സെമിനാരികൾ സഭാത്മക പരിശീലനത്തിന്റെ വേദികളാകണം: മാർ ജോസഫ് പെരുന്തോട്ടം
Friday 18 August 2023
ചങ്ങനാശേരി: സെമിനാരികൾ സഭാത്മക കൂട്ടായ്മയുടെ പരിശീലന കളരികളാകണമെന്നും വൈദിക വിദ്യാർത്ഥികളുടെ മനസാകുന്ന വെള്ളക്കടലാസിൽ പൗരോഹിത്യചിത്രം വരയ്ക്കുന്ന വൈദിക പരിശീലനത്തിൽ സഭാദർശങ്ങൾക്കനുസരിച്ചുള്ള പുരോഹിതൻ്റെ യഥാർത്ഥ ചിത്രം വിരചിതമാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. അതിരൂപതയുടെ മൈനർ സെമിനാരിയായ സെന്റ് തോമസ് മൈനർ സെമിനാരി കുറിച്ചിയിലേയ്ക്കു മാറ്റിസ്ഥാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു സമാപനം കുറിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാരിയുടെ ജൂബിലി അതിരൂപത മുഴുവൻ സന്തോഷിക്കുന്ന അവസരമാണെന്നും ജൂബിലിയാചരണം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് സമ്മേളനത്തിൽ വീഡിയോ സന്ദേശം നൽകി. സെമിനാരി കുറിച്ചിയിലേയ്ക്കു മാറ്റിസ്ഥാപിക്കാനിടയായ സാഹചര്യങ്ങൾ വിശദീകരിച്ച അഭിവന്ദ്യ കർദ്ദിനാൾ സെമിനാരിയുടെ മുന്നോട്ടുള്ള വർച്ചയ്ക്ക് എല്ലാ ആശംസകളും നേർന്നു. സെമിനാരിയുടെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ സന്ദേശം നൽകി. അതിരൂപതാ വികാരി ജനറാൾ വെരി റവ. ഡോ. വർഗീസ് താനമാവുങ്കൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ വെരി റവ. ഡോ. സ്കറിയാ കന്യാകോണിൽ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു സംസാരിച്ചു.
റവ. ഫാ. ജോർജ് മൂലംകുന്നം, റവ. മദർ മെർലിൻ ജേക്കബ് MLF, പ്രൊഫ. അഗസ്റ്റിൻ തോമസ്, മിസ് ആശാ ബിജു, ബ്രദർ അലൻ കുന്നേൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ റവ. ഡോ. ജോസഫ് നടുവിലേഴം, റവ. ഫാ. വർഗീസ് കോടിക്കൽ, റവ. ഫാ. തോമസ് വയലിൽ, റവ. ഡോ. ജോസ് ആലഞ്ചേരി, കെ. കെ. ദേവസ്യ കയ്യാലപ്പറമ്പിൽ, തങ്കച്ചൻ ഇരുപ്പേൽ എന്നിവരെ ആദരിച്ചു. സെമിനാരി റെക്ടർ വെരി റവ. ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ സ്വാഗതവും വൈസ് റെക്ടർ റവ.ഫാ. തോമസ് സ്രാമ്പിക്കൽ കൃതജ്ഞതയും നേർന്നു സംസാരിച്ചു. റവ. ഫാ. തോമസ് കുത്തുകല്ലുങ്കൽ, റവ. ഫാ. റ്റോജി പുതിയാപറമ്പിൽ, റവ. ഫാ. ജോർജ് വല്ലയിൽ, ബ്രദർ അലൻ നടുവിലേവീട് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. 2022 മെയ് അഞ്ചാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരു വർഷത്തിലേറെ നീണ്ടു നിന്ന ജൂബിലിയാചരണത്തിനാണ് ഇന്നലെ (ഓഗസ്റ്റ് 17) സമാപനം കുറിച്ചത്.