ്ടാവാം എന്നു കരുതുന്നത്). അതുകൊണ്ട് ഗ്രിഗോറിയൻ കലണ്ടറുമായി കൊല്ലവർഷത്തിനു ഇപ്പോൾ 13 ദിവസത്തിന്റെ വ്യത്യാസമുണ്ട്. സഹദായുടെ തിരുനാൾ ദിനമായ മേടം 24 നു തത്തുല്യമായത് മെയ് 7 ആണ് (ഏപ്രിൽ 24 + 13).
 
ഗ്രിഗോറിയൻ കലണ്ടർ ഇന്നു ലോകം മുഴുവന്റെയും സിവിൽ കലണ്ടറായി മാറിയിട്ടുണ്ട്. എന്നാൽ മതപരമായ കാര്യങ്ങൾക്ക് സ്വന്തം കലണ്ടറുകൾ ഓരോ മതവും ഉപയോഗിക്കുന്നു. റോമൻ സഭ മുന്നോട്ടു വച്ച പരിഷ്കാരം ആയതുകൊണ്ട് ഗ്രിഗോറിയൻ കലണ്ടർ പല പൗരസ്ത്യ സഭകൾക്കും സ്വീകാര്യമായില്ല. അതുകൊണ്ട് തിരുനാളിന്റെ ആചരണ ദിവസങ്ങളിൽ ഇന്നും വ്യത്യാസങ്ങളുണ്ട്.
 
മദ്ധ്യ പൂർവ്വദേശത്തുള്ള സുറിയാനി സഭ ഉപയോഗിച്ചിരുന്ന കലണ്ടർ ‘സോളാർ’ ആയിരുന്നെങ്കിലും അതിലെ മാസങ്ങളുടെ പേരുകൾ പലതും യഹൂദ കലണ്ടറിലേതു തന്നെയാണ്. അതുകൊണ്ടുത്തന്നെ, പഴയനിയമ ലിറ്റർജി മിശിഹായിൽ പൂർത്തിയായി എന്ന സത്യം സുറിയാനി കലണ്ടറിലൂടെ കൂടുതൽ ബിബ്ലിക്കലായി അവതരിപ്പിക്കുവാൻ കഴിയും. യഹൂദമാസപ്രകാരം ക്രമപ്പെടുത്തിയ "നീസാൻ 24" ലെ സഹദായുടെ തിരുനാൾ സുറിയാനി കലണ്ടറിൽ അതേ അർത്ഥത്തിൽ സംരക്ഷിക്കപ്പെട്ടു. എന്നാൽ അത് ജൂലിയൻ/ഗ്രിഗോറിയൻ കലണ്ടറിലേയ്ക്ക് കൈമാറിയപ്പോൾ ഒരു ദിവസത്തിന്റെ വ്യത്യാസം വന്നിട്ടുള്ളതായി അനുമാനിക്കാം. അങ്ങനെയാവാം ഇപ്പോൾ ഏപ്രിൽ 23 ന് മറ്റു സഭകൾ ഈ തിരുനാൾ ആചരിക്കുന്നത്.
 
ഓരോ സഭാ സമൂഹവും തങ്ങൾ ജീവിക്കുന്ന ദേശത്തെ സിവിൽ കലണ്ടറുമായി തങ്ങളുടെ മതപരമായ കലണ്ടറിനെ സംയോജിപ്പിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. അതുകൊണ്ടാണ് മാർത്തോമാ നസ്രാണികൾ സുറിയാനി കലണ്ടറിനെ മലയാള നാട്ടിലെ കൊല്ലവർഷപ്രകാരം ക്രമീകരിച്ചത്. ഇപ്പോഴിതാ സീറോ മലബാർ സഭ ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കി തങ്ങളുടെ ആരാധനകമ കലണ്ടർ പുന:ക്രമീകരിച്ചിരിക്കുന്നു. സഭയുടെ പൊതു പൈതൃകങ്ങൾ ഈ കലണ്ടർ ഏകീകരണങ്ങളിൽ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം എന്നുമാത്രം.
-- 
Fr. Joseph (Don Giuseppe) Alencherry
Parroco, San Liborio, Roma
Postulator, Cause of Canonization of Archbishop Mathew Kavukatt

Latest News

ഭാഗ്യസ്മരണാർഹനായ മാർ ജോസഫ് പൗവത്തിൽ: മേൽപ്പട്ട ശുശ്രൂഷയുടെ അനുപമ ഭാഷ്യം ! - മാർ തോമസ് പാടിയത്ത്
ആർച്ചുബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന് ആരംഭമായി
ചങ്ങനാശ്ശേരിയിൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ.
പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പായുടെ സ്നേഹസമ്മാനം
സന്യസ്ത - മിഷൻ രൂപതാ നവ വൈദികർക്ക് സ്വീകരണം
വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ
കുട്ടനാടിന്റെ നിലനിൽപ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാർ തോമസ് തറയിൽ
ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പിച്ചു
ചങ്ങനാശ്ശേരി അതിരൂപത പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
-.-ആദരാഞ്ജലികൾ-.-
.-ആദരാഞ്ജലികൾ-.
25-ാം ചരമവാർഷികാചരണം: കർദിനാൾ മാർ ആന്റണി പടിയറ
രണ്ടാമതു മാർ ജോസഫ് പവ്വത്തിൽ സിംപോസിയം
"നെൽകൃഷി ബോർഡടക്കം കുട്ടനാടിനായി സമഗ്രപദ്ധതികൾ ആവിഷ്കരിക്കണം": ആർച്ചുബിഷപ് തോമസ് തറയിൽ
2025 ജൂബിലി അജപാലനത്തിന്റെ ഉയർത്തെഴുന്നേല്പിനുള്ള വിളി: മാർ തോമസ് തറയിൽ
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്
..ആശംസകൾ..
ജൂബിലിവർഷങ്ങൾ പൂർത്തിയാക്കി
.ആശംസകൾ.
2025-ാം ജൂബിലിക്കു തിരിതെളിഞ്ഞു
നവകർദിനാളും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും ഇൻഡ്യയുടെ പരമോന്നതാധികാരിക്കൊപ്പം
അഭി. കർദിനാൾ മാർ ജോർജ് കൂവക്കാടിന് മാതൃഅതിരൂപതയുടെ ഔദ്യോഗികസ്വീകരണം
കർദിനാൾ മാർ ജോർജ് കൂവക്കാട് അതിരൂപതാകേന്ദ്രത്തിൽ
മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു
വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസ് ഉദ്യോഗസ്ഥരുടെ സന്ദർശനം
മെത്രാഭിഷേകം: മോൺ. ജോർജ് കൂവക്കാട്
മുനമ്പത്തിന് ചങ്ങനാശേരി അതിരൂപതയുടെ ഐക്യദാർഢ്യം
സ്ഥാനാരോഹണം-നന്ദിപ്രകാശനം
മാർ ജയിംസ് കാളാശ്ശേരിയുടെ 75-ാം ചരമവാർഷികാചരണവും അനുസ്മരണസിംപോസിയവും
നിയുക്തകർദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം
നിയുക്തകർദിനാളിനു സ്വീകരണം
-വൈദികസമ്മേളനം-
സൗഹൃദസന്ദർശനം
സഹായമെത്രാന്റെ സന്ദർശനം
സീറോമലബാർസഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അംഗീകാരം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പത്രസമ്മേളനവും
പന്തൽ കാൽനാട്ടുകർമം
//ആദരാഞ്ജലികൾ//
*/ആദരാഞ്ജലികൾ/*
/ആദരാഞ്ജലികൾ/
കേംബ്രിഡ്ജ് സിറ്റി മേയറിൻ്റെ സന്ദർശനം
നിയുക്തമെത്രാപ്പോലീത്തായ്ക്ക് ഔദ്യോഗികസ്വീകരണം
-.ആദരാഞ്ജലികൾ.-
ഇൻ്റർ-എപ്പാർക്കിയൽ മീറ്റിങ്ങും അതിരൂപതാചരിത്രപ്പുസ്തകപ്രകാശനവും
വൈദികദിനത്തിൽ വൈദികരോടൊപ്പം
WINGS 2.0യ്ക്കു തുടക്കമായി
എക്യുമെനിക്കൽ സംഘത്തിന്റെ സന്ദർശനം
മനുഷ്യൻ്റെ സ്വാർഥത ജീവനു വെല്ലുവിളി: മാർ ജോസഫ് പെരുന്തോട്ടം
..ആദരാഞ്ജലികൾ..
സുറിയാനിസഭകൾ സുവിശേഷസാക്ഷ്യത്തിൻ്റെ സഹകാരികൾ: മാർ റാഫേൽ തട്ടിൽ
90.8 റേഡിയോ മീഡിയ വില്ലേജ് 2.0 - വിഷ്വൽ റേഡിയോ ആരംഭിച്ചു
.ആദരാഞ്ജലികൾ.
