ലോകത്തെ കീഴടക്കി കോവിഡ് മഹാമാരി കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം
Friday 30 April 2021
ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, പ്രിയ സഹോദരീ സഹോദരന്മാരേ,
രോഗവ്യാപനത്തില്‍ ഒരുപക്ഷേ ലോകചരിത്രത്തില്‍ത്തന്നെ ഒന്നാം സ്ഥാനത്താകാം കോവിഡ് - 19 എന്ന മഹാമാരി. അത് ഏറ്റവും രൂക്ഷമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാന്‍ തീവ്രശ്രമം നടത്തുമ്പോഴും ലക്ഷങ്ങളാണ് ഓരോ ദിവസവും നമ്മുടെ രാജ്യത്ത് കോവിഡിന് ഇരയാകുന്നത്. അവരില്‍ ആയിരങ്ങള്‍ ഓരോ ദിവസവും മരണത്തിനും കീഴ്‌പ്പെടുന്നു. ഗുരുതരമായ അവസ്ഥയാണിത്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കോവിഡിനെതിരെ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം.
മാനുഷികമായ എല്ലാ സാദ്ധ്യതകളും ആരോഗ്യപാലനമേഖലയുടെഎല്ലാ നേട്ടങ്ങളും ഉപയോഗപ്പെടുത്തിയാലും ഈ മഹാമാരിയെ പൂര്‍ണ്ണമായും വരുതിയിലാക്കാന്‍ കഴിയണമെന്നില്ല. ശാസ്ത്രം പരാജയപ്പെടുന്നിടത്ത് ദൈവത്തിന്റെ കൃപ അത്ഭുതം പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു ജീവിതാനുഭവങ്ങളാണ്. ഈശോയുടെ പരസ്യജീവിതകാലശുശ്രൂഷയില്‍ സുപ്രധാനമായിരുന്നു രോഗികളെ സുഖപ്പെടുത്തുക എന്നത്. ദൈവത്തിന്റെ സ്‌നേഹവും മഹത്വവും വെളിപ്പെടുത്തിയ സംഭവങ്ങളായിരുന്നു രോഗശാന്തികള്‍. ഈശോയുടെ നാമത്തില്‍ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കും എന്നത് ഈശോ തന്നെ പഠിപ്പിച്ചിട്ടുള്ളതാണ്. അങ്ങനെ ശ്ലീഹന്മാരിലൂടെ സംഭവിച്ച അത്ഭുതകരമായ രോഗശാന്തിയുടെ വിവരണങ്ങള്‍ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിലുണ്ട്. ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നതും ദൈവവചനമാണ്. നിനവേ നിവാസികള്‍ നാശത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടത് 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന വഴിയാണ്.
വിശ്വാസത്തോടും വിനയത്തോടും അനുതാപത്തോടും കൂടിയും, മടുപ്പുകൂടാതെയും നിരന്തരമായും പ്രാര്‍ത്ഥിക്കണമെന്നു പഠിപ്പിക്കുന്ന സംഭവങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ തൊട്ട് സൗഖ്യം നേടിയ രക്തസ്രാവക്കാരി സ്ത്രീയുടെയും ഈശോയില്‍ നിന്ന് മകള്‍ക്ക് സൗഖ്യം നേടിയ കാനാന്‍കാരി സ്ത്രീയുടെയും വിശ്വാസത്തെ ഈശോ പ്രകീര്‍ത്തിച്ചു. മടുത്തു പിന്‍വാങ്ങാതെ ആവര്‍ത്തിച്ച് അപേക്ഷിച്ച് കരുണയില്ലാത്ത ന്യായാധിപനില്‍നിന്ന് നീതി നേടിയ വിധവയായ സ്ത്രീയുടെ ഉപമയിലൂടെ മടുപ്പുകൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന പാഠം ഈശോ പഠിപ്പിച്ചു.
ചുങ്കക്കാരന്റെയും പ്രീശന്റെയും ഉപമയിലൂടെ എളിമയോടും അനുതാപത്തോടും കൂടിയ പ്രാര്‍ത്ഥനയാണ് ദൈവത്തിനു സ്വീകാര്യമെന്നും ഈശോ പഠിപ്പിച്ചു.
പ്രിയപ്പെട്ട സഹോദരങ്ങളേ, പ്രാര്‍ത്ഥനയുടെ ശക്തിയും പ്രാധാന്യവും നമ്മള്‍ വിസ്മരിക്കരുത്. 'ലോകം കരുതുന്നതിനേക്കാള്‍ വളരെയധികം കാര്യങ്ങള്‍ പ്രാര്‍ത്ഥന മൂലം സാധിക്കു'മെന്നത് പതിരില്ലാത്ത അനുഭവജ്ഞാനമാണ്. മേല്‍പ്പറഞ്ഞ മനോഭാവത്തോടെയും ഏകമനസ്സോടെയും ദൈവസന്നിധിയില്‍ നമുക്ക് അണിചേരാം. 'ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും; അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍നിങ്ങള്‍ക്ക് തുറന്നുകിട്ടും' (മത്തായി 7:7) എന്നുള്ള കര്‍ത്താവിന്റെ വാക്കുകള്‍ നമുക്ക് ശക്തിയും പ്രത്യാശയും നല്‍കുന്നു. കര്‍ത്താവിന്റെ നാമത്തില്‍ ചോദിക്കാനും അന്വേഷിക്കാനും മുട്ടാനും നമുക്ക് സാധിക്കണം. വിദ്വേഷവും സ്വാര്‍ത്ഥതയും വെടിഞ്ഞ്, സ്‌നേഹത്തിലും സാഹോദര്യത്തിലും ഏകഹൃദയത്തോടെ അതിരൂപതാ മക്കളെല്ലാവരും ഒരു കുടുംബമായി, പ്രാര്‍ത്ഥനാനിരതരായി ദൈവസന്നിധിയിലായിരിക്കാം. 'പെറ്റമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഞാന്‍ നിങ്ങളെ മറക്കുകയില്ല' (ഏശയ്യാ 49:15) എന്നു പറഞ്ഞ ദൈവ പിതാവിന്റെ സന്നിധിയില്‍ ശിശുസഹജമായ മനോഭാവത്തോടെ നമുക്ക് അണിചേരാം.
''അപ്പം ചോദിക്കുന്ന മകന് നിങ്ങളിലാരെങ്കിലും കല്ലു കൊടുക്കുമോ? മകന്‍ മീന്‍ ചോദിച്ചാല്‍ അവന് പാമ്പിനെ പിടിച്ചു കൊടുക്കുമോ? മക്കള്‍ക്കു നല്ലതു കൊടുക്കണമെന്നു പാപികളായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്ര അധികമായി നന്മകള്‍ നല്‍കും!''(മത്താ 7:9-11). വിശ്വസിക്കുന്നവര്‍ക്ക് നമ്മുടെ കര്‍ത്താവിന്റെ ഈ വാക്കുകള്‍ ബലമാണ്; ആശ്രയിക്കുന്നവര്‍ക്ക് സങ്കേതമാണ്.
കൊറോണ വൈറസ് സംഹാരതാണ്ഡവമാടുമ്പോഴും ചില സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു: മനുഷ്യന്‍ കല്‍പിക്കുന്ന വലുപ്പച്ചെറുപ്പങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലെന്ന്. സ്ത്രീയും പുരുഷനും, കറുത്തവനും വെളുത്തവനും, അടിമയും സ്വതന്ത്രനും, രാജാവും പ്രജയും, സമ്പന്നനും ദരിദ്രനും, പണ്ഡിതനും നിരക്ഷരനും, മേല്‍ജാതിയും കീഴ്ജാതിയും എല്ലാവരും കൊറോണ വൈറസിന് ഒരുപോലെയാണ്.
'അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്തായി 11:28) എന്നുള്ള ഈശോയുടെ ക്ഷണം സ്വീകരിച്ച്, സ്‌നേഹത്തോടും വിശ്വാസത്തോടും പ്രത്യാശയോടുംകൂടി നാഥന്റെ പക്കലണയാം.
പ്രിയപ്പെട്ട സഭാമക്കളേ,
നമ്മുടെയും മറ്റുള്ളവരുടെയും വേദനകളും സഹനങ്ങളും രോഗപീഡകളും ദൈവ തിരുമുന്‍പില്‍ സമര്‍പ്പിക്കാം. മരണമടഞ്ഞവരെയും രോഗബാധിതരെയും കര്‍ത്താവിന്റെ കരങ്ങളിലേല്‍പ്പിക്കാം. ധൂര്‍ത്തപുത്രനെപ്പോലെയും സക്കേവൂസിനെപ്പോലെയും പശ്ചാത്തപിക്കുന്ന ഹൃദയത്തോടെ കര്‍ത്താവിന്റെ പക്കല്‍ ആയിരിക്കാം. കാനായിലെ കല്യാണ വിരുന്നില്‍ മറിയം മാധ്യസ്ഥ്യം വഹിച്ചതുപോലെ സഭയാകുന്ന അമ്മ എല്ലാ സഭാമക്കള്‍ക്കുവേണ്ടിയും എപ്പോഴും മാധ്യസ്ഥ്യം വഹിക്കുന്നുണ്ട്. പരിശുദ്ധ അമ്മയോടും സഭയോടും ചേര്‍ന്ന് അതിരൂപതാകുടുംബം മുഴുവന്‍ നമ്മുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മെയ് ഒന്നുമുതല്‍ പന്തക്കുസ്താതിരുനാളായ മെയ് 23 വരെ തീവ്രമായ ഒരു പ്രാര്‍ത്ഥനയജ്ഞത്തില്‍ കോവിഷീല്‍ഡായി അണിചേരുകയാണ്. വിത്തിന്റെയും വിളകളുടെയും സംരക്ഷകയായ പരിശുദ്ധ കന്യാമാതാവിന്റെ അനുസ്മരണ ദിനമായ മെയ് 15 ന് പരിശുദ്ധ അമ്മയോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാം. തിരുസഭയുടെ പാലകനായ മാര്‍ യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം തീര്‍ച്ചയായും നമ്മോടൊപ്പമുണ്ടാകും.