ആശ്വാസവാക്കുകളുമായി മാർ ജോസഫ് പെരുന്തോട്ടം
ഡെയിലി ബ്രഡ് ബാങ്ക് ജീവകാരുണ്യപദ്ധതിക്കു തുടക്കംകുറിച്ചു
`ആദരാഞ്ജലികൾ`
അതിരൂപതാദിനം
അതിരൂപതാദിനം: വിളമ്പരദിനം
അതിരൂപതാദിനം: ഇടവകതല ആഘോഷം
ശതാബ്ദിവർഷസമാപനം
ലോഗോ പ്രകാശനം
*-ആദരാഞ്ജലികൾ-*
കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം
പള്ളികൂദാശ
വൈദികസമ്മേളനം 2024
നൂറുമേനി സീസൺ 2 സമർപ്പിതമത്സരം
മ്ശംശാനാപ്പട്ടം
ജൂബിലിസമാപനം
പാറേമാക്കൽ തോമാകത്തനാരുടേതുപോലെയുള്ള ധീരമായ സഭാപ്രവർത്തനം ഈ കാലഘട്ടത്തിൻ്റെ ആവശ്യം: മാർ പെരുന്തോട്ടം
-വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും-
മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ ഉഷകാലനക്ഷത്രം: മാർ റാഫേൽ തട്ടിൽ
ക്യാമ്പ് ഉദ്ഘാടനം
പ്രതിഷേധജ്വാല
വെഞ്ചരിപ്പും ഉദ്ഘാടനവും - CHASS-REHASWISS Charity Goat Farm
യുവജനവർഷാരംഭവും ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ സമാപനവും
രജതജൂബിലി കൺവെൻഷൻ നാലാം ദിവസത്തിൽ ചങ്ങനാശ്ശേരി അതിരൂപത യൂക്കരിസ്റ്റിക് കോൺഗ്രസ്സും പരിശുദ്ധ കുർബാനവർഷ സമാപനവും
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ മൂന്നാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ രണ്ടാം ദിവസം
പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ ഉദ്ഘാടനം
പുതിയകടയുടെ വെഞ്ചരിപ്പുകര്മവും ഉദ്‌ഘാടനവും
ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നു സഭൈക്യസമ്മേളനം
ജൂബിലിസ്മാരക ഷോപ്പിങ് കോംപ്ലക്സിന്റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
**-ആദരാഞ്ജലികൾ-**
നവീകരിച്ച ദൈവാലയത്തിന്റെ പുനർകൂദാശ
വൈദികമന്ദിര വെഞ്ചരിപ്പ്
മെത്രാപ്പോലീത്തൻപള്ളിയിൽ പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം
സുറിയാനിസഭയുടെ പൈതൃകം ആഗോള സഭയ്ക്കു മുതൽക്കൂട്ട്: മാർ ജോസഫ് പെരുന്തോട്ടം
അഖണ്ഡ ബൈബിൾ പാരായണത്തിന് തുടക്കമായി.
ഉത്തമ സമൂഹസൃഷ്ടിയ്ക്കു നിതാന്ത ജാഗ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം
കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിത്തറ: മാർ ജോസഫ് പെരുന്തോട്ടം
സെന്റ് തോമസ് ഹെൽത്ത് സെന്റർ  ഉദ്ഘാടനം
വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
ക്രിസ്തുമസ് മേള 2023
വൈദികസമ്മേളനം
പരിശുദ്ധ മൂറോൻ കൂദാശാകർമം
സർക്കാർ കർഷക സൗഹൃദമാകണം - മാർ ജോസഫ് പെരുന്തോട്ടം
"സഭ- ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണം" മാര്‍ ജോസഫ് പെരുന്തോട്ടം.
**ആദരാഞ്ജലികൾ**
-ആദരാഞ്ജലികൾ-
റീജിണൽ ബിഷപ്‌സ് റിട്രീറ്റ്
പന്തളം ദനഹാപ്പള്ളി കൂദാശ ചെയ്‌തു
സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം
അതിരൂപതാ ദളിത് കത്തോലിക്കാ മഹാജനസഭ (DCMS) ഓഫീസിന്റെ വെഞ്ചരിപ്പുകർമം
'നല്ലോർമ' പ്രകാശനം ചെയ്തു
പി.എസ്.സി. കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്‌തു
ചങ്ങനാശേരി സെൻറ് ബെർക്‌മെൻസ് കോളേജിൽ നവീകരിച്ച ലൈബ്രറി വെഞ്ചരിച്ചു
ക്രോച്ചേ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രഅധ്യാപകരുടെ സന്ദർശനം
ARCH OF THE ARCHDIOCESE
ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ ശ്രേഷ്ഠഗുരു : മാർ ജോസഫ് പെരുന്തോട്ടം
പ്രതിസന്ധികളിൽ നഷ്ടധൈര്യനാകാത്ത ജനനേതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാജ്ഞലികൾ
ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങൾ
എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം
മണിപ്പുർ ഐക്യദാർഢ്യ ദിനാചരണം
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
ഹോസ്റ്റലിന്റെ വെഞ്ചരിപ്പുകർമം
എടത്വ കോയിൽമുക്ക് സെൻറ് ജോസഫ്‌സ് പള്ളിയുടെ കൂദാശകർമം
സെന്റ് ജോസഫ് പ്രസ്സ് ശതാബ്ദിയാഘോഷങ്ങൾക്കു തുടക്കംകുറിച്ചു
2023 അതിരൂപതാദിന എക്സലൻസ് അവാർഡുകൾ
137-ാമത് ചങ്ങനാശേരി അതിരൂപതാദിന ഉദ്‌ഘാടനം
ചങ്ങനാശ്ശേരി അതിരൂപതയിൽ "മൈ പാരിഷ്" പ്രാബല്ല്യത്തിൽ വരുന്നു... അഭിവന്ദ്യ തറയിൽ പിതാവിന്റെ കത്ത്.
137 മത് ചങ്ങനാശേരി അതിരൂപതാദിനം
പി.ടി. ചാക്കോ ഫൗണ്ടേഷൻ മരണാനന്തര ശ്രേഷ്‌ഠാചാര്യ പുരസ്‌കാരം കാലം ചെയ്‌ത മാർ ജോസഫ് പവ്വത്തലിനു
സൂര്യതേജസ് മറയുമ്പോള്‍
അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും
മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ
ഒപ്പീസുപ്രാർത്ഥന
അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ മൃതസംസ്കാര ചടങ്ങുകള്‍ 
വലിയ ഇടയൻ വിടവാങ്ങി..
കാവുകാട്ട് ഹാളിന്റെ വെഞ്ചരിപ്പും പുനർസമർപ്പണവും
ഇരുപത്തിനാലാമത്‌ അതിരൂപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു
ദേശീയ വിദ്യാഭ്യാസനയത്തിൽ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം
സമൂഹത്തെ മൂല്യങ്ങളിൽ വാർത്തെടുക്കുന്നതാകണം മാധ്യമങ്ങൾ: പി. എസ്. ശ്രീധരൻപിള്ള
*ആദരാഞ്ജലികൾ*
ദൈവദാസൻ മാർ മാത്യു കാവുകാട്ട് മ്യൂസിയം വെഞ്ചരിച്ചു
അതിരൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച നവവൈദികർ
ജന്മദിനാശംസകൾ
മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടം CMI അതിരൂപതാകേന്ദ്രത്തിൽ
KCSL സംസ്ഥാന കലോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക്
ഫാ. ജോണ്‍ പനന്തോട്ടം സി‌.എം‌.ഐ. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍
അതിരൂപതാകേന്ദ്രത്തിൽ അനുസ്മരണപ്രാർത്ഥനയും ഒപ്പീസും
ആദരാഞ്ജലികൾ
ബനഡിക്ട് പാപ്പ സീറോ മലബാർ സ്നേഹിച്ച ഇടയൻ: മാർ ജോസഫ് പെരുന്തോട്ടം
ആശംസകൾ
സ്വീകരണം നൽകി
ഒരുമിച്ചുള്ള സഞ്ചാരം ഇക്കാലഘട്ടത്തിന്റെ ആവശ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ആദരാഞ്ജലികൾ
അതിരൂപതാ യുവദീപ്‌തി - എസ്.എം.വൈ.എം. സുവർണജൂബിലി സമാപനം ഡിസംബർ 4 ന്
ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍
ആദരാഞ്ജലികൾ
അതിരൂപതാഭവനത്തിലേക്കു സ്വാഗതം
കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഉദ്‌ഘാടനം ചെയ്തു
മാർ തോമസ് പാടിയത്തിന് സ്വീകരണം നൽകി
അതിരൂപതാ പ്രസ്‌ബിറ്റേറിയവും മാർ തോമസ് പാടിയത്ത് പിതാവിന് സ്വീകരണവും
ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ വികാരി ജനറാൾമാർ
ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി
അതിരൂപതാ അസംബ്‌ളി
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.ബി കോളജില്‍ മെഗാ എക്‌സിബിഷന്‍
പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു
മോൺ. തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി
കടൽരക്ഷാസൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത
കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്‌തു
പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതി: മാർ തോമസ് തറയിൽ
വർത്തമാന കാലത്തെ സഭയുടെ കരുത്താണ് യുവജനങ്ങൾ : മാർ ജോസഫ് പണ്ടാരശ്ശേരിൽ.