പ്രിയപ്പെട്ട സഹോദരങ്ങളേ,
കോവിഡ് പ്രോട്ടോക്കോളില്‍ സാധാരണ മനുഷ്യബന്ധങ്ങള്‍ അസാധ്യമാകുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്നല്ലോ എന്ന് ചിന്തിച്ച് വിഷമിക്കരുത്. ദൈവവും സഭയും നമ്മുടെ കൂടെയുണ്ട്. സഭയോട് ചേര്‍ന്നിരിക്കുമ്പോള്‍ ഓരോരുത്തരും മറ്റെല്ലാവരോടുമൊപ്പമാണ്. കാരണം, സഭയില്‍ നമ്മള്‍ ഏകശരീരമാണല്ലോ. ശരീരത്തിലെ അവയവങ്ങളെപ്പോലെ നമ്മള്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ഈബന്ധം വളരും, വളര്‍ത്താം. അതിരൂപതാകുടുംബം മുഴുവന്‍ നിങ്ങളോരോരുത്തരോടും കൂടിയുണ്ട്. വൈദികരും സിസ്‌റ്റേഴ്‌സും പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നു. പിതാക്കന്മാരും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കൂടെയുണ്ട്. 'ലോകം കരുതുന്നതിനേക്കാള്‍ വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനമൂലം സാധിക്കു'മെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനായജ്ഞത്തില്‍ നമുക്കു പങ്കാളികളാകാം.
താഴെപ്പറയുന്ന രീതിയില്‍ ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ എല്ലാവര്‍ക്കും പങ്കുചേരാവുന്നതാണ്.
1. മേയ് 1 ശനിയാഴ്ച മുതല്‍ 23 പന്തക്കുസ്താ ഞായറാഴ്ചവരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 4 മണി വരെയാണ് പ്രാര്‍ത്ഥനായജ്ഞം. അരമനക്കപ്പേളയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്നതിരുമണിക്കൂറില്‍ ആര്‍ക്കും ലോകത്തിലെവിടെയായിരുന്നാലും ആത്മനാ പങ്കെടുക്കാവുന്നതാണ്.
2. വിവിധ ഫൊറോനകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം താഴെച്ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. വൈദികരും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നവരും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി തിരുമണിക്കൂര്‍ ഫലപ്രദമായി നടത്താന്‍ സഹായിക്കേണ്ടതാണ്.
3. അതിരൂപതയിലെ എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് അവരവരുടെ ഫൊറോനയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ദിവസമെങ്കിലും സൗകര്യപ്രദമായ സമയത്ത് തിരുമണിക്കൂര്‍ നടത്താന്‍ താല്പര്യമെടുക്കണം. ആ ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നത് ഉചിതമായിരിക്കും. അതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ ഫൊറോനാവികാരിമാര്‍ ശ്രദ്ധിക്കണം.
4. ഭാരതകത്തോലിക്കാമെത്രാന്‍ സമിതി (ഇആഇക) ആഹ്വാനം ചെയ്തിരിക്കുന്ന മേയ് 7-ാം തീയതിയിലെ ഉപവാസപ്രാര്‍ത്ഥനാദിനാചരണത്തില്‍ എല്ലാവരും പങ്കുചേരാന്‍ ഉത്സാഹിക്കണം.
5. എല്ലാ സമര്‍പ്പിതഭവനങ്ങളും തിരുമണിക്കൂര്‍ നടത്തിക്കൊണ്ട് പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കുചേരാന്‍ ശ്രദ്ധിക്കുമല്ലോ.
ഏകമനസ്സോടെയുള്ള നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നുള്ള ഉറച്ചവിശ്വാസത്തോടെ കോവിഷീല്‍ഡായി നമുക്ക് അണിചേരാം.