മദർ തെരേസ കെയർ ഹോം ആലപ്പുഴയിൽ.
ബഫർ സോൺ അമ്പൂരിയിൽ പ്രതിഷേധം ഇരമ്പി
നിരണം തീർത്ഥാടനം ജൂലൈ 3ന്
SJCC ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയ കോളേജുകളുടെ പട്ടികയിൽ ഇടംനേടി
ദെസിദേരിയോ ദെസിദെരാവി - ആരാധനാക്രമം സംബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം
ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം
സെക്രട്ടറിയേറ്റിനു മുന്നിൽ അതിരൂപതയുടെ സമരം
"നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും" മാർ തോമസ് തറയിൽ
എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
എസ്.എം.വൈ.എം. സുവർണ്ണ ജൂബിലിനിറവിൽ
136-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന്
സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ
ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം: കെസിബിസി ഹെൽത്ത് കമ്മീഷൻ
അരലക്ഷം പേര്‍ നേരിട്ട് സാക്ഷി; ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ഇനി വിശുദ്ധന്‍
സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു
ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു; പിന്നാലെ മോചനം
സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു
136-ാ മത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം
ദൈവസഹായം പിള്ളയെ മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കും
മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നടന്നു
വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവരിൽ ദൈവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍
സീറോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് രണ്ടു പു​തി​യ ബി​ഷ​പ്പു​മാ​ർ; ഗുഡ്‌ഗാവ് ഭദ്രാസനത്തിന് പുതിയ മേലദ്ധ്യക്ഷൻ
കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം
ചൈനയിൽ 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു
ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രഥമ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു
മെയ് ദിനറാലിയും സംഗമവും നടന്നു
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി
ഫാ. ഫ്രാന്‍സെസ്കോ പാറ്റണിനു വീണ്ടും വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതല
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളക്ക് കെസിബിസി നിവേദനം നൽകി
അഫ്‌ഗാനിസ്ഥാന് പുറമേ, ഇന്ത്യ ഉള്‍പ്പെടെ നാല് രാഷ്ട്രങ്ങളില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ് കമ്മീഷൻ
സന്യാസിനി സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാരുടെ ആഗോള സമ്മേളനം മെയ് രണ്ടു മുതൽ റോമില്‍
യു.ജി.സി. മുൻ സെക്രട്ടറി യു.കെ. ചൗഹാൻ അതിരൂപതാകേന്ദ്രത്തിൽ
ടൂറിനിലെ തിരുകച്ച ഈശോയുടെ കാലത്തേതു തന്നെ: ശാസ്ത്രീയ തെളിവുമായി ഇറ്റാലിയന്‍ ശാസ്ത്രസംഘം
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്
ലോകത്തെ മാറ്റിമറിച്ച 6 കത്തോലിക്ക ശാസ്ത്രജ്ഞർ
'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്': വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ബിഗ് സ്ക്രീനിലേക്ക്
ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ
പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു
ഈശോയെ അടക്കം ചെയ്‌ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി
പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു
തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
പ്രസ്ബിറ്റേറിയം നടത്തപ്പെട്ടു
ബിഷപ് ഡോ. ജോസഫ് പതാലിലിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ
കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി അപ്പസ്തോലിക് നുൺഷ്യോയെത്തി
ബിഷപ് ഡോ. ജോസഫ് പതാലിൽ കാലം ചെയ്‌തു
നാൽപതാം വെള്ളിയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി
മ്യാന്‍മറിലെ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കി: മെത്രാപ്പോലീത്ത തടങ്കലില്‍
ഓശാന ഞായർ ആഘോഷം തൃക്കൊടിത്താനം സെൻറ് സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങൾ നടത്തി
ആലപ്പുഴ രൂപതാ മുൻഅധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്‌തു
ചങ്ങനാശേരി അതിരൂപതയിലെ ദിവംഗതരായ വൈദികരെ അനുസ്‌മരിച്ചു
ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍
ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കാം: ഫ്രാന്‍സിസ് പാപ്പ
മാധ്യമപ്രവര്‍ത്തകര്‍ മൂല്യങ്ങള്‍ക്ക് കാവലാകണം: മാര്‍ ജോസഫ് പെരുന്തോട്ടം
മദ്യനയം നാടിന്റെ വികസനത്തിനോ ജനങ്ങളുടെ നന്മയ്‌ക്കോ ഉപകരിക്കില്ല: മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത
സെൻറ്‌ ജോസഫ് സീറോ മലബാർ കാത്തോലിക് ചർച് കൂദാശചെയ്‌തു
മേരി ക്യൂൻ ഓഫ് മിഷൻ: എം.എസ്.ടിയുടെ നാലാമത്തെ മിഷൻ
വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധസമിതി
ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്നു
ആദരാഞ്ജലികൾ - റവ ഫാ. ഐസക് ആലഞ്ചേരിൽ (സീനിയർ)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം നൽകി
പി.ഒ.സി.യുടെ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡീൻ ഓഫ് സ്റ്റഡീസ്
ദളിത് കത്തോലിക്കാ മഹാജനസഭ: ജയിംസ് ഇലവുങ്കൽ പ്രസിഡന്‍റ്, ജസ്റ്റിൻ പി. സ്റ്റീഫൻ ജനറൽ സെക്രട്ടറി
മാർ മാത്യു ചെരിയൻകുന്നേൽ നിത്യതയിലേയ്ക്ക്
ആശാഭവൻ സുവർണ്ണജൂബിലിക്ക് തുടക്കംകുറിച്ചു
AENON 2022 അന്താരാഷ്ട്ര ജലദിനചാരണം
ചെങ്ങന്നൂർ മർത്ത് മറിയം ദേവാലയത്തെ ഇടവകയായി പ്രഖ്യാപിച്ചു
നവഡീക്കന്മാർക്ക് പ്രാർത്ഥാനാശംസകൾ
ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന റഷ്യ - യുക്രൈന്‍ വിമലഹൃദയ പ്രതിഷ്‌ഠ ഇന്ന്‌
കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം: ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
പ്രോലൈഫ് ദിനാചരണം - പാറേൽ സെൻറ്‌ മേരീസ് തീർത്ഥാടനകേന്ദ്രത്തിൽ
സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ
സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയങ്ങള്‍ തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
സഭാ - സാമൂഹിക സാമ്പത്തിക സർവേ അതിരൂപതാ തല പരിശീലനം My Parish mobile App
ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
പ്രെദിക്കാത്തെ എവങ്കേലിയൂം
പോണ്ടിച്ചേരി - കൂടലൂർ അതിരൂപതയ്ക്ക് പുതിയ ഭരണസാരഥി
ഡി.സി.എം. എസ് പ്രവർത്തനവർഷ ഉദ്ഘാടനം
ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി
കെ-റെയിലിന് കല്ലു സ്ഥാപിച്ച സ്ഥലങ്ങൾ മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
ഡോ. തോമസ് ജെ. നെറ്റോ നാളെ ആർച്ചുബിഷപ്പായി അഭിഷിക്തനാകും
സാധു ഇട്ടിയവിര സ്നേഹ സംസ്കാരത്തിന്റെ പ്രവാചകൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
ഹെലോയിസ് 2022
മരച്ചീനിയിൽ നിന്ന് മദ്യം: സർക്കാർ പിന്മാറണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ
പൗരസ്ത്യ വിദ്യാപീഠത്തിൽനിന്നു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ പിന്തുണയ്ക്കണം: കെ‌.സി‌.ബി‌.സി. ലേബര്‍ കമ്മീഷന്‍
മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍
Cardinals arrive in Ukraine, Hungary on mission of hope
ആദരാഞ്ജലികൾ: ഫാ. ആൻ്റണി നൈനാപറമ്പിൽ
23-ാം മത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ - കുടുംബവിശുദ്ധീകരണ ധ്യാനം
പതിനാറ് നിണസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവർ
ബൈബിൾ കമ്മീഷന് പുതിയ സാരഥി
ഹെനോസിസ് 2022 - കെ.സി.വൈ.എം. സംസ്ഥാനസമിതിയുടെ പ്രവർത്തനവർഷം ഉദ്ഘാടനം
'തിരുമൊഴി' - ആൽബം ഓഡിയോ ലോഞ്ച്
ആശംസകളുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി
വേഴപ്ര സെൻറ് പോൾ ദൈവാലയത്തിൽ പുതിയ കുരിശടി
മാർ ജോസഫ് പവ്വത്തിലിനു ജൂബിലിആശംസകളുമായി കേരള സോഷ്യൽ സർവീസ് ഫോറം
പ്രൊഫ. മാത്യു ഉലകംതറ ഇനി ഓർമ
യുക്രെയിനുവേണ്ടി പാപ്പായുടെ അഭ്യർത്ഥന - മാര്‍ച്ച് 2 ഉപവാസ പ്രാര്‍ത്ഥനാദിനം
ദേശീയതല ഖാദി എക്സ്പോ 2022
ക്രൈസ്തവ സാഹിത്യ അക്കാദമിയ്ക്കു പുതിയ ഭാരവാഹികള്‍
അനസ്താസിയ ബസിലിക്കയിലെ വൈദികമന്ദിരത്തിൻ്റെ വെഞ്ചരിപ്പുകർമം
ബ്രസീലിലെ മണ്ണിടിച്ചിൽ ഇരകളുടെ ദുഃഖം പങ്കിട്ട് ഫ്രാൻസിസ് പാപ്പാ
ഒരുക്കധ്യാനം
ദൈവത്തിൻറെ ശൈലിയായ സാമീപ്യം പൗരോഹിത്യ ശുശ്രൂഷയ്ക്ക് സഹായക ഘടകം!
വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാൾ മജിസ്ട്രിസ് വിടവാങ്ങി
പ്രായമായവര്‍ മനുഷ്യ കുലത്തിന്റെ നിധി: ഫ്രാന്‍സിസ് പാപ്പ
മാർത്തോമ്മാ വിദ്യാനികേതനിൽനിന്നും 59 അത്മായർക്ക് ദൈവശാസ്ത്ര ബിരുദം
ബൈബിൾ കൺവെൻഷൻ - കുടുംബവിശുദ്ധീകരണധ്യാനം
“ഫീദെം സെർവാരെ” (Fidem Servare)
ആശങ്ക ശക്തമാകുന്നതിനിടെ യുക്രൈയിനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ
ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ NABH ACCREDITATION പ്രഖ്യാപനസമ്മേളനം സംഘടിപ്പിച്ചു
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു
ലിറ്റർജിക്കൽ ക്വിസ് മത്സരം 2022
സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക് ഒരാൾകൂടി
 മനയ്ക്കച്ചിറ സെൻറ് ജോസഫ് ദൈവാലയത്തിൽ പുതിയ പള്ളിമേട
ഫ്രാൻസീസ് പാപ്പാ: രോഗാവസ്ഥയിൽ കഴിയുന്നവൻറെ ചാരത്തായിരിക്കുക!
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പള്ളിമേടയുടെ വെഞ്ചരിപ്പുകർമം അഭിവന്ദ്യ തോമസ് തറയിൽ പിതാവ് നിർവഹിക്കുന്നു
പാപ്പായുടെ മാൾട്ടാ സന്ദർശനം 2022 ഏപ്രിലിൽ (ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനം)
മീൻകുളം ലൂർദ്ദ് മാതാ ദൈവാലയത്തിലെ പുതിയതായി നിർമ്മിച്ച പള്ളിമേട
ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂൺ മെത്രാൻ
മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും
ഫാ. ആന്റണി കൂട്ടുമ്മേലിന് ഗൈസ്റ്റ്ലിഹെർറാറ്റ് പദവി
സഭാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ
ഇന്‍റര്‍ ചർച്ച് കൗൺസിലിന്റെ യോ​ഗം: ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ
മാക് ടിവിയ്ക്കു പിന്നാലെ മാക്റേഡിയോയും
ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാൻ സഭയെ നിർബന്ധിക്കുന്നു
മാർ ജോസഫ് പെരുന്തോട്ടം ദുരിതാശ്വാസ മേഖലകൾ സന്ദർശിച്ചു.
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ.
"വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" മാർ തോമസ് തറയിൽ
ഇറ്റവാ മിഷനിൽ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ
പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല
തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ
ബഹുമാനപ്പെട്ട സേവ്യർ കുന്നിപ്പറമ്പിലച്ചന് ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരാഞ്ജലികൾ.
സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്
ബഹുമാനപ്പെട്ട പാറശേരി ജോസഫ് അച്ചന് ആദരാഞ്ജലികൾ
"അവർ തകർത്തത് നമ്മുടെ ആരാധനാലയം എന്നാൽ നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല" മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്ത
ബഹുമാനപ്പെട്ട അബ്രാഹം മുപ്പറത്തറ അച്ചന് ചങ്ങനാശ്ശേരി അതിരൂപത കുടുംബത്തിന്റെ ആദരാഞ്ജലികൾ.
ഇട്ടാവാ മിഷനിലൂടെയുള്ള അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻറെ സന്ദർശനം
പ്രവാസിവിശ്വാസികൾക്ക്‌ 'വചന മന്നാ' ബൈബിൾ കൺവൻഷൻ
ഡല്‍ഹി ദേവാലയം പുനഃസ്ഥാപിക്കും
മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണജൂബി
ഷെവയിലയാർ ഐ സി ചാക്കോ അവാർഡ് ജോൺ കച്ചിറമറ്റത്തിന്
രാജസ്ഥാനിലെ ബൂൻധിയിൽ ദേവമാതാ ആശ്രമം പ്രവർത്തനം ആരംഭിച്ചു.
സെന്റ്. തോമസ് ദൈവാലയ തിരുനാൾ.
ദുക്റാന തിരുനാൾ
ബെനഡിക്ട് മാർപ്പാപ്പയുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ വെബിനാർ ജൂലൈ 12-20 @ 6.00 pm (IST)
നൂറാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഉദ്ഘാടനം
ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം
അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാർ ...
കുട്ടനാട് ജീവിച്ചിരുന്നേ പറ്റൂ, കൊല്ലരുത്!
ചങ്ങനാശ്ശേരി അതിരൂപതാ കോവിഡ് പ്രതിരോധ പ്രവർത്തക സം​ഗമം: ശനിയാഴ്ച (12.6.2021)
പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കോവിഡ് വാക്സിൻ നൽകണം
കൊറോണ രോഗികളുടെ ചികിൽസയ്ക്ക് ആശ്വാസമേകാൻ ചങ്ങനാശ്ശേരി അതിരൂപത
സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്
134-ാമത്ചങ്ങനാശേരി അതിരൂപതാ ദിനാചരണം
ഓൺലൈൻ മിഷണറി സംഗമം
മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു
സപ്ത ദിന പ്രാർത്ഥനാ നിയോഗങ്ങൾ
134-ാമത് ചങ്ങനാശേരി അതിരൂപതാദിനം മെയ് 20 ന്
ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ...
വലിയ മെത്രാപ്പോലീത്തക്ക് ചങ്ങനാശേരി അതിരൂപതയുടെ പ്രണാമം
ലോകത്തെ കീഴടക്കി കോവിഡ് മഹാമാരി കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം
മാർ ഗീവര്ഗീസ് സഹദായുടെ തിരുനാൾ സുറിയാനി പാരമ്പര്യത്തിൽ
മാർ പൗവ്വത്തിലിന് കത്തോലിക്ക കോൺഗ്രസ് ആദരവ്
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം
"കൃഷിയില്ലാത്ത സമൂഹം നിലനിൽക്കില്ല" - മാർ ജോസഫ് പെരുന്തോട്ടം
രാജസ്ഥാനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ ദൈവാലയം
തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്‍മ്മകളാലും വിശ്വാസദീപ്തമായ ദനഹാക്കാലം
ദനഹാക്കാല കുടുംബ നവീകരണ കൺവെൻഷൻ
ചങ്ങനാശേരി അതിരൂപതയിൽ പരോഹിത്യ ദാന സ്വീകരണം
ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് മാര്‍ തോമസ് തറയില്‍
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചങ്ങനാശ്ശേരി അതിരൂപത
ഫാ. പോൾ പീടിയേക്കൽ ഇനി ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
ഫാ ജേക്കബ് ചക്കാത്ര - സീറോ മലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി, SMYM ഗ്ലോബൽ ഡയറക്ടർ
കോട്ടയിൽ നമുക്ക് ഒരു ദൈവാലയം
ഭിവാഡിയിൽ സിറോ മലബാർ സഭ പ്രവർത്തനം ആരംഭിച്ചു.
വചന തിരുമണിക്കൂർ
ബഹുമാനപ്പെട്ട തോമസ് മറ്റപ്പള്ളിൽ അച്ചന് ആദരാഞ്ജലികൾ
ഇട്ടാവാ മിഷനിൽ പുതിയ വൈദിക മന്ദിരം വെഞ്ചരിച്ചു.
ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